19 April Friday

വീട്ടിൽ ആരോഗ്യകരമായ ബന്ധം വളർത്തണം; ആരോഗ്യ പ്രവർത്തകരെ നിന്ദിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


തിരുവനന്തപുരം
വീട്ടിൽ കഴിയുന്നവർ  ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ അന്തരീക്ഷവും ഉയർത്തിക്കൊണ്ടുവരാൻ  ശ്രദ്ധിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മുതിർന്നവർ അക്കാര്യം ശ്രദ്ധിക്കണം. ഏറ്റവും പ്രധാനം പരസ്പരം ആശയവിനിമയമാണ്. എല്ലാവരുംകൂടി കാര്യങ്ങൾ സംസാരിക്കുക, ചർച്ച ചെയ്യുക, കുട്ടികളുമായി ആവശ്യമായ കാര്യങ്ങൾ പങ്കുവയ്ക്കുക. കുറച്ച് സമയം അതിനുവേണ്ടി മാറ്റിവയ്‌ക്കുക. ഇതെല്ലാം വീടുകളിൽ നല്ല അന്തരീക്ഷം ഉണ്ടാക്കും.

● പല വീടുകളിലും സ്ത്രീകൾമാത്രമാണ് ജോലി ചെയ്യുന്നത്.  അല്പം ചില വീട്ടുകാര്യങ്ങളിൽ സഹായിക്കുന്നത് സ്ത്രീജനങ്ങൾക്ക് സഹായമാകും. 
● മദ്യാസക്തിയുള്ള ആളുകൾ വീടിനടുത്തുള്ള വിമുക്തികേന്ദ്രവുമായി ബന്ധപ്പെടണം. അങ്ങനെ മദ്യാസക്തിയിൽനിന്ന് മോചനം നേടാൻ  ഈ ഘട്ടത്തിൽ ശ്രമിക്കണം.
● അപൂർവം വീടുകളിൽ ഗാർഹിക അതിക്രമമുണ്ടാകാൻ സാധ്യതയുണ്ട്. സ്ത്രീകളും കുട്ടികളും പലപ്പോഴും അതിന് ഇരയാവുകയാണ്. അത്തരം കാര്യങ്ങൾ ഇല്ലാതിരിക്കാൻ ജാഗ്രതവേണം.
● പെൻഷൻ വാങ്ങുന്നവരിൽ മഹാഭൂരിഭാഗവും മുതിർന്നവരും ആരോഗ്യപ്രശ്നമുള്ളവരുമായതിനാൽ അവരെ മറ്റുള്ളവർ സഹായിക്കണം.

ആരോഗ്യ പ്രവർത്തകരെ നിന്ദിക്കരുത്‌
തിരുവനന്തപുരം
ആശുപത്രികളിൽ  ഡോക്ടർമാരെയും മറ്റ്‌ മെഡിക്കൽ ജീവനക്കാരെയും പരിഹസിക്കുന്നത്‌ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  സ്വന്തം ജീവൻ  അപായപ്പെടുത്തിയുള്ള പ്രവർത്തനത്തിലാണ് ഡോക്ടർമാരും മറ്റും  ഏർപ്പെടുന്നത്. ഇതിൽപ്പരമൊരു ത്യാഗമില്ല. ഈ ത്യാഗം ചെയ്യുന്നവരെ സമ്പന്നർ എന്ന്‌ സ്വയം കരുതുന്ന ചിലർ  പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നുണ്ട്‌. ഇത്  ആപൽക്കരമാണ്. ആരോഗ്യപ്രവർത്തകരെ ആദരിച്ചില്ലെങ്കിലും നിന്ദിക്കരുത്‌. ഇത്തരം നടപടി ഗൗരവമായി സർക്കാർ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top