27 April Saturday

മതനിരപേക്ഷത കൈവിട്ട് വര്‍ഗീയതയോട് സമരസപ്പെട്ടിരിക്കയാണ് കോണ്‍ഗ്രസ്; ബിജെപിക്ക് ബദലല്ല: പിണറായി

പ്രത്യേകലേഖകന്‍Updated: Wednesday Jan 12, 2022

ഇ എം എസ് നഗര്‍(കോഴിക്കോട്)> ആഗോളവല്‍ക്കരണനയത്തിലും വര്‍ഗീയതയിലും ഒരേ നിലപാടുള്ള കോണ്‍ഗ്രസ്  ബിജെപിക്ക് ബദലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ ആഗോളവല്‍ക്കരണ സാമ്പത്തികനയം നടപ്പാക്കുന്നതില്‍ രണ്ട് കൂട്ടരുമൊരുപോലെയാണ്.   മതനിരപേക്ഷത കൈവിട്ട് വര്‍ഗീയതയോട് സമരസപ്പെട്ടിരിക്കയാണ്  കോണ്‍ഗ്രസ്. ബിജെപി  എന്നോ കോണ്‍ഗ്രസ് എന്നോ ഉള്ള പേരില്ലല കാര്യം, നയമാണ് പ്രധാനം.

 ആഗോളവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയവും ജനദ്രോഹവുമാണീ കക്ഷികളുടെ മുഖമുദ്ര. ഈ നയങ്ങള്‍ തെറ്റാണെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ എന്നതാണ് ചോദ്യം. ബദല്‍ നയങ്ങളുയര്‍ത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണ്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബദല്‍നയങ്ങള്‍  പ്രാവര്‍ത്തികമാക്കി. ഇടതുപക്ഷത്തിനാപ്പം പ്രാദേശിക കക്ഷികളും മതനിരപേക്ഷ ശക്തികളും ചേര്‍ന്നാല്‍  വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാനാകും. ഇത്തരമൊരു ബദലിന്റെ  പ്രസക്തി വര്‍ധിപ്പിക്കുന്നതാണ് യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായികാണുന്ന മാറ്റങ്ങള്‍-പിണറായി പറഞ്ഞു . സിപിഐ എം ജില്ലാസമ്മേളന സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

 ദ്രോഹനയങ്ങളുമായി ജനങ്ങളെയാകെ  മോഡി സര്‍ക്കാര്‍ ഇന്ന് പാപ്പരീകരിക്കയാണ്.  കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ സമാന സാഹചര്യമാണ് സൃഷ്ടിച്ചിരുന്നത്. അന്നുണ്ടായ ജനരോഷം ഉപയോഗിച്ചാണ് ബിജെപി അധികാരത്തില്‍ വന്നതെന്നത് മറക്കരുത്. കോണ്‍ഗ്രസ്  തുടക്കമിട്ട ആഗോളവല്‍ക്കരണ നയം കോര്‍പറേറ്റ് വല്‍ക്കരണമാക്കി വാശിയോടെ നടപ്പാക്കുകയാണ് ബിജെപി. ഭരണത്തില്‍ എല്ലാവരും സഹികെട്ട് അമര്‍ഷത്തിലാണ്. ഇനിയും മോഡി സര്‍ക്കാര്‍ വന്നാല്‍ രാജ്യത്തിന്റെസര്‍വ്വനാശമാകും. മഹാശക്തിയല്ലെങ്കിലും വര്‍ഗീയതയെ നേരിടുന്നതിലും സാമ്പത്തിക നയത്തിലും സിപിഐ എമ്മിന് ഉറച്ച നിലപാടാണ്  .ഇത് സിപിഐ എമ്മിന്റെ വിശ്വാസ്യത കൊടുമുടിയോളമുയര്‍ത്തി.

 ഇടതുപക്ഷത്തിന്റെ ഈ വിശ്വാസ്യതയ്‌ക്കൊപ്പം പ്രാദേശികകക്ഷികളെ യോജിപ്പിച്ച് ബിജെപിയെ നേരിടാനുള്ള മഹാശക്തിയായി മാറാനാകും. അതേസമയം ഏറ്റവുമധികം വിശ്വാസ്യത്തകര്‍ച്ച സംഭവിച്ച പാര്‍ടിയാണ് കോണ്‍ഗ്രസെന്നും  അദ്ദേഹം പറഞ്ഞു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top