06 June Tuesday

പേരുമാറിയുള്ള ഭരണമല്ല ആവശ്യം; ബദൽ നയങ്ങളോടെ ഒരു മതനിരപേക്ഷ സർക്കാർ ആണ്‌ കേന്ദ്രത്തിൽ വരേണ്ടത്‌: പിണറായി

വെബ് ഡെസ്‌ക്‌Updated: Monday Apr 1, 2019

കോലഞ്ചേരി> കേന്ദ്രത്തിൽ ഭരണത്തിന്റെ പേര്‌ വെറുതെ മാറിയതുകൊണ്ട്‌ മാത്രം  കാര്യമില്ലെന്നും  ബദൽ നയങ്ങളോടെയുള്ള സെക്കുലർ സർക്കാർ ആണ്‌ അധികാരത്തിൽ വരേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന്‌ പര്യാപ്‌തമായവരെ തെരഞ്ഞെടുക്കണമെന്നും ചാലക്കുടി മണ്‌ഡലത്തിലെ എൽഡിഎഫ്‌ സ്‌ഥാനാർത്ഥി ഇന്നസെൻറിന്‌ വോട്ടഭ്യർത്ഥിച്ച്‌ കോലഞ്ചേരിയിൽ നടന്ന പൊതുയോഗത്തിൽ പിണറായി പറഞ്ഞു.

വർഗീയ നിലപാടെടുക്കുന്ന, ജനാദ്രേഹമായ ബിജെപി ഭരണത്തിന്‌ ഇനിയും തുടർച്ച കിട്ടിയാൽ ഇതിലും മോശമായ അവസ്‌ഥയിലേക്ക്‌ കാര്യങ്ങൾ നീങ്ങുകയാകും ഫലം . അതുകൊണ്ടുതന്നെ രാജ്യസ്‌നേഹികൾ ആയവർ എല്ലാം, രാജ്യത്തിന്റെ  ഒരുമയും ഐക്യവും കാത്തുസൂക്ഷിക്കണമെന്ന്‌ കരുതുന്നവരെല്ലാം,  ഇന്ന്‌ നിലവിലുള്ള ഭരണത്തിന്‌ അന്ത്യം വേണമെന്ന്‌ ആഗ്രഹിക്കുന്നു. എൽഡിഎഫും ഇതാണ്‌ ആഗ്രഹിക്കുന്നത്‌.

നമ്മുടെ രാജ്യത്ത്‌ ഇനി ബിജെപി  ഭരണം തുടർന്ന്‌ കൂടാ. ഇവരെ താഴെ ഇറക്കണം. ഇവരെ താഴെ ഇറക്കിയാൽ  പകരം വരേണ്ടത്‌ ഒരു ബദൽ സംവിധാനമാണ്‌. ബദൽ സംവിധാനം എന്ന്‌ പറയുമ്പോൾ പേരുമാറിയത്‌ കൊണ്ടുമാത്രം കാര്യമില്ല.

പേരു മാറ്റം നാം നേരത്തേയും അനുഭവിച്ചിട്ടുണ്ട്‌. ഇവുടെ ബദൽ നയങ്ങൾ ആണ്‌ വേണ്ടത്‌. ബദൽ നയത്തോടെ ഒരു മതനിരപേക്ഷ ഭരണമാണ്‌ നിൽവിൽ വരേണ്ടത്‌. ഒരു ബദൽ നയമില്ലാത്തതിന്റെ കെടുതി അതാണ്‌ രാജ്യം കഴിഞ്ഞ കുറെ കാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌.

ഇവിടെ 2014ഇൽ ആണ്‌ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ വന്നത്‌. ഒന്ന്‌ നാം ഓർക്കണം.  2009 മുതൽ 2014 വരെയുള്ള ഘട്ടത്തിൽ  ഒരു ഗവർമെൻറ്‌ ഇവിടെ ഉണ്ടായിരുന്നു. എത്രമാത്രം ജനദ്രോഹമായിരുന്നു ആ ഗവൺമെൻറ്‌.രാജ്യത്താകെ എതിർപ്പ്‌. അത്‌ കോൺഗ്രസിന്റെ  നേതൃത്വത്തിൽ ഉള്ള ഗവൺമെൻറായിരുന്നു. പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ അടക്കം ജനദ്രോഹഭരണമായിരുന്നു അത്‌.കേന്ദ്രമന്ത്രിമാരടക്കം ഉൾപ്പെട്ട നിരവധി അഴിമതികൾ. കർഷകർ ജീവിക്കാൻ നിവൃത്തിയില്ലാതെ ആത്‌മഹത്യ ചെയ്യേണ്ടി വന്നു.എല്ലാ വിഭാഗം തൊഴിലാളികളും പ്രക്ഷോഭത്തിലേക്ക്‌ ഇറങ്ങേണ്ടിവന്നു.  എല്ലാ വിഭാഗം ജനങ്ങളും  അസംതൃപ്‌തർ.

ജനങ്ങളുടെ ഈ അസംതൃപ്‌തിയാണ്‌ ബിജെപി മുതലെടുത്തത്‌. തെരഞ്ഞെടുപ്പിൽ ബിജെപി പറഞ്ഞു. ഇതിനെല്ലാം ഞങ്ങൾ മാറ്റം കുറിക്കും. അതിനായി വലിയ വലിയ വാഗ്‌ദാനങ്ങൾ നൽകി. കള്ളപണം പിടിച്ചാൽ ഓരോരുത്തരുടെ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ വരുമെന്നതടക്കം വാഗ്‌ദാ്നങ്ങൾ . പക്ഷെ ഒന്നും നടന്നില്ല. 2014 വരെയുള്ള ഭരണം അങ്ങിനെതന്നെ തുടർന്നു. ഒരു മാറ്റവും ഉണ്ടായില്ല. എന്തുകൊണ്ടാണ്‌  മാറ്റമുണ്ടാകാതിരുന്നത്‌. കോൺഗ്രസിന്റെയും ബിജെപിയുടേയും നയം ഒന്നാണ്‌. ഒരേ സാമ്പത്തികനയമാണ്‌ ഇരുവരുടേതും.  ആഗോളവത്‌കരണത്തിന്റെ അടിസ്‌ഥാനത്തിലുള്ള ഉദാരവത്‌കരണമാണ്‌ ഇരുകൂട്ടരും സ്വീകരിക്കുന്നത്‌. അതിന്റെ കെടുതിയാണ്‌ ജനം അനുഭവിക്കുന്നത്‌.

കേന്ദ്രഭരണത്തിൽ ഒരു പേരുമാറി മറ്റൊരുപേരുവരലല്ല ആവശ്യം. ബദൽ നയങ്ങളോടെ ഒരു സെക്കുലർ ഭരണം വരണം. അതാണ്‌ ഇടതുപക്ഷ ജനാധിപത്യമുന്നണി ആഗ്രഹിക്കുന്നത്‌.  പിണറായി പറഞ്ഞു.

നമ്മൾ തെരഞ്ഞെടുത്ത്‌ അയക്കുന്നവർ വിശ്വസ്‌തരായിരിക്കണം. ബിജെപി കണക്ക്‌ കൂട്ടാൻ മിടുക്കരാണ്‌. കണക്ക്‌കൂട്ടാൻ മാത്രമല്ല; കോടി നീട്ടാനും മിടുക്കരാണ്‌. ആ പണത്തിൽ  വീഴാത്തവരാകണം തെരഞ്ഞെടുത്ത്‌ അയക്കുന്നവർ. കോൺഗ്രസിൽ ആരുണ്ടങ്ങനെ .കേരളത്തിലടക്കം പലരും മറുകണ്ടം ചാടാൻ തയ്യാറായി നിൽക്കുന്നവരല്ലേ. അതുകൊണ്ട്‌ വോട്ട്‌ പാഴാക്കി കളയരുത്‌. ബദൽ നയമുള്ള ബദൽ സർക്കാർ എന്നു പറയുന്നതിന്‌ ഉദാഹരണമാണ്‌ ഇപ്പോഴത്തെ സംസ്‌ഥാന സർക്കാരെന്നും  പിണറായി പറഞ്ഞു.

യുഡിഎഫ്‌ സർക്കാർ ഭരിച്ചിരുന്നപ്പോൾ അഴിമതിയിൽ മുങ്ങി കിടന്നിരുന്ന സംസ്‌ഥാനം ഇന്ന്‌ ഇന്ത്യാ ഗവൺമെൻറിന്റെ കണക്കുപ്രകാരം മികച്ച സംസ്‌ഥാനമാണ്‌. ഒരു അഴിതിയും കേൾക്കാനില്ല. നാടിന്റെ വികസനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി വലിയ പുരോഗതിയിലേക്ക്‌ കടക്കുന്നു. ഇതാണ്‌ ബദൽ നയങ്ങളും ബദൽ സർക്കാറും . പിണറായി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top