20 April Saturday

അനീതികൾക്കെതിരെ സ്വജീവിതം സമർപ്പിച്ച അതുല്യനായ കമ്മ്യൂണിസ്റ്റ്‌; ചടയൻ ഗോവിന്ദനെ ഓർമ്മിച്ച്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Sep 9, 2021

തിരുവനന്തപുരം > സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ഓർമ്മകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികളിൽ ആത്‌മധൈര്യവും രാഷ്ട്രീയ നൈതികതയും കൈവിടാത്ത അസാമാന്യമായ നേതൃപാടവവും സംഘാടകമികവുമുള്ള നേതാവായിരുന്നു ചടയൻ ഗോവിന്ദനെന്ന്‌ മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം:

ഇന്ന് സഖാവ് ചടയൻ ഗോവിന്ദൻ്റെ ചരമദിനമാണ്. തൊഴിലാളിവർഗ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കും സാമൂഹിക അനീതികൾ തുടച്ചു നീക്കുന്നതിനുമായി സ്വജീവിതം സമർപ്പിച്ച അതുല്യനായ കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് ചടയൻ.
നാറാത്ത്‌ പഞ്ചായത്തിലെ കമ്പില്‍ കുഞ്ഞപ്പയുടെയും കല്യാണിയുടെയും മകനായി 1931-ൽ സഖാവ് ജനിച്ചു. ദാരിദ്ര്യം നിറഞ്ഞ ബാല്യകാലം അദ്ദേഹത്തെ വളരെ ചെറുപ്പത്തിലേ തൊഴിൽ കണ്ടെത്താൻ നിർബന്ധിതനാക്കി. ജീവിതാവസ്ഥകളും അന്നത്തെ സാമൂഹ്യസാഹചര്യങ്ങളും ചടയനെ കമ്മ്യൂണിസം മുന്നോട്ടു വയ്ക്കുന്ന വിപ്ലവകരമായ ആശയങ്ങളിൽ ആകൃഷ്‌ട്‌നാക്കി.

1948-ൽ പതിനേഴാമത്തെ വയസ്സിൽ അദ്ദേഹം പാർടി സെല്ലിൽ അംഗമായി. തുടർന്ന് സമരതീക്ഷ്ണമായ നിരവധി അനുഭവങ്ങളിലൂടെ തന്നിലെ കമ്മ്യൂണിസ്റ്റിനെ രാകിമിനുക്കി മൂർച്ചയേറ്റിയ സഖാവ് ചടയൻ പ്രസ്ഥാനത്തിൻ്റെ നേതൃനിരയിൽ അധികം താമസിയാതെയെത്തി. അക്കാലയളവിൽ കൊടിയ മർദ്ദനങ്ങൾക്കും ജയിൽ വാസങ്ങൾക്കും സഖാവ് ഇരയായി. ഒരുപാട് കാലം ഒളിവിൽ കഴിയേണ്ടിയും വന്നു.

1964-ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി. 1977-ല്‍ കണ്ണൂര്‍ ഏരിയാ സെക്രട്ടറിയായും 78-ല്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗമായും സംസ്ഥാന കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 1979 സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1985-ല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗമായി. 1996-ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പട്ട സഖാവ് ചടയൻ 1998 സെപ്‌തംബർ 9-ന് മരണമടയുന്നത് വരെ ആ സ്ഥാനത്ത് തുടർന്നു.
പ്രതിസന്ധികളിൽ ആത്‌മധൈര്യവും രാഷ്ട്രീയ നൈതികതയും കൈവിടാത്ത അസാമാന്യമായ നേതൃപാടവവും സംഘാടകമികവും അദ്ദേഹത്തിനുണ്ടായിരുന്നു.

സഖാവ് ചടയനൊപ്പം പതിറ്റാണ്ടുകൾ ഒന്നിച്ചു പ്രവർത്തിക്കാൻ സാധിച്ചത് കൊണ്ട് ഇതെല്ലാം തൊട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്. അസാധാരണമായ വെല്ലുവിളികളെ നേരിടുന്ന ഈ കാലത്ത് സഖാവ് ചടയന്റെ ജീവിതം അവയെ നേരിടാനും മറികടക്കാനും നമുക്ക് കരുത്തു പകരും. സഖാവിൻ്റെ ഓർമ്മകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top