08 December Friday

ബിജെപിയും കോൺഗ്രസും സംസ്ഥാന
താൽപ്പര്യത്തിനെതിര്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം തലശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുന്നു

തലശേരി
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങളെ എതിർക്കാതെ ഒത്തുകളിക്കുന്ന നിലപാടാണ്‌ കോൺഗ്രസ്‌ സ്വീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിജെപിയുടെ മനസ്സിൽ ചെറിയ നീരസംപോലും ഉണ്ടാക്കരുതെന്ന നിർബന്ധത്തോടെയാണ്‌ കോൺഗ്രസ്‌ നീങ്ങുന്നത്‌. സംസ്ഥാനത്തിന്‌ എന്തുസംഭവിച്ചാലും ബിജെപിയോട്‌ സമരസപ്പെട്ടുപോകണമെന്ന ചിന്തമാത്രമേയുള്ളൂ. കേരളത്തിന്റെ പുരോഗതിക്കെതിരായ സമീപനമാണ്‌ കോൺഗ്രസും ബിജെപി യും സ്വീകരിക്കുന്നത്‌. നാടിന്റെ നന്മ ലക്ഷ്യമാക്കിയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ ബഹിഷ്കരിക്കുകയാണ്‌ ഇരുകൂട്ടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടിയേരി ബാലകൃഷ്‌ണൻ അനുസ്‌മരണ സമ്മേളനം തലശേരി പുതിയ ബസ്‌സ്‌റ്റാൻഡിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം കേരളത്തെ 
ശ്വാസംമുട്ടിക്കുന്നു

ന്യായമായ കേന്ദ്രവിഹിതം അനുവദിക്കാതെ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുകയാണ്‌ കേന്ദ്രം. വിവേചനപരവും പ്രതിഷേധാർഹവുമായ ഈ നിലപാട്‌ പാർലമെന്റിൽ ഉന്നയിക്കണമെന്നും കേന്ദ്ര ധനമന്ത്രിക്ക്‌ നിവേദനം നൽകണമെന്നും എംപിമാരുടെ യോഗത്തിൽ ആവശപ്പെട്ടപ്പോൾ എല്ലാവരും സമ്മതിച്ചതാണ്‌. മെമ്മോറാണ്ടം തയ്യാറാക്കിയപ്പോൾ ഒപ്പിടാൻ കോൺഗ്രസുകാർ തയ്യാറായില്ല. നവകേരളത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്ന സെമിനാറുകളും മണ്ഡലങ്ങളിൽ നിശ്‌ചയിച്ച നവകേരള സദസും ബഹിഷ്‌കരിക്കുന്നു. നാടിന്റെ പുരോഗതിക്കൊപ്പം നിൽകാനുള്ള മനസ്‌ ബിജെപിക്കും കോൺഗ്രസിനുമില്ല. വ്യത്യസ്‌തമായ നിലപാട്‌ സ്വീകരിക്കുന്ന എൽഡിഎഫ്‌ സർക്കാരിനോടുള്ള വിരോധമാണ്‌ സംസ്ഥാനത്തോടും ജനങ്ങളോടുമുള്ള കേന്ദ്രത്തിന്റെ പകയായി മാറുന്നത്‌.

  ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കമാണ്‌ ബിജെപി സർക്കാർ നാട്ടിൽ സൃഷ്‌ടിക്കുന്നത്‌. ജനങ്ങൾക്ക്‌ നൽകുന്ന ക്ഷേമ പെൻഷനെതിരെയടക്കം നിലപാട്‌ സ്വീകരിക്കുന്നു. വൻകിട കുത്തകകളുടെ ബാങ്ക്‌ വായ്‌പകൾ എഴുതിത്തള്ളാൻ ഒരുമടിയുമില്ലാത്തവരാണ്‌ 1,600 രൂപ ക്ഷേമ പെൻഷൻ നൽകുന്നതിനെ കുറ്റപ്പെടുത്തുന്നത്‌. ഏതൊരു സർക്കാരും പാവപ്പെട്ടവർക്കാണ്‌ മുൻഗണന നൽകേണ്ടത്‌. 60 ലക്ഷംപേർക്ക്‌ ക്ഷേമ പെൻഷൻ നൽകുന്നതിലൂടെ കേരളം അതാണ്‌ നിർവഹിക്കുന്നത്‌. അതിദരിദ്രാവസ്ഥയിൽ കഴിയുന്നവരെ അതിൽനിന്ന്‌ മോചിപ്പിക്കാനുള്ള പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. വലതുപക്ഷ സർക്കാരുകൾക്ക്‌ ചിന്തിക്കാനാകുന്നതല്ല ഇതൊന്നും. ഇത്തരം കാര്യങ്ങൾ നിർവഹിക്കുന്നതിനാലാണ്‌ സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top