20 April Saturday
ദക്ഷിണേന്ത്യയിലെ സംഘപരിവാറിന്റെ 
 പരീക്ഷണ ഭൂമിയായി കർണാടകം മാറുന്നു

ഹിജാബ് അക്രമം ഭിന്നത കൂട്ടാൻ ; സംഘപരിവാർ സംഘടനകൾ വർഗീയ 
വികാരത്തിന്റെ ഫാക്ടറികളായി : പിണറായി വിജയൻ

വിനോദ് പായംUpdated: Sunday Sep 18, 2022


ബാഗേപ്പള്ളി (ബംഗളൂരു)
ന്യൂനപക്ഷങ്ങൾക്ക്‌ എതിരെയുള്ള ആക്രമണങ്ങൾ രാജ്യത്താകെ വർധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാഗേപ്പള്ളിയിൽ സിപിഐ എം സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ആഹാരവും വസ്ത്രവും ഉൾപ്പെടെയുള്ള പൗരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. അവയുടെ പേരിലുള്ള അതിക്രമങ്ങൾ നിത്യസംഭവങ്ങളായി മാറി. അക്കൂട്ടത്തിലെ പുതിയ അധ്യായമാണ്‌ ഹിജാബിന്റെ പേരിൽ ദക്ഷിണ കർണാടകയിൽ അരങ്ങേറിയ അതിക്രമങ്ങൾ. വർഗീയ ഭിന്നിപ്പ് രൂക്ഷമാക്കാനാണ് ഹിജാബിന്റെ പേരിലുള്ള അക്രമം. അതിന്‌ അധികാരികൾ തന്നെ കൂട്ടുനിൽക്കുന്നു.

ഹിന്ദു ഐക്യവേദി പോലുള്ള സംഘപരിവാർ സംഘടനകൾ വർഗീയ വികാരത്തിന്റെ ഫാക്ടറികളായി. മുസ്ലിം സമുദായത്തെക്കുറിച്ച് ഭീതി പടർത്താൻ ലവ് ജിഹാദ്, നർകോട്ടിക് ജിഹാദ് പോലുള്ള ക്യാമ്പയിനുകൾ സംഘപരിവാറിന്റെ പണിപ്പുരയിൽനിന്ന് പുറത്തിറങ്ങുന്നു. അതേസമയം, രാഷ്ട്രീയ ഇസ്ലാമിന്റെ ഉപാസകരായ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ വിഭാഗങ്ങളുടെ മൗലികവാദ നിലപാടുകളും ഈ ക്യാമ്പയിൻ കൂടുതൽ ശക്തമാക്കാനായി ഉപയോഗിക്കുന്നു. ഒരുതരത്തിലുള്ള വർഗീയവാദവും മറ്റൊന്നിനെ അവസാനിപ്പിക്കില്ല. ആ വസ്തുത സംഘപരിവാർ ഉൾപ്പെടെയുള്ള വർഗീയ സംഘടനകളുടെ വളർച്ച ശരിവയ്ക്കുന്നു. പരസ്പരം സഹകരിച്ചുകൊണ്ടാണ് അവർ നിലനിൽക്കുന്നതും വളരുന്നതും. അതാകട്ടെ ജനങ്ങൾക്ക് നഷ്ടങ്ങളുണ്ടാക്കുന്നു.

ദക്ഷിണേന്ത്യയിലെ സംഘപരിവാറിന്റെ പരീക്ഷണ ഭൂമിയായി കർണാടകം മാറുന്ന ദൗർഭാഗ്യകരമായ കാഴ്ചയാണുള്ളത്. ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ വർഗീയതയിൽ അധിഷ്ഠിതമായ സംഘപരിവാർ രാഷ്ട്രീയം അത്യധികം വിധ്വംസകശേഷിയോടെ അതേ മാതൃകയിൽ  അവർ ഈ നാട്ടിലും നടപ്പാക്കുകയാണെന്നും പിണറായി പറഞ്ഞു.  സിപിഐ എം സംസ്ഥാന സെക്രട്ടറി യു ബസവരാജ് അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top