29 March Friday
സ്ഥിരം മയക്കുമരുന്ന് കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കും

മയക്കുമരുന്നിനെതിരായ പ്രവർത്തനം വീടുകളിൽനിന്ന് തുടങ്ങണം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Monday Sep 19, 2022

പിണറായി > മയക്കുമരുന്നിനെതിരായ പ്രവർത്തനം വീടുകളിൽനിന്ന് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മയക്കുമരുന്ന് മുക്തമായ ഒരു തലമുറയെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പിണറായി എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് കേസുകളിൽ ആവർത്തിച്ച് പ്രതികളാവുന്നവരുടെ കേസ് ഹിസ്റ്ററി കോടതിയിൽ നൽകി ജാമ്യം കിട്ടാത്ത സ്ഥിതിയുണ്ടാക്കും. സ്ഥിരം കുറ്റവാളികളെക്കുറിച്ച്‌ വിവരശേഖരണം നടത്തി ഡാറ്റാബാങ്ക് എക്സൈസും പൊലീസും തയ്യാറാക്കി  സൂക്ഷിക്കും.

മയക്കുമരുന്ന് മാഫിയ ചെറിയ കുട്ടികളെ അടക്കം ഉപഭോക്താക്കളും വാഹകരുമാക്കി മാറ്റുന്നു. സ്കൂളിനകത്ത് മയക്കുമരുന്ന് വ്യാപനം നടക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്.  മയക്കുമരുന്നുപയോഗിക്കുന്നതിൽ ആൺ പെൺ വ്യത്യാസമില്ല എന്നതാണ് വാസ്തവം. ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്ന്‌ കരുതി ആശ്വസിക്കാനാവില്ല. എന്തെങ്കിലും വ്യതിയാനം കുട്ടികളിൽ വരുന്നുണ്ടോ എന്ന് രക്ഷിതാക്കൾ നോക്കണം. ചിലയിടങ്ങളിൽ മയക്കുമരുന്ന് കച്ചവടക്കാർ സ്‌കൂളിനകത്തെത്തുന്നു.  ഇത്തരക്കാരെ അധ്യാപകർക്ക് വേഗം തിരിച്ചറിയാനാകും.  കുട്ടികൾ മയക്കുമരുന്നുപയോഗിക്കുന്നത് കണ്ടാൽ  മിണ്ടാതിരിക്കരുത്. സ്‌കൂൾ പരിസരത്തെ കടകളിൽ മയക്കുമരുന്ന് വിൽപ്പനയുണ്ടായാൽ കട അടപ്പിക്കണം. അത്തരം കാര്യങ്ങൾ അറിയിക്കേണ്ട എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറും വിലാസവും കടകളിൽ പ്രദർശിപ്പിക്കണമെന്നും മുഖ്യമന്ത്രി  പറഞ്ഞു.

ഡോ. വി ശിവദാസൻ എം പി അധ്യക്ഷനായി. കരാറുകാരൻ മുഹമ്മദ് ഷബീൽ, അഖിലേന്ത്യാ ഐടിഐ പരീക്ഷയിൽ വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പിണറായി സ്വദേശി അഭിനന്ദ സത്യൻ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.  ജിഷാ കുമാരി റിപ്പോർട്ടവതരിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ,  മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി പി അനിത, പിണറായി  പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ രാജീവൻ, എക്സൈസ് കമീഷണർ എസ് ആനന്ദകൃഷ്ണൻ, അഡീഷണൽ എക്സൈസ് കമീഷണർ ഡി രാജീവ്, ഉത്തരമേഖലാ ജോയിന്റ്‌ എക്സൈസ് കമീഷണർ ജി പ്രദീപ്, ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ അഗസ്റ്റിൻ ജോസഫ്, കെഎസ്ഇഒഎ  സംസ്ഥാന സെക്രട്ടറി കെ ഷാജി, കെഎസ്ഇഎസ്എ ട്രഷറർ കെ സന്തോഷ് കുമാർ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top