27 February Saturday
8 മാസം; കേന്ദ്രം ഊറ്റിയത് 1.96 ലക്ഷം കോടി

ഇന്ധന വില റെക്കോഡ് ഉയരത്തില്‍ ; ആറുമാസത്തിനുള്ളിൽ ഡീസലിന് 14.17 രൂപ കൂട്ടി

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021


കോവിഡ് പ്രതിസന്ധിക്കിടെ ജനജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്‌. ഇതോടെ സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ റെക്കോഡ്  വർധനായുണാണ്ടായിരിക്കുന്നത്‌.

ഈ മാസം  അഞ്ചാം തവണയാണ് വില കൂട്ടുന്നത്‌. കൊച്ചിയിൽ വെള്ളിയാഴ്ച ഒരുലിറ്റർ പെട്രോളിന്  85.61 രൂപയും ഡീസലിന് 79.77 രൂപയുമായി. തിരുവനന്തപുരത്ത്  87.48, 81.52, കോഴിക്കോട്  85.91,   79.77 രൂപ എന്നിങ്ങനെയാണ്‌ വില.  
ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും നിരവധി പേരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്ത്‌‌‌‌ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ  ഒരുലിറ്റിർ പെട്രോളിന് 4.69 രൂപയും ഡീസലിന് 5.35 രൂപയുമാണ് കൂട്ടിയത്. ലോക്‌ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 25നുശേഷം ഇതുവരെ  പെട്രോളിന് 14.28 രൂപ വർധിപ്പിച്ചു.


 

ആറുമാസത്തിനുള്ളിൽ ഡീസലിന്  14.17 രൂപ കൂട്ടി.
കോവിഡിൽ ലോകത്ത് എണ്ണ ഉപയോ​ഗം കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ ഏപ്രിൽ, മെയ് കാലത്ത്‌ എണ്ണവില  വീപ്പയ്ക്ക് 20 ഡോളറായി കുറഞ്ഞു. അതിനനുസരിച്ച്‌ ഇവിടെയും കുറയേണ്ടിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുത്തനെ കൂട്ടിയതോടെ  വിലക്കുറവിന്റെ ​നേട്ടം ജനങ്ങൾക്ക് ലഭിച്ചില്ല.

8 മാസം; കേന്ദ്രം ഊറ്റിയത് 1.96 ലക്ഷം കോടി  
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വർധിപ്പിച്ച്   ഏപ്രിൽ മുതൽ നവംബർവരെയുള്ള എട്ടുമാസം കേന്ദ്ര സർക്കാർ പിരിച്ചത്‌  1.96 ലക്ഷം കോടി രൂപ. ലോക്‌ഡൗണിൽ രാജ്യം നിശ്ചലമായിട്ടും മുൻ വർഷത്തേക്കാൾ 48 ശതമാനം അധിക വരുമാനമാണ്  ജനങ്ങളിൽനിന്ന് ഊറ്റിയെടുത്തത്.

അന്താരാഷ്ട്ര വിപണിയിൽ 2018 ഒക്‌ടോബറിൽ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 84 ഡോളറായപ്പോൾ ഇവിടെ പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമായിരുന്നു. അസംസ്‌കൃത എണ്ണ വില ഇപ്പോൾ 55 ഡോളറിൽ നിൽക്കുമ്പോഴാണ്‌  കൊള്ളനികുതിമൂലം സംസ്ഥാനത്ത് പെട്രോൾ വില 87 കടന്നത്.  ഒന്നാം മോഡി സർക്കാർ 11 തവണയാണ്‌ നികുതി കൂട്ടി‌. കഴിഞ്ഞവർഷം രണ്ടുഘട്ടമായി  പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും വീതം നികുതി വർധിപ്പിച്ചു. 


കിട്ടുന്ന കാശ് മൊത്തം എണ്ണയടിച്ച് തീരും

സ്വകാര്യബസുകളെ ഇല്ലാതാക്കും
കോവിഡ്‌ കാലത്തിന്റെ ബുദ്ധിമുട്ടിൽനിന്ന്‌ കരകയറുന്നതിനുമുമ്പ്‌  ദിനംപ്രതി ഡീസൽവില കൂട്ടുന്നത്‌ കടുത്ത പ്രതിസന്ധിയുണ്ടാക്കും. വരുമാനത്തിന്റെ 90 ശതമാനവും  ഡീസലിൽ മുടക്കണം. പകുതി ശമ്പളമേ നൽകാനാകുന്നുള്ളൂ. ചെലവു കഴിഞ്ഞാൽ  700 രൂപയോളമാണ്‌ ഉടമയ്‌ക്ക്‌ ലഭിക്കുന്നത്‌. വായ്പ തിരിച്ചടവ്‌ ഉള്ളവരുടെ സ്ഥിതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്‌. ഈ സ്ഥിതി തുടർന്നാൽ വ്യവസായംതന്നെ നിന്നുപോകും.
(എം ബി സത്യൻ–- പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോ. സംസ്ഥാന പ്രസിഡന്റ്)‌

വണ്ടിയിൽ മീൻകച്ചവടവും കുറഞ്ഞു
മത്സ്യലഭ്യതക്കുറവും ഉയർന്ന വിലയുംമൂലം മീൻകച്ചവടക്കാർ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ്‌ ഇന്ധന വിലവർധന. ബൈക്കിൽ മീൻകച്ചവടം നടത്തിയിരുന്ന ഞാനുൾപ്പെടെയുള്ള പലരും  പണി ഉപേക്ഷിക്കുകയാണ്‌. 100–-150 രൂപയുടെ പെട്രോൾ അടിച്ചാൽ മൂന്നോ നാലോ മണിക്കൂർ  മീൻ വിൽക്കാമായിരുന്നു.  ഇപ്പോൾ 200–-250 രൂപയുടെ പെട്രോൾ അടിച്ചാലും സാധിക്കുന്നില്ല.  ചെലവുകഴിഞ്ഞ്‌ കിട്ടുന്നതുകൊണ്ട്‌   കുടുംബം പുലർത്താൻ പറ്റാതായി.
(-അബ്‌ദുൾ റഹ്‌മാൻ–-മീൻകച്ചവടക്കാരൻ)

പത്തുപൈസ ബാക്കിയില്ല
കോവിഡ്‌ കാലം തുടങ്ങിയതോടെ പൊതുവേ ഓട്ടം കുറവാണ്‌.  1000 രൂപയ്‌ക്ക്‌ ഓടിയാൽ അഞ്ഞൂറ്റമ്പതിലേറെ രൂപയും ഇന്ധനച്ചെലവാണ്‌. അറ്റകുറ്റപ്പണിയും വായ്പ തിരിച്ചടവും വേറെ. ടാക്‌സികളുടെ  എണ്ണം ഇപ്പോൾത്തന്നെ കാര്യമായി കുറഞ്ഞു. ഈ രീതിയിൽ ഇന്ധനവില കൂടുന്നതോടെ  ജീവിക്കാൻ കഴിയാത്ത സ്ഥിതിയായി.
(ഇ പ്രദീപ്‌ കുമാർ–-ടാക്സി കാർ ഡ്രൈവർ)

കുടുംബ ബജറ്റ്‌ താറുമാറാക്കി
കോവിഡ്‌ പ്രതിസന്ധിയോടെ ഓട്ടവും വരുമാനവും പകുതിയായി.  ഡീസൽ  അടിക്കുന്നതും പകുതിയാക്കി. എന്നിട്ടും ഇന്ധനത്തിന്‌ 50 രൂപയോളം കൂടുതൽ നൽകേണ്ടി വരുന്നു.   ചെറിയ വരുമാനക്കാരായ ഞങ്ങളുടെ ബജറ്റ്‌ താളംതെറ്റുകയാണ്‌. സിഎൻജി വില കൂട്ടിയതും ഈ മേഖലയെ ബാധിച്ചു.
(പി എ നാസർ–- ഓട്ടോറിക്ഷാ ഡ്രൈവർ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top