19 April Friday

പൊലീസ് സ‍്റ്റേഷനിലേക്ക് 
പെട്രോൾ ബോംബെറിഞ്ഞവർ അറസ്‌റ്റിൽ; വീട്ടിൽ നടത്തിയ തെരച്ചിലിൽ പ്രകോപിതരായി

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
വെള്ളറട > ആര്യങ്കോട് പൊലീസ് സ്റ്റേഷനിലേക്ക്‌ പെട്രോൾ ബോംബെറിഞ്ഞ അക്രമികൾ അറസ്‌റ്റിൽ. ഒറ്റശേഖരമംഗലം വട്ടപ്പറമ്പ് കുന്തളക്കോട് സ്വദേശി അനന്തു (20), കാട്ടാക്കട സ്വദേശി നിധിൻ (19)എന്നിവരാണ്‌ പിടിയിലായത്‌. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെ മാരായമുട്ടത്ത്‌വച്ചായിരുന്നു അറസ്‌റ്റ്‌.
 
വിദ്യാർഥിയെ ആക്രമിച്ച കേസിൽ അനന്തുവിന്റെ വീട്ടിൽ നടത്തിയ തെരച്ചിലിൽ പ്രകോപിതരായാണ്‌ ആക്രമണം നടത്തിയതെന്ന്‌ ചോദ്യം ചെയ്യലിൽ വ്യക്തമായി. അടുത്തിടെ അനന്തുവിന്റെയും സുഹൃത്ത്‌ ശ്രീജിത്തിന്റെ (ഉണ്ണി)യും നേതൃത്വത്തിൽ  ചെമ്പൂര് ഹയർ സെക്കൻഡറി സ്‌കൂളിലെ സനോജെന്ന വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നും അനന്തുവിനെ തിരിച്ചറിഞ്ഞു. തുടർന്ന്‌ ഇയാളുടെ വീട്ടിൽ രാത്രി പൊലീസ്‌ പരിശോധനയ്‌ക്കെത്തി. ഈ സമയം നിധിന്റെ വീട്ടിൽ ഒളിവിലായിരുന്നു അനന്തു. പൊലീസ്‌ വീട്ടിലെത്തിയത്‌ മാതാപിതാക്കളിൽ നിന്നറിഞ്ഞതോടെ സ്‌റ്റേഷൻ ആക്രമണത്തിന്‌ പദ്ധതിയിടുകയായിരുന്നു.
 
തുടർന്ന്‌ നിധിനെയും കൂട്ടി പമ്പിൽനിന്നും ബിയർകുപ്പികളിൽ പെട്രോൾ വാങ്ങി. ബൈക്കിൽ എത്തി സ്‌റ്റേഷന്‌ നേർക്ക്‌ പെട്രോൾ ബോംബെറിയുകയുമായിരുന്നു. ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ്‌ ഇരുവർക്കും എതിരെ കേസെടുത്തിരിക്കുന്നത്‌. ആര്യൻകോട്, വെള്ളറട, നെയ്യാർഡാം സ്റ്റേഷനുകളുടെ പരിധിയിൽ ഭീതി പരത്തി പിടിമുറുക്കിയ മയക്കുമരുന്നു സംഘത്തിലെ കണ്ണികളാണ് പിടിയിലായവർ. പൊലീസ്‌, എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുൾപ്പെടെ പത്തിലേറെ കേസ്‌ ഇവരുടെ പേരിലുണ്ട്‌. ചൊവ്വ പകൽ പതിനൊന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം. പെട്രോൾ ബോംബേറിൽ പൊലീസ്‌ ജീപ്പ്‌ തകർന്നു. 

ടെറസിൽ 
കഞ്ചാവ്‌ കൃഷി 

പെട്രോൾ ബോംബെറിഞ്ഞ പ്രതികൾക്കായി പൊലീസ്‌നടത്തിയ തിരച്ചിലിൽ  കണ്ടെത്തിയത്‌ ടെറസിലെ കഞ്ചാവ്‌ കൃഷി. അനന്തുവിന്റെ കൂട്ടാളിയായ വാഴിച്ചലിലെ ശ്രീജിത്തി (ഉണ്ണി)ന്റെ വീടിന്റെ ടെറസിലാണ്‌ ഒമ്പത്‌ കഞ്ചാവ്‌ ചെടി കണ്ടെത്തിയത്‌. അനന്തുവും ഉണ്ണിയും ചേർന്നാണ്‌ ചെമ്പൂര്‌ സ്‌കൂളിൽ വിദ്യാർഥിയെ ആക്രമിച്ചത്‌. ഉണ്ണിക്കും സംഘത്തിലെ മറ്റുള്ളവർക്കുമായി തിരച്ചിൽ ഊർജിതമാക്കി. 

കാരിയർമാരും 
ആവശ്യക്കാരും 
കൗമാരക്കാർ

അതിർത്തി കടന്ന് പ്രതിദിനം  50 കിലോയിലേറെ കഞ്ചാവാണ്‌ വെള്ളറട, ഒറ്റശേഖരമംഗലം, വാഴിച്ചൽ, പനച്ചമൂട്, ആര്യങ്കോട്, കിളായൂർ തുടങ്ങിയ പ്രദേശങ്ങളിൽ എത്തുന്നത്‌. പതിനെട്ടു വയസ്സിന് താഴെയുള്ളവരാണ് ആവശ്യക്കാരിൽ ഏറെയും. എത്തിക്കുന്ന ‘കാരിയർ ബോയ്സും ഇതേപ്രായത്തിലുള്ളവർ തന്നെ. കഞ്ചാവ്‌ മാഫിയ പിടിമുറുക്കിയതോടെ വെള്ളറട കേന്ദ്രമാക്കി ആന്റി നർക്കോട്ടിക്സ്‌ വിങ്‌ രൂപീകരിച്ച് പരിശോധന കാര്യക്ഷമമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top