20 April Saturday

എത്തുന്നത്‌ സെക്കൻഡിൽ 17 ലക്ഷം ലിറ്റർ വെള്ളം ; കരുതലോടെ പെരിയാർ തീരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

ചൊവ്വ രാവിലെ ഇടമലയാർ അണക്കെട്ട് തുറന്നപ്പോൾ


കൊച്ചി
ഇടുക്കി, ഇടമലയാർ അണക്കെട്ടിൽനിന്ന്‌ കൂടുതൽ വെള്ളം തുറന്നുവിടുന്നതിനാൽ പെരിയാർ തീരത്ത്‌ ജാഗ്രതയും സുരക്ഷയും കൂട്ടി. നിലവിൽ സെക്കൻഡിൽ മൂന്നര ലക്ഷം ലിറ്റർ വെള്ളംവീതം ഇരുഡാമുകളിൽനിന്നായി പുറത്തേക്കൊഴുക്കുന്നുണ്ട്‌. പെരിയാറിൽ ജലനിരപ്പ്‌ അപകടകരമായി ഉയർന്നിട്ടില്ലെങ്കിലും അതിശക്തമായ ഒഴുക്കാണുള്ളത്‌. മഴ ശക്തമായി തുടർന്നാൽ വരുംമണിക്കൂറിൽ  സെക്കൻഡിൽ അഞ്ച്‌ ലക്ഷം ലിറ്റർ വെള്ളം ഒഴുക്കേണ്ടിവരുമെന്നാണ്‌ കണക്കാക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ പെരിയാർ തീരത്ത്‌ ജാഗ്രതയും സുരക്ഷയും വർധിപ്പിച്ചത്‌.

ഇടുക്കി ഡാമിനുപിന്നാലെ ചൊവ്വ രാവിലെ പത്തിനാണ്‌ ഇടമലയാർ ഡാം തുറന്നത്‌. രണ്ട്, മൂന്ന് ഷട്ടറുകൾ 100 സെന്റി മീറ്റർ വീതവും ഒന്ന്, നാല് ഷട്ടറുകൾ 75 സെന്റിമീറ്റർ വീതവും തുറന്നു. നിലവിൽ സെക്കൻഡിൽ 2,53,000 ലിറ്റർ വെള്ളമാണ് പുറത്തുവിടുന്നത്. ഇതിനുപുറമേ നിലവിൽ പൊന്മുടി, കല്ലാർകുട്ടി, കുണ്ടള, മാട്ടുപ്പെട്ടി തുടങ്ങി മറ്റ്‌ പ്രധാന അണക്കെട്ടുകളിൽ നിന്നുള്ള വെള്ളവും ഭൂതത്താൻകെട്ടിലൂടെ പെരിയാറിലേക്കെത്തുന്നുണ്ട്‌. സെക്കൻഡിൽ 16–-17 ലക്ഷത്തിലധികം ലിറ്റർ വെള്ളമാണ്‌ പെരിയാറിലൂടെ ഒഴുകുന്നത്‌. എന്നിട്ടും ഒരിടത്തും അപകടനിലയില്ല. ജില്ലയിൽ മഴയൊഴിഞ്ഞതും വേലിയിറക്കവുമാണ്‌ അനുകൂലമായത്‌.

ശക്തമായ അടിയൊഴുക്കുള്ളതിനാൽ  പെരിയാറിലും കൈവഴികളിലും ഇറങ്ങരുതെന്ന്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. വിനോദ സഞ്ചാരപ്രവർത്തനങ്ങൾക്കും കർശന നിരോധമുണ്ട്. കാലാവസ്ഥയിൽ മാറ്റമുണ്ടാകാമെന്നതിനാൽ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളംകയറാനുള്ള സാധ്യത തള്ളിയിട്ടില്ല.  തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ദുരന്തനിവാരണ അതോറിറ്റികളും തദ്ദേശ സ്ഥാപനങ്ങളും തയ്യാറെടുപ്പുനടത്താൻ  പ്രത്യേക ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top