19 April Friday

പെരിയ കൊലപാതകം : രാഷ്‌ട്രീയക്കളിയുമായി സിബിഐ ; അറസ്റ്റിലായവർ സംഭവവുമായി ബന്ധമില്ലാത്തവർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021


കാസർകോട്  
‌പെരിയ കൊലപാതകക്കേസിൽ സിപിഐ എം നേതാക്കളെ ഉൾപ്പെടുത്തിയതിലൂടെ സിബിഐ വീണ്ടും കോൺഗ്രസ്‌–- ബിജെപി കൂട്ടിലെ തത്തയാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധമില്ലാത്ത നേതാക്കളെ കേസിൽപ്പെടുത്തിയതോടെ കോൺഗ്രസ്‌, ബിജെപി നേതാക്കൾക്ക്‌ വഴങ്ങുകയായിരുന്നു സിബിഐ. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമനടക്കമുള്ള നേതാക്കളെയാണ്‌ കള്ളക്കേസിൽ കുടുക്കിയത്‌. 20ാം പ്രതിയായി കുഞ്ഞിരാമനെ ഉൾപ്പെടുത്തിയതിൽനിന്നുതന്നെ സിബിഐയുടെ ഉദ്ദേശ്യം വ്യക്തം.

2019 ഫെബ്രുവരി 17ന്‌ രാത്രിയാണ്‌ കോൺഗ്രസ്‌ പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്‌. സംഭവത്തെ പാർടി സംസ്ഥാന സെക്രട്ടറിയടക്കം അപലപിച്ചു. പാർടിക്ക്‌ ബന്ധമില്ലെന്ന്‌ വ്യക്തമാക്കി. ഒന്നാം പ്രതിയാക്കിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ പീതാംബരനെ പാർടി പുറത്താക്കി. സർക്കാർ, ക്രൈംബ്രാഞ്ച്‌  അന്വേഷണം പ്രഖ്യാപിച്ചു. എല്ലാ അർഥത്തിലും പാർടി അന്വേഷണവുമായി സഹകരിച്ചു. 14 പേരെ പ്രതികളായി കണ്ടെത്തി.
രാഷ്ട്രീയ മുതലെടുപ്പ്‌ തുടരുന്നു

പാർലമെന്റ്‌ തെരഞ്ഞെടുപ്പിനുമുമ്പ്‌ നടന്ന സംഭവം കേരളത്തിലുടനീളം ചർച്ചയാക്കിയപ്പോൾ നേട്ടമുണ്ടായി എന്ന വിലയിരുത്തലിൽ യുഡിഎഫ്‌ പിന്നീട്‌ പരമാവധി മുതലെടുക്കാൻ ശ്രമിച്ചു. ഇതിന്‌ ബിജെപി പിന്തുണയുമുണ്ടായി. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളടക്കം പൊതുവേദികളിൽ സിപിഐ എം നേതാക്കളെ കൊലയാളികളായി ചിത്രീകരിച്ചു. അണികൾ കൊലവിളി നടത്തി. കെ വി കുഞ്ഞിരാമനെ വെട്ടിനുറക്കുമെന്ന്‌ പെരിയയിൽ പ്രകടനം നടത്തിയത്‌ കെ സുധാകരന്റെ മുന്നിൽവച്ചാണ്‌. ഇദ്ദേഹത്തിന്റെ വീട്ടിലേക്ക്‌ പൊയ്‌ക്കാൽ എറിഞ്ഞ്‌ കാലുവെട്ടുമെന്നും ഭീഷണിയുണ്ടായി.

സിബിഐ നടപടി രാഷ്ട്രീയപ്രേരിതം: സിപിഐ എം
പെരിയ കൊലപാതകക്കേസിൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞ പേരുകൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയാണ് സിബിഐ ചെയ്തതെന്ന് സിപിഐ എം കാസർകോട്‌ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞു. പാർടി നേതാക്കളെയും പ്രവർത്തകരെയും കുടുക്കിയത്‌ രാഷ്ട്രീയപ്രേരിതമാണ്. ഇതിനെ നിയമപരമായി നേരിടും.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്‌ പെരിയ സംഭവം. അതിന്റെപേരിൽ നേതാക്കളെ കുടുക്കി സിപിഐ എമ്മിനെ തകർക്കാമെന്ന വ്യാമോഹമാണ്‌ യുഡിഎഫിനും ബിജെപിക്കും. കൊലപാതകത്തിൽ പാർടിക്ക് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. പ്രതിയാക്കപ്പെട്ട എ പീതാംബരനെ സംഭവം നടന്ന്‌ മൂന്നാംദിവസം പാർടി പുറത്താക്കി. തുടർന്നുള്ള അന്വേഷണത്തിൽ ഇടപെട്ടിട്ടില്ല. പ്രതികളെ സഹായിച്ചിട്ടുമില്ല.

സംഭവവുമായി ബന്ധമില്ലാത്ത സിപിഐ എം നേതാക്കളുടെ പേര് കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ആ പേരുകളാണ്‌ കുറ്റപത്രത്തിലും ഉൾപ്പെടുത്തിയത്‌. പാർടി നിലപാട്‌ ഉദുമയിലെ ജനങ്ങൾ അംഗീകരിച്ചതിന്‌ തെളിവാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം. സംഭവം നടന്ന പുല്ലൂർ–- പെരിയ പഞ്ചായത്തിൽ എൽഡിഎഫിന്‌ റെക്കോഡ്‌ ഭൂരിപക്ഷമാണ്‌ കിട്ടിയതെന്നും എം വി ബാലകൃഷ്ണൻ മാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top