29 March Friday

പെരിയ കൊലപാതകം; ബന്ധമില്ലാത്തവരെ കുടുക്കിയാൽ നോക്കിനിൽക്കില്ല: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
കാസർകോട്‌ > ‘‘പെരിയയിലെ സംഭവത്തിൽ സിപിഐ എമ്മിന്‌ ഒളിച്ചുവയ്‌ക്കാനൊന്നുമില്ല. രണ്ട്‌ വർഷം മുമ്പ്‌ നടന്ന അനിഷ്ടസംഭവത്തിൽ പാർടി അന്ന്‌ സ്വീകരിച്ച അതേ നിലപാടാണ്‌ ഉയർത്തിപിടിക്കുന്നത്‌. ആ സംഭവവുമായിപാർടിക്ക്‌ ബന്ധമില്ല എന്ന പ്രഖ്യാപനത്തിൽനിന്ന്‌ ഒരിഞ്ചുപോലും പിറകോട്ടുപോയിട്ടില്ല’’ സിപിഐ എം ജില്ലാ സെക്രട്ടറി  എം വി ബാലകൃഷ്‌ണൻ വ്യക്തമാക്കി.
 
ജില്ലയിൽ പാർടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ  സംഭവവുമായി ബന്ധമില്ലാത്ത നേതാക്കളെയും പ്രവർത്തകരെയും കേസിൽ കുടുക്കി പീഡിപ്പിക്കാനുള്ള ശ്രമത്തെ കൈയും കെട്ടി നോക്കി നിൽക്കാനാകില്ല.  നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയാണെന്ന്‌ ആരോപണ വിധയനായ ലോക്കൽ കമ്മിറ്റി അംഗത്തെ പാർടിയിൽ നിന്ന്‌ പുറത്താക്കി.  ക്രൈംബ്രാഞ്ച്‌ അന്വേഷണവുമായി പൂർണമായി സഹകരിച്ചു. 14 പേരെ പ്രതികളായി കണ്ടെത്തിയപ്പോഴും നിലപാടിൽ മാറ്റമുണ്ടായില്ല.
 
കോൺഗ്രസാകട്ടെ സംഭവത്തിന്‌ ശേഷം പെരിയയിൽ തുടർച്ചയായി അതിക്രമങ്ങൾ കാട്ടി. പാർടി പ്രവർത്തകരെ കാരണമൊന്നുമില്ലാതെ ആക്രമിച്ചു.  പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും അടിച്ചു തകർത്തു. ഇന്നത്തെ കെപിസിസി പ്രസിഡന്റായ കെ സുധാകരനടക്കം പെരിയയിലെത്തി  അണികളെ ഇളക്കി വിട്ടു. കെ കുഞ്ഞിരാമൻ എംഎൽഎയെ വെട്ടിനുറുക്കുമെന്ന്‌ കൊലവിളിയുമായി പ്രകടനം നടത്തി. കാൽ വെട്ടുമെന്ന്‌ സൂചിപ്പിച്ചു. എംഎൽഎയുടെ വീട്ടിലേക്ക്‌ പൊയ്‌ക്കാൽ എറിഞ്ഞു.  കോൺഗ്രസ്‌ നടത്തിയ അതിക്രമങ്ങൾ മുഴുവൻ സംയമനത്തോടെയാണ്‌ പാർടി നേരിട്ടത്‌. പ്രദേശത്തിന്റെ സമാധാനം തകരാതിരിക്കാൻ  പ്രത്യേകം ശ്രദ്ധിച്ചു. ഇത്‌ പുല്ലൂർ പെരിയയിലെ ജനങ്ങൾ തിരിച്ചറിഞ്ഞു.
 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വൻ മുന്നേറ്റമാണ്‌ സംഭവം നടന്ന വാർഡിലടക്കം ഉണ്ടായത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമ നിയോജകമണ്ഡലത്തിൽ മത്സരിച്ച എൽഡിഎഫ്‌ സ്ഥാനാർഥി  സി എച്ച്‌ കുഞ്ഞമ്പുവിന്‌  രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ്‌ പുല്ലൂർ പെരിയ പഞ്ചായത്തിൽ ലഭിച്ചത്‌.എം വി ബാലകൃഷ്ണൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top