28 March Thursday

അഗളിയിലെ പ്രവാസിയുടെ മരണം: ആയുധംകൊണ്ട് വരഞ്ഞ് മര്‍ദിച്ചു, അന്വേഷണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

അബ്ദുൾ ജലീലിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചതിന്റെ സി.സി.ടി.വി. ദൃശ്യം. കൊണ്ടുവന്നയാളാണ് കാറിന്റെ വാതിൽ തുറക്കുന്നത്

പെരിന്തല്‍മണ്ണ > ജിദ്ദയിൽനിന്ന്‌ നാട്ടിലേക്ക്‌ പുറപ്പെട്ട്‌ നെടുമ്പാശേരിയിൽ എത്തിയശേഷം ദുരൂഹസാഹചര്യത്തിൽ കാണാതായ അഗളി സ്വദേശിയുടെ മരണത്തിൽ പൊലീസ്‌ അന്വേഷണം ഊർജിതമാക്കി. അഗളി പൊലീസ്‌ സ്‌റ്റേഷനുസമീപത്തെ വാക്കേത്തൊടി പരേതനായ മുഹമ്മദി (ബാപ്പു)ന്റെ മകൻ അബ്‌ദുൾ ജലീൽ (42)ആണ്‌ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്‌ച രാത്രി മരിച്ചത്‌. ഇയാളുടെ ശരീരമാസകലം മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ് മര്‍ദിച്ച പാടുണ്ട്‌.

ജിദ്ദയിൽ ഹൗസ്‌ ഡ്രൈവറായി ജോലിചെയ്യുന്ന ജലീൽ 15ന്‌ രാവിലെ 9.45നാണ്‌ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്‌. സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക്‌ എത്താമെന്നും കൂട്ടിക്കൊണ്ടുപോകാൻ വാഹനവുമായി ചെന്നാൽ മതിയെന്നും കുടുംബത്തെ അറിയിച്ചിരുന്നു.   ഭാര്യയും ഉമ്മയും അടക്കമുള്ളവർ വാഹനവുമായി മണ്ണാർക്കാട്‌ എത്തിയപ്പോൾ  വീട്ടുകാരോട്‌ മടങ്ങിപ്പോകാനും താൻ പെരിന്തൽമണ്ണയിൽ എത്തിയിട്ടുണ്ടെന്നും കുറച്ച്‌ വൈകി വീട്ടിലെത്താമെന്നും  അറിയിച്ചു.  പിറ്റേന്ന്‌ രാവിലെയായിട്ടും ജലീൽ  വീട്ടിലെത്താത്തതിനെ തുടർന്ന്‌ അഗളി പൊലീസിൽ പരാതി നൽകി.

16ന്‌ രാത്രിയാണ്‌ ജലീൽ ഭാര്യയുമായി അവസാനം സംസാരിച്ചത്‌. അടുത്ത ദിവസം രാവിലെ വിളിക്കാമെന്നും കേസ്‌ കൊടുത്തിട്ടുണ്ടെങ്കിൽ പിൻവലിക്കണമെന്നും  ജലീൽ പറഞ്ഞു. പിന്നീട്‌ വിവരങ്ങളൊന്നും ഉണ്ടായില്ല. വ്യാഴാഴ്ച രാവിലെ ഒരു അജ്ഞാതൻ നെറ്റ് കോളിലാണ് ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിലെത്തിച്ചിട്ടുണ്ടെന്നും  വരാനും പറഞ്ഞത്. തുടര്‍ന്ന് ഭാര്യയും ബന്ധുക്കളും ആശുപത്രിയിലെത്തിയപ്പോഴാണ്‌ ജലീലിനെ കാണുന്നത്‌.

8 പേർ  കസ്റ്റഡിയിൽ

ജലീല്‍ മരിച്ചതുമായി ബന്ധപ്പെട്ട് എട്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ജലീലിനെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശിയെ സിസിടിവി  ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ് പി കെ എം ബിജു, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഷാരോണ്‍, സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃതദേഹ പരിശോധന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top