29 March Friday
ഹൈക്കോടതി ഇന്ന്‌ കേസ്‌ പരിഗണിക്കും

പെരിന്തൽമണ്ണയിൽ കാണാതായ തപാൽ വോട്ടുകൾ കലക്‌ടറേറ്റിലെ ജെആർ ഓഫീസിൽ ; പ്രത്യേക ബാലറ്റുകൾ സുരക്ഷിതം

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023

മലപ്പുറം> പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ മാറ്റിവച്ച പ്രത്യേക തപാൽ വോട്ടുകൾ അടങ്ങിയ കാണാതായ പെട്ടി കണ്ടെത്തി.  മലപ്പുറം സഹകരണ ജോ. രജിസ്‌ട്രാർ ഓഫീസിൽ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വോട്ടു പെട്ടികൾക്കൊപ്പം നിന്നാണ്‌ കണ്ടെടുത്തത്‌. എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹര്‍ജിയിൽ ചൊവ്വാഴ്‌ച ഇവ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതെ തുടർന്ന്‌ ഇവ സൂക്ഷിച്ചിരുന്ന മലപ്പുറം ജില്ലാ ട്രഷറിയിലെ  സ്‌ട്രോങ്‌ റൂം തിങ്കൾ രാവിലെ ഏഴേകാലോടെ സബ്‌ കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിൽ തുറന്നപ്പോഴാണ്‌ ഒരു പെട്ടി കാണാതായത്‌ അറിയുന്നത്‌. 

മാറ്റിവച്ച 348 പ്രത്യേക  വോട്ടുകൾ രണ്ടു പെട്ടികളിലായാണ്‌ സൂക്ഷിച്ചിരുന്നത്‌.  ഒരു പെട്ടി  ഉണ്ടായിരുന്നില്ല. പകരം പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ പെട്ടി കണ്ടു. പെരിന്തൽമണ്ണ അസി. രജിസ്‌ട്രാറായിരുന്നു ബ്ലോക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ വരണാധികാരി. മൂന്നുവർഷം കഴിഞ്ഞതിനാൽ അവ നശിപ്പിക്കാൻ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ജോ. രജിസ്‌ട്രാർ ഓഫീസിലേക്ക്‌ മാറ്റിയിരുന്നു.  തുടർന്ന്‌ സബ്‌കലക്ടറും സംഘവും ജോ. രജിസ്‌ട്രാർ ഓഫീസിൽ  നടത്തിയ പരിശോധനയിലാണ്‌  പെട്ടി കണ്ടെത്തിയത്‌.  

തെരഞ്ഞെടുപ്പിൽ 38 വോട്ടുകൾക്കാണ്‌  കെ പി എം മുസ്തഫ പരാജയപ്പെട്ടത്‌. കോവിഡ്‌ സാഹചര്യത്തിൽ 80 വയസ്‌ കഴിഞ്ഞവരുടെയും കോവിഡ്‌ ബാധിതരുടെയും വോട്ടുകൾ പ്രത്യേക വോട്ടായാണ്‌ ചെയ്യിപ്പിച്ചത്‌. ഇതിൽപ്പെട്ട 348 വോട്ടുകളാണ്‌  അന്ന്‌ മാറ്റിവച്ചത്‌. എന്നാൽ ഇവ എണ്ണണമെന്ന്‌ എൽഡിഎഫ്‌  ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. തുടർന്നാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി ഹൈക്കോടതിയെ സമീപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top