16 April Tuesday

നിയമസഭാ തെരഞ്ഞെടുപ്പ് കേസ്‌ ; പെരിന്തൽമണ്ണയിലെ വോട്ടെണ്ണൽ സാമഗ്രികൾ ഇന്ന്‌ ഹൈക്കോടതിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023


പെരിന്തൽമണ്ണ
നിയസമഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ എണ്ണാതെ മാറ്റിവച്ച തപാൽ വോട്ടുകളും ഉപയോഗിച്ച ബാലറ്റ് പേപ്പർ അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളും തിങ്കൾ രാവിലെ ഏഴരയോടെ ഹൈക്കോടതിയിലേക്ക്‌ കൊണ്ടുപോകും. എണ്ണാതെ മാറ്റിവച്ചതും അസാധുവായതുമായ പോസ്റ്റൽ ബാലറ്റുകൾ, വോട്ടെണ്ണലിന്റെയും അനുബന്ധ പ്രക്രിയകളുടെയും വീഡിയോകൾ എന്നിവയാണ്‌ കൊണ്ടുപോകുക. തെരഞ്ഞെടുപ്പ്‌ കേസ്‌ ചൊവ്വാഴ്‌ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. 

പെരിന്തൽമണ്ണ സബ്ട്രഷറിയിൽ സൂക്ഷിച്ച ഇവ ഹൈക്കോടതി നിർദേശപ്രകാരം സബ് കലക്ടർ ഓഫീസിലെ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പരിശോധിച്ചിരുന്നു.  2021 ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. വിജയം ചോദ്യംചെയ്ത്  എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി  കെ പി എം മുസ്തഫ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ്‌ നടപടി. കോവിഡിന്റെ സാഹചര്യത്തിൽ 80-ന് മുകളിൽ പ്രായമുള്ളവരുടെയും അവശരായവരുടെയും വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പിൽ ആദ്യമായി അവസരമൊരുക്കിയിരുന്നു. പ്രത്യേക തപാൽ വോട്ടുകളായാണ് ഇവ കണക്കാക്കുന്നത്. ഇങ്ങനെയുള്ള 348 വോട്ടുകൾ വോട്ടെണ്ണൽ വേളയിൽ എണ്ണാതെ മാറ്റിവച്ചിരുന്നു. ക്രമനമ്പർ, ഒപ്പ് എന്നിവ ഇല്ലാത്തതിന്റെ പേരിലാണ് ഇവ എണ്ണാതിരുന്നത്‌. ഈ വോട്ടുകൾ എണ്ണണമെന്ന് എൽഡിഎഫ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിരുന്നു. ഇതേതുടർന്നാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി ഹൈക്കോടതിയെ സമീപിച്ചത്‌. ഇതിനെതിരെ നജീബ്‌ കാന്തപുരം തടസ്സവാദഹര്‍ജി നൽകിയിരുന്നെങ്കിലും കെ പി എം മുസ്തഫയുടെ ഹര്‍ജി നിലനിൽക്കുന്നതാണെന്ന് കഴിഞ്ഞ നവംബറിൽ കോടതി വ്യക്തമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top