25 April Thursday

യുഡിഎഫ്‌ ദുരന്തത്തെ ജനം തള്ളിയത്‌: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Sunday May 21, 2023

തിരുവനന്തപുരം > യുഡിഎഫ്‌ എന്ന ദുരന്തത്തെ മടുത്ത്‌ ജനം തള്ളിയതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ്‌ ഭരണകാലത്ത്‌ എല്ലാ മേഖലകളിലും കേരളം പിറകോട്ടുപോയി. അഴിമതി കൊടികുത്തിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ രണ്ടാം വാർഷികാഘോഷ സമാപനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ 1473.67 കോടി രൂപയായിരുന്നു പെൻഷൻ കുടിശ്ശിക. അത്‌ കൊടുത്തുതീർക്കുക മാത്രമല്ല 1600 രൂപയുമാക്കി. ഇതുവരെ ക്ഷേമ പെൻഷനായി 18,997 കോടി രൂപയാണ്‌ വിതരണം ചെയ്‌തത്‌. നടക്കില്ലെന്നു കരുതിയ ദേശീയപാത വികസനം, ഗെയിൽ പൈപ്പ്‌ ലൈൻ, കൊച്ചി–- ഇടമൺ പവർ ഇടനാഴി സാധ്യമാക്കി. ദേശീയപാത വികസനത്തിൽ യുഡിഎഫ്‌ കാലത്തെ പിടിപ്പുകേടുകൊണ്ട്‌ 5550 കോടി രൂപയാണ്‌ പിഴ കൊടുക്കേണ്ടിവന്നത്‌.

രാജ്യത്ത്‌ ഏറ്റവും കുറവ്‌ അഴിമതി കേരളത്തിലാണെന്നാണ്‌ പഠനം. പദ്ധതികൾക്ക്‌ പണമില്ലെന്നു പറഞ്ഞ്‌ സർക്കാരിന്‌ നോക്കിനിൽക്കാനാകില്ല. പരിമിതമായ വരുമാനംകൊണ്ട്‌ വികസനത്തിൽ കുതിച്ചുചാട്ടം സാധ്യമാകാതെ വന്നപ്പോഴാണ്‌ കിഫ്‌ബിയിലൂടെ പണം കണ്ടെത്തിയത്‌. കഴിഞ്ഞ സർക്കാർ 62,000 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. ഈ സർക്കാർ ഇതിനകം 18,000 കോടിയുടെ പദ്ധതികൾ ആവിഷ്‌കരിച്ചു. ബഹുരാഷ്ട്ര കമ്പനികളടക്കം കേരളത്തിലേക്ക്‌ വരുന്നു. ആരുടെയും മനസ്സ്‌ കുളിർപ്പിക്കുന്ന മാറ്റമാണ്‌ സംസ്ഥാനത്തുടനീളം. 25 വർഷംകൊണ്ട്‌ വികസിത രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക്‌ കേരളത്തെ ഉയർത്താനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top