20 April Saturday

അമ്മിണിയുടെ പെൻഷൻ ഈ നാടിന്‌

എം കെ പത്മകുമാർUpdated: Monday Mar 30, 2020

എസ്എന്‍ പുരം> ‘സൗജന്യ റേഷൻ അരി 35 കിലോ കിട്ടി, പട്ടിണിയില്ലാതെ കഴിയാം. പെൻഷൻ കിട്ടിയ ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക്‌’–-ചാരമംഗലം പുതുമനവെളി അമ്മിണി ജോൺ  നിറചിരിയോടെ പറഞ്ഞു. കോവിഡ്‌ ആശ്വാസ പാക്കേജിന്റെ ഭാഗമായി സർക്കാർ നൽകിയ രണ്ടുമാസത്തെ കയർത്തൊഴിലാളി പെൻഷനായ 2400 രൂപയാണ്‌ മുഖ്യമന്ത്രിയുടെ കോവിഡ്‌ ദുരിതാശ്വാസനിധിയിലേക്ക്‌  അമ്മിണി സംഭാവനചെയ്‌തത്‌. 

സിപിഐ എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്‌ രാധാക‌ൃഷ്‌ണൻ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌  അമ്മിണിയുടെ വീട്ടിലെത്തി പണം ദുരിതാശ്വാസനിധിയിൽ നിക്ഷേപിച്ചു.
കയർത്തൊഴിലാളിയായിരുന്നു അമ്മിണി. ഭർത്താവ്‌ ജോൺ ഒന്നരവർഷം മുമ്പ്‌ മരിച്ചു. ടൈൽ പണിക്കാരനായ മകൻ റെജി, ഭാര്യ റോസ്‌മേരി, മക്കളായ നിസ, നിഖിൽ എന്നിവർക്കൊപ്പമാണ്‌ ഈ അറുപത്തെട്ടുകാരി കഴിയുന്നത്‌.  

കഞ്ഞിക്കുഴി സഹകരണബാങ്ക്‌ ജീവനക്കാർ കഴിഞ്ഞദിവസമാണ്‌ വീട്ടിലെത്തി പെൻഷൻ പണം കൈമാറിയത്‌. ദുരിതാശ്വാസ നിധിയിലേക്ക്‌ ഈ പണം സംഭാവന ചെയ്യണമെന്ന ആഗ്രഹം അവരോട്‌ പറഞ്ഞു. ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ. എം സന്തോഷ്‌കുമാർ ഈ വിവരം പാർടി ഏരിയ സെക്രട്ടറിയെ അറിയിക്കുകയായിരുന്നു. “മകന്‌ പണിയില്ലാത്തതിനാൽ അൽപ്പം ബുദ്ധിമുട്ടൊക്കെയുണ്ട്‌. പക്ഷേ, സൗജന്യ റേഷൻ കിട്ടിയത്‌ ആശ്വാസമായി.  എല്ലാരും ഒത്തുപിടിച്ചാലേ എല്ലാം ഭംഗിയായി നടക്കൂ. പ്രയാസമുണ്ടെന്ന്‌ കരുതി നാടിനെ മറക്കാൻ പറ്റുമോ’– അമ്മിണി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top