19 April Friday
അധിക സത്യവാങ്‌മൂലം നൽകിയില്ലെങ്കിൽ ഇടക്കാല ഉത്തരവ്‌

പെഗാസസിൽ കേന്ദ്രത്തിന്‌ തിരിച്ചടി; ദേശസുരക്ഷയെ ബാധിക്കാത്ത വിവരങ്ങൾ നൽകണമെന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

 
ന്യൂഡൽഹി> പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്രത്തിന്‌ സുപ്രീംകോതിയിൽനിന്ന്‌ തിരിച്ചടി.  വിഷയത്തില്‍ അധിക സത്യവാങ്മൂലമില്ലെന്നും വിഷയം ദേശ സുരക്ഷയുമായി ബന്ധപ്പെട്ടതെന്നുമാണെന്നുമാണ്‌   കേന്ദ്രത്തിന്റെ വിശദീകരണം. തുടർന്ന്‌ ദേശ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി നിലപാട്‌ കടുപ്പിച്ചു.

ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണമാവശ്യപ്പെട്ട് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ സമര്‍പ്പിച്ച പന്ത്രണ്ട് പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിക്കവെയാണ്‌  ചീഫ് ജസ്റ്റിസ് എന്‍ വി  രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം.

പെഗാസസ് ഉപയോഗിച്ചുവോ എന്ന് പറയാനാകില്ല. ഇവ സത്യവാങ്മൂലം നല്‍കി ചര്‍ച്ചയാക്കാനില്ലെന്നും കേന്ദ്രം ന്യായീകരിച്ചു. എന്നാല്‍, വിവരങ്ങള്‍ ഉടന്‍ നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ മറുപടി വേണമെന്നും പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.

രാജ്യത്തെ പൗരന്മാരാണ് അവകാശ ലംഘനം ഉയർത്തിക്കാണിക്കുന്നത്. ഒരു വിഭാഗം ആളുകളെ നിരീക്ഷിക്കാൻ ഒരു സോഫ്റ്റ് വെയർ ഉപയോഗിച്ചോ എന്നതാണ് വിഷയം. അധിക സത്യവാങ്മൂലം നല്‍കാൻ കേന്ദ്രം തയ്യാറാകാത്ത സാഹചര്യത്തിൽ ഇടക്കാല ഉത്തരവ് ഇറക്കേണ്ടി വരുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. അടുത്ത നടപടി സുപ്രീംകോടതി തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു.

കോടതിയോട് പോലും സത്യം പറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദിച്ച കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 120 പേരുടെ ഫോണ്‍ വിവരങ്ങള്‍ പെഗാസസ് വഴി ചോര്‍ന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അറിയാതെയാണ് ഇത്തരം സംഭവങ്ങള്‍ എങ്കില്‍ എന്‍എസ്ഒയ്ക്ക് എതിരെ എന്തെങ്കിലും നടപടി എടുത്തോയെന്നും സിബല്‍ ചോദിച്ചു.

വസ്തുതകള്‍ വെളിപ്പെടുത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ശ്യാം ദിവാന്‍ കോടതിയില്‍ വ്യക്തമാക്കി. ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചത് പുറത്തുള്ള ഏജന്‍സികള്‍ ആണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്കപ്പെടണം. അതല്ല കേന്ദ്രസര്‍ക്കാരാണ് ചോര്‍ത്തിയതെങ്കില്‍ ഭരണഘടനാ വിരുദ്ധമായ നടപടിയാണ് അതെന്നും അഡ്വക്കേറ്റ് ശ്യാം ദിവാന്‍ കോടതിയില്‍ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top