23 April Tuesday

പി സി ജോർജിന്റെ അറസ്റ്റ് സ്വാഭാവിക നടപടി; കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022


കൊച്ചി
പി സി ജോർജിന്റെ അറസ്‌റ്റിൽ സർക്കാർ സ്വീകരിച്ചത്‌ സ്വാഭാവിക നിയമനടപടിമാത്രമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കോടതിനിർദേശപ്രകാരമാണ്‌ അറസ്‌റ്റ്‌. സർക്കാർ എന്തെങ്കിലും വാശി കാണിക്കുകയോ വൈരനിര്യാതനസമീപനം സ്വീകരിക്കുകയോ ചെയ്‌തിട്ടില്ല. എന്തും വിളിച്ചുപറയാമെന്ന അവസ്ഥ സർക്കാർ അനുവദിക്കില്ല. അങ്ങനെയായാൽ നമ്മുടെ സംസ്ഥാനവും വർഗീയകലാപങ്ങളുടെ നാടാകും–- കോടിയേരി  വാർത്താലേഖകരോട്‌ പറഞ്ഞു. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട്‌ റാലിയിൽ കുട്ടിയെക്കൊണ്ട്‌ പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചതിലും രണ്ടുപേരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. സർക്കാരിന്‌ ആരോടും വിവേചനമില്ലെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.

പ്രകോപനമുദ്രാവാക്യം വിളിച്ച്‌ റാലി നടത്തിയ പോപ്പുലർ ഫ്രണ്ട്‌–-എസ്‌ഡിപിഐയുമായി യുഡിഎഫ്‌ യോജിച്ചുപ്രവർത്തിക്കുകയാണ്‌.  ജമാഅത്തെ ഇസ്ലാമിയുമായും അവർ സഖ്യത്തിലാണ്‌. തദ്ദേശ തെരഞ്ഞെടുപ്പുമുതൽ തുടങ്ങിയ യുഡിഎഫ്‌ സഖ്യം എസ്‌ഡിപിഐക്ക്‌ കേരളീയസമൂഹത്തിൽ ഇടപെടാൻ ധൈര്യം നൽകി.  പ്രധാന പ്രതിപക്ഷത്തിന്റെ പിന്തുണ കിട്ടിയതോടെ ആക്രമണോത്സുകത വർധിച്ചു. ആലപ്പുഴയിൽ ആർഎസ്‌എസും എസ്‌ഡിപിഐയും പരസ്‌പരം കൊലപാതകം നടത്തിയത്‌ കണ്ടതാണ്‌. പാലക്കാട്ടും സമാനസംഭവമുണ്ടായി. മതവിദ്വേഷപ്രസംഗവുമായി റാലി നടത്തിയ എസ്‌ഡിപിഐ വോട്ട്‌ വേണ്ടെന്നു പറയാൻ യുഡിഎഫ്‌ തയ്യാറാകുമോ?

ആർഎസ്‌എസ്‌ ദേശീയതലത്തിൽ മതവിദ്വേഷനിലപാട്‌ തുടരുന്നവരാണ്‌. പള്ളികൾ ക്ഷേത്രമാക്കാനാണ്‌ അവരുടെ ശ്രമം. രാമനവമിദിവസം 12 സ്ഥലങ്ങളിലാണ്‌ മുസ്ലിങ്ങൾക്കെതിരെ ആക്രമണം നടന്നത്‌. ക്രിസ്‌മസിന്‌ ഒമ്പതു സംസ്ഥാനങ്ങളിലാണ്‌ ക്രൈസ്‌തവർക്കുനേരെ ആക്രമണം നടന്നത്‌. സർക്കാരിന്റെ കർശനനിലപാടും കേരളീയസമൂഹത്തിന്റെ മതനിരപേക്ഷ അടിത്തറയും ഉള്ളതുകൊണ്ടാണ്‌, ഇത്തരം ആക്രമണങ്ങൾ രാജ്യത്ത്‌ വർധിക്കുമ്പോഴും സംസ്ഥാനത്ത്‌ ഇതില്ലാതാവുന്നത്‌. അത്‌ തകർക്കാനാണ്‌ നീക്കം. അതിനെതിരെ സാധ്യമായതെല്ലാം സർക്കാർ സ്വീകരിക്കും. പൊതുസമൂഹവും രാഷ്‌ട്രീയപാർടികളും വർഗീയശക്തികളെ ഒറ്റപ്പെടുത്തണം. അതിന്‌പകരം സർക്കാർ നിലപാടുകളെപ്പോലും എതിർക്കുകയാണ്‌ ബിജെപി. അവർ പി സി ജോർജിനെ പിന്തുണയ്‌ക്കുന്നതാണ്‌ കണ്ടത്‌–- കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top