27 April Saturday

ബിജെപി വഴിയൊരുക്കി; പട്ടാമ്പി കൊപ്പം പഞ്ചായത്തിൽ ലീഗ്‌ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Monday May 9, 2022

പട്ടാമ്പി > കൊപ്പം പഞ്ചായത്തിൽ തിങ്കളാ‌ഴ്‌ച പുതിയ പ്രസിഡൻ്റിനെ കണ്ടെത്താനായി നടന്ന തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളും തുല്യമായി വന്ന സാഹചര്യത്തിൽ നറുക്കെടുപ്പിൽ യുഡിഎഫിന് ജയം. ബിജെപിയുടെ പിൻതുണയോടെ ഏപ്രിൽ 18 ന് പ്രസിഡൻ്റിനെതിരെ അകാരണമായി യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് അവിശുദ്ധ സഖ്യം പ്രസിഡൻ്റിനെ പുറത്താക്കിയത്.

അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിനൊപ്പം നിന്ന ബിജെപി അംഗം ഇത്തവണ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ പ്രസിഡൻ്റ് സ്ഥാനാർത്ഥി ടി ഉണ്ണികൃഷ്ണനും യുഡിഎഫിലെ എം സി അബ്ദുൾ അസീസും എട്ടു വീതം വോട്ടുകൾ ലഭിക്കുകയും തുടർന്ന് നറുക്കെടുപ്പിലൂടെ പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുക യുമായിരുന്നു. പട്ടാമ്പി എഇഒ പിഎസ് ലതിക വരണാധികാരി ആയിരുന്നു. നിലവിൽ 17 അംഗങ്ങളുള്ള കൊപ്പം പഞ്ചായത്ത് ഭരണസമിതിയിൽ സിപിഎം - 8, യുഡിഫ് - 8, ബിജെപി - 1 ഇങ്ങനെയാണ് കക്ഷിനില.

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റുകൾ ലഭിച്ചതിനെ തുടർന്ന് ടി ഉണ്ണികൃഷ്ണൻ നറുക്കെടുപ്പിലൂടെ യാണ് പ്രസിഡന്റ് ആയത്. വൈസ് പ്രസിഡൻ്റു തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിൽ കോൺഗ്രസ്സി ലെ പുണ്യ സതീഷ് വൈസ് പ്രസിഡൻ്റാവുകയുമായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ പല വാർഡുകളിലും യു ഡി എഫ് - ബിജെപി കൂട്ടുകെട്ട് പ്രകടമായിരുന്നു. ഇത്തരത്തിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ആദ്യമായി കൊപ്പം പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറന്നത്.

യു ഡി എഫിനെ പിൻതുണച്ചതിന് ബി ജെ പി അംഗം എ പി അഭിലാഷിനെ പുറത്താക്കി എന്ന വാർത്ത ജില്ലാ നേതൃത്വം മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്ന ബി ജെ പി അംഗം എ പി അഭിലാഷ് നേരെ പോയത് കൊപ്പം പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ബി ജെ പി ഓഫീസിലേക്കായിരുന്നു. ഒന്നാം നിലയിലെ ബിജെപി ഓഫീസിന് പുറത്തിട്ട കസേരയിൽ സഹപ്രവർത്തകർക്കൊപ്പം പ്രസിഡൻ്റ് ആരാണെന്ന ഫലമറിയാൻ കാത്തു നിൽക്കുന്നത് കാണാമായിരുന്നു.

കഴിഞ്ഞ ഭരണ സമിതിയുടെ തുടർച്ചയായി പഞ്ചായത്തിൽ അധികാരത്തിലെത്തിയ എൽഡിഎഫ് ഭരണസമിതി കൊപ്പം പഞ്ചായത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള വികസന പ്രവർത്തനങ്ങളാണ് കാഴ്‌ചവെച്ചത്. വെറ്റിനറി ഹോസ്പിറ്റൽ, ആശുപത്രി, സ്‌കൂൾകെട്ടിടം, സ്മാർട്ട് വില്ലേജ് ഓഫീസ്, കേരഗ്രാമം, കൊപ്പം ടൗൺ വഴി കടന്നു പോകുന്ന പട്ടാമ്പി പുലാമന്തോൾ റോഡ്, കൊപ്പം -വളാഞ്ചേരി റോഡ് ഉൾപ്പെടെ വിവിധ റോഡുകൾ, സമഗ്ര കുടിവെള്ള പദ്ധതി തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഹമ്മദ് മുഹസിൻ എം എൽ എ യോടൊപ്പം നിന്നുകൊണ്ട് സംസ്ഥാന സർക്കാറിൻ്റെ സഹകരണത്തോടെ നടപ്പാക്കാൻ നേതൃത്വം നൽകിയ ഉണ്ണികൃഷ്ണനെയാണ് ഇപ്പോൾ അധികാര മോഹികളും വികസന വിരോധികളുമായ യു ഡി എഫും ബി ജെ പിയും ചേർന്ന അവിശുദ്ധ കൂട്ടുകെട്ട് പുറത്താക്കി അധികാരം പിടിച്ചത്. വർഷങ്ങൾക്ക് മുമ്പേ പട്ടാമ്പിയിൽ ആരംഭിച്ച കോലീബി സംഖ്യം താൽക്കാലികമായി വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞു എന്ന് വേണമെങ്കൽ കോൺഗ്രസ്സിനും മുസ്ലീം ലീഗിനും അൽപ്പം സമാധിനിപ്പിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top