28 March Thursday

പതങ്കയം വെള്ളച്ചാട്ടത്തിൽ ഇതുവരെ മുങ്ങിമരിച്ചത് 21 പേർ

സ്വന്തം ലേഖകൻUpdated: Monday May 29, 2023
മുക്കം > കോടഞ്ചേരി നാരങ്ങാതോട് പതങ്കയത്ത് ഞായറാഴ്‌ച ഒരു യുവാവ് കൂടി ഒഴുക്കിൽ പെട്ട്  മരിച്ചതോടെ ഇവിടെ ഇതുവരെ ജീവൻ നഷ്‌ടപ്പെട്ടവർ 21 ആയി. അധികൃതരുടെയും പ്രദേശവാസികളുടേയും മുന്നറിയിപ്പുകൾ അവഗണിച്ച് പുഴയിലിറങ്ങുന്നവരാണ് മരിക്കുന്നവരിലേറെയും. ഞായർ വൈകിട്ട് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമൽ (19)  മരിക്കുന്നതിന്‌ അൽപ്പംമുമ്പ്‌ പോലും വിലക്ക് മറികടന്ന് നിരവധി പേർ എത്തിയിരുന്നു.
 
അമലിനൊപ്പം മറ്റ്‌ മൂന്നുപേർകൂടി പുഴയിൽ ഇറങ്ങിയിരുന്നു. മുന്നറിയിപ്പ്‌ അവഗണിച്ചാണ്‌ സംഘം പുഴയിലിറങ്ങിയത്‌.  ഇത്തരത്തിൽ അധികൃതരുടെ കണ്ണ് വെട്ടിച്ചാണ്‌ പലരും പുഴയിലിറങ്ങുന്നത്. ഇങ്ങനെ പുഴയിലിറങ്ങി മുങ്ങി മരിച്ചവരിലേറെയും 25 വയസിൽ താഴെയുള്ളവരാണ്‌. കഴിഞ്ഞ ജൂലൈയിൽ മുങ്ങിമരിച്ച പതിനെട്ടുകാരന്റെ മൃതദേഹത്തിന്റെ  ഏതാനും അവശിഷ്ടങ്ങളാണ്  തിരച്ചിലിനു ശേഷം കണ്ടെത്താനായത്.  തെളിഞ്ഞ വെള്ളമുള്ള ഇവിടെ ആഴത്തിലുള്ള കയങ്ങളാണ് വില്ലനാകുന്നത്.
 
അടിക്കടിയുള്ള ചെറുപ്പക്കാരുടെ മരണം പ്രദേശ വാസികൾക്ക് വേദനയായി മാറിയിരിക്കുകയാണ്. ഉറ്റ സുഹൃത്തിനെ  വെള്ളച്ചാട്ടം കവർന്നെടുത്തത് വിശ്വസിക്കാനാവാതെ "അമലേ കണ്ണു തുറക്കെടാ...’എന്നുപറഞ്ഞ് കരയുന്ന സുഹൃത്തുക്കളെ ആശ്വസിപ്പിക്കാനാകാത്ത കാഴ്‌ചയായിരുന്നു ഞായറാഴ്ച വൈകിട്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top