23 April Tuesday

കോൺഗ്രസ്‌ നേതാവിന്റെ ഭൂമിതട്ടിപ്പ്‌: തകർന്നത്‌ വിനോദസഞ്ചാര മേഖലയിൽ സംരംഭകന്റെ സ്വപ്‌നങ്ങൾ

ജിതിൻ ബാബുUpdated: Friday Jul 31, 2020

ഇടുക്കി > പരുന്തുംപാറയിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി എൻ അഷ്‌റഫിന്റെ ഭൂമി തട്ടിപ്പിൽ തകർന്നത് ഏറെ പ്രതീക്ഷയുമായി ഹൈറേഞ്ചിലെത്തിയ വിനോദസഞ്ചാര മേഖലയിലെ സംരംഭകന്റെ സ്വപ്‌നങ്ങളാണ്‌. ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിൽ  കോട്ടേജുകളൊരുക്കാനാണ് പരുന്തുംപാറയിൽ കൊല്ലം സ്വദേശി അനിൽകുട്ടൻ സ്ഥലം വാങ്ങാനെത്തിയത്. ഇതിനായി സുഹൃത്തുക്കളുടെ സഹായവുമുണ്ടായി.കൊല്ലത്തെ കേരളാ കോൺഗ്രസ്‌ മാണി വിഭാഗത്തിന്റെ ജില്ലാ നേതാവാണ്‌ എൻ അഷ്‌റഫിനെ അനിൽകുട്ടന്‌ പരിചയപ്പെടുത്തിയത്‌. 

 റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകളുണ്ടാക്കി മറ്റൊരു സ്ഥലത്തിന്റെ പട്ടയം കാണിച്ചായിരുന്നു വിൽപ്പന. പരുന്തുംപാറയിലെ മഞ്ഞും കാറ്റും ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്കായി കോട്ടേജുകൾ നിർമിക്കുകയായിരുന്നു അനിൽകുട്ടന്റെയും മറ്റുള്ളവരുടെയും ലക്ഷ്യം. ഇതിനായി പരുന്തുംപാറയുടെ എതിർവശത്തുള്ള ഭൂമിയാണ്‌ ഇയാൾ വാങ്ങിയത്‌.

പദ്ധതിയുടെ പ്ലാൻ ഉൾപ്പെടെ തയ്യാറാക്കി പ്രധാനറോഡിൽ നിന്നും അകലെയുള്ള സ്ഥലത്തേക്ക്‌ റോഡും വൈദ്യുതിയുമെത്തിച്ചു.ഒരു കോട്ടേജിന്റെ പണി പൂർത്തിയാകുകയും ചെയ്തു. ഇതിനെല്ലാം കൂടി വലിലൊരു തുകയാണ്‌ ഇവർക്ക്‌ ചെലവായത്‌. ഇതിനിടയിലാണ്‌ തങ്ങൾ വഞ്ചിതരാകുകയായിരുന്നെന്നും നിർമാണം നടക്കുന്ന ഭൂമിക്ക്‌ പട്ടയമുണ്ടായിരുന്നില്ലെന്നും അനിൽകുട്ടൻ അറിയുന്നത്‌. തുടർന്ന്‌ ആറുമാസത്തിനുള്ളിൽ തന്ന തുകയോ പട്ടയമോ നൽകണമെന്ന്‌ ഇവർ അഷ്‌ഫിനോട്‌ ആവശ്യപ്പെട്ടു. ഒരു പ്ലോട്ടിൽ നിർമാണം നടന്നതിനാൽ ഇതിന് ചെലവായ തുകകൂടി നൽകണമെന്നായിരുന്നു ആവശ്യം. അതിനായി അഷ്‌റഫിന്റെ മറ്റൊരു സ്ഥലം സെക്യൂരിറ്റിയായി നൽകുകയും ചെയ്തു.

എന്നാൽ അഞ്ച്‌ വർഷം കഴിഞ്ഞാണ്‌ ഇയാൾ തുക തിരിച്ച്‌ നൽകിയത്‌. അതിനിടയ്‌‌‌ക്ക്‌ താൻ ശാരീരികമായും മാനസികമായും ഏറെ തളർന്നിരുന്നുവെന്ന്‌ അനിൽകുട്ടൻ പറഞ്ഞു. കോട്ടേജിരിക്കുന്ന സ്ഥലത്തിന്റെ തുക നൽകാത്തതിനാൽ ഇത്‌ ഇപ്പോഴും അനിൽകുട്ടന്റെ  സുഹൃത്തിന്റെ പേരിൽ തന്നെയാണ്‌. കരമടച്ച രസീത്‌ അടക്കം അനിൽകുട്ടന്റെ പേരിൽ ഇരിക്കുന്ന സമയത്ത്‌ തന്നെ ഈ സ്ഥലം ഉൾപ്പെടെയുള്ള മൂന്നരയേക്കർ കൈയേറ്റ വസ്തുവിന് അഷ്റഫിന്റെ അമ്മയുടെ പേരിൽ പട്ടയം സമ്പാദിക്കുകയും ചെയ്തു. ഇതിന്‌ പിന്നിലും വൻ തട്ടിപ്പാണ്‌ നടന്നിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top