28 March Thursday

കേരളത്തിലേത്‌ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷം: പന്ന്യൻ രവീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

ഏറ്റുമാനൂർ> ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷമാണ്‌ കേരളത്തിലുള്ളതെന്ന്‌ സിപിഐ ദേശീയ എക്‌സിക്യൂട്ടിവ്‌ അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ബിജെപി അനുകൂല നിലപാടായതുകൊണ്ട്‌ അവർക്ക്‌ കേന്ദ്രസർക്കാരിന്റെ ദോഷകരമായ നയങ്ങളെ എതിർക്കാനും പറ്റുന്നില്ല. എല്ലാത്തിനെയും എതിർക്കുക എന്നത്‌ മാത്രമായി അവരുടെ നയം. സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഏറ്റുമാനൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പന്ന്യൻ.

രാജ്യത്തെ കോൺഗ്രസ്‌ കൃത്യമായി നിലപാടില്ലാത്ത പാർടിയായി മാറി. അപക്വമായ കേന്ദ്രനേതൃത്വമാണ്‌ കോൺഗ്രസിനുള്ളത്‌. കേന്ദ്രം ഭരിക്കുന്ന ബിജെപിയാകട്ടെ, പൊതുമേഖലാ സ്ഥാപനങ്ങൾ ചുളുവിലയ്‌ക്ക്‌ കോർപറേറ്റുകൾക്ക്‌ വിൽക്കുന്നു. മുമ്പ്‌ രാജ്യം ഭരിച്ചിത്‌ അംബാനിയുടെ കോൺഗ്രസാണെങ്കിൽ ഇപ്പോൾ ഭരണം അദാനിയുടെ ബിജെപിയാണ്‌. ലോകത്തെ അതിസമ്പന്നൻമാരിൽ ഒരാളായി അദാനിയെ ബിജെപി വളർത്തി. കോർപറേറ്റുകൾക്ക്‌ കിട്ടുന്ന ലാഭത്തിന്റെ പങ്ക്‌ കൈപ്പറ്റിയാണ്‌ ബിജെപി വളരുന്നത്‌.

കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ രാജ്യത്തിന്‌ മുമ്പിൽ ജനകീയ ബദൽ ഉയർത്തി മുന്നോട്ടുപോകുന്നു. ആ ബദലിനെ ശക്തിപ്പെടുത്തേണ്ടത്‌ നാടിന്റെ ആവശ്യമാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
സമ്മേളനത്തിനുള്ള പ്രസീഡിയത്തെയും വിവിധ സബ്‌കമ്മിറ്റികളെയും തെരഞ്ഞെടുത്തു. വി കെ സന്തോഷ്‌കുമാർ രക്തസാക്ഷി പ്രമേയവും ആർ സുശീലൻ അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി സി കെ ശശിധരൻ റിപ്പോർട്ടും അവതരിപ്പിച്ചു. ദേശീയ എക്‌സിക്യൂട്ടിവ്‌ അംഗം കെ ഇ ഇസ്‌മായിൽ, സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടിവ്‌ കമ്മിറ്റിയംഗങ്ങളായ ഇ ചന്ദ്രശേഖരൻ, എ കെ ചന്ദ്രൻ, അഡ്വ. വി ബി ബിനു, പി വസന്തം, ജില്ലാ സെക്രട്ടറി സി കെ ശശിധരൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top