20 April Saturday

പന്നിയങ്കര ടോൾ നിരക്ക്‌; 
സിപിഐ എം പ്രക്ഷോഭത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

വടക്കഞ്ചേരി > പന്നിയങ്കര ടോൾ പ്ലാസയിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട് സിപിഐ എം പ്രക്ഷോഭത്തിലേക്ക്. വടക്കഞ്ചേരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തിങ്കളാഴ്‌ച ടോൾ പ്ലാസയ്‌ക്ക് സമീപം പ്രതിഷേധസമരം നടത്തും. രാവിലെ 10ന് സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ടോൾ പിരിവ് ആരംഭിച്ച് മൂന്നരമാസം പിന്നിട്ടിട്ടും ജനങ്ങളുടെ ആശങ്ക  പരിഹരിച്ചിട്ടില്ല. പ്രദേശവാസികൾക്ക് തിരിച്ചറിയൽരേഖ കാണിച്ച് ഇപ്പോൾ സൗജന്യയാത്ര അനുവദിക്കുന്നുണ്ടെങ്കിലും അത് നിർത്തലാക്കാനാണ് കരാർകമ്പനിയുടെ ശ്രമം. 
സ്വകാര്യബസുകളിൽനിന്ന്‌ അമിതടോൾ നിരക്കാണ് പന്നിയങ്കരയിൽ ഈടാക്കുന്നത്. നിലവിൽ ഒരു ട്രിപ്പ് ഓടണമെങ്കിൽ ഇരുവശത്തേക്കുമായി 425 രൂപ ടോൾ നൽകണം. ഇത്തരത്തിൽ ഒരു ദിവസം മൂന്ന്‌ ട്രിപ്പുവരെ ഓടുന്ന ബസുകൾക്ക് ദിവസം 1,275 രൂപ നൽകണം. നിലവിലെ ടോൾ നിരക്ക്‌ പ്രകാരം ഓരോ ബസും പ്രതിമാസം 38,250 രൂപയാണ് നൽകേണ്ടത്.
 
വാളയാർ ടോൾ പ്ലാസയിൽ ഓരോ ബസിനും പ്രതിമാസം 2,200രൂപ മാത്രം പിരിക്കുമ്പോഴാണ് പന്നിയങ്കരയിൽ കരാർ കമ്പനിയുടെ പകൽക്കൊള്ള നടക്കുന്നത്. വാളയാറിലുള്ളതിനേക്കാൾ പന്നിയങ്കരയിൽ 18 ഇരട്ടി നിരക്കാണ് ഈടാക്കുന്നത്‌. ഇത്തരത്തിൽ ബസ്‌ സർവീസ് നടത്താൻ കഴിയില്ലെന്നാണ് ബസുടമകൾ പറയുന്നത്. ടോൾപിരിവ് ആരംഭിക്കുമ്പോൾത്തന്നെ ദേശീയപാതയിൽ പലയിടത്തും  പണി പൂർത്തിയാക്കിയിട്ടില്ല. ഇപ്പോഴും ദേശീയപാതയിൽ പണി പൂർത്തിയാക്കാനുണ്ട്‌. ഇതിനിടെ ഏപ്രിൽ ഒന്നു മുതൽ ടോൾനിരക്ക് 10 മുതൽ 15 ശതമാനംവരെ വർധിപ്പിച്ച കരാർകമ്പനിക്കെതിരെ ഹൈക്കോടതി വിമർശമുന്നയിക്കുകയും കൂട്ടിയ നിരക്ക് കുറയ്‌ക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു.
 
നിലവിൽ ബസുടമകളുടെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ നിർമാണം പൂർത്തിയാക്കാത്തതിനെതിരെ കോടതി കരാർകമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ദേശീയപാതയിലെ പണി പൂർത്തിയാകുന്നതിനുമുമ്പേ ദേശീയപാത അതോറിറ്റി ടോൾ പിരിക്കാൻ കരാർകമ്പനിക്ക് അനുമതി നൽകുകയായിരുന്നു. കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ വ്യക്തമാകുന്നത്. സമരത്തിൽ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്ന്‌ ഏരിയ സെക്രട്ടറി ടി കണ്ണൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top