04 October Wednesday

അയ്യയ്യോ ബ്രേക്കിടരുത‌്, പ്ലീസ‌്! വണ്ടി പെട്ടന്ന‌് ബ്രേക്കിട്ടാൽ പാലം ഇളകിത്തെറിക്കുമോ?

എം എസ‌് അശോകൻUpdated: Wednesday Jun 19, 2019


പാലാരിവട്ടം പാലത്തിന്റെ ഗർഡറുകളിലൊന്ന‌് തൂണിൽ നിന്ന‌് ഇളകി മാറിയതുകണ്ട‌് നാട്ടുകാർ നിർമാണ കരാറുകാരെ വിവരമറിയിച്ചപ്പോൾ ‘വണ്ടി സഡൻ ബ്രേക്കിട്ടപ്പോൾ പറ്റിയതാകു’മെന്നാണ‌് ലഭിച്ച മറുപടി

വണ്ടി പെട്ടന്ന‌് ബ്രേക്കിട്ടാൽ പാലം ഇളകിത്തെറിക്കുമോ? മേൽപ്പാലം ഗതാഗതത്തിന‌് തുറന്നതോടെയാണ‌് പാലാരിവട്ടം നിവാസികൾക്ക‌് ഇങ്ങനെ ഒരു സംശയമുണ്ടായത‌്. ഗർഡറുകളിലൊന്ന‌് തൂണുകളിൽനിന്ന‌് ഇളകി മാറിയതുകണ്ട‌് നാട്ടുകാരിലൊരാൾ നിർമാണ കരാറുകാരെ വിവരമറിയിച്ചപ്പോൾ  ‘വണ്ടി സഡൻ ബ്രേക്കിട്ടപ്പോൾ പറ്റിയതാകു’മെന്ന മറുപടിയാണ‌് കിട്ടിയത‌്. പാലം നിർമാണത്തിലെ കെടുകാര്യസ്ഥതകൾ പലതും നേരിട്ടുകണ്ട പരിസരവാസികൾക്ക‌് പാലത്തിന്റെ ഇപ്പൊഴത്തെ  അവസ്ഥയോർത്ത‌് ഒട്ടും അതിശയമില്ല. സിമന്റ‌് ആവശ്യത്തിന‌് ചേർക്കാതെയുള്ള കോൺക്രീറ്റ് കൂട്ടലും വെള്ളം നനയ‌്ക്കാതെയുള്ള പാലം വാർക്കലുമൊക്കെ കണ്ട നാട്ടുകാർക്ക‌് ഇപ്പോഴത്തെ വിദഗ‌്ധ പരിശോധനാ ഫലത്തിൽ ഒരത്ഭുതവുമില്ല.

 

പൊതുഖജനാവിൽനിന്ന‌് 37 കോടിരൂപ ചെലവഴിച്ച പാലം ഗതാഗതയോഗ്യമാകണമെങ്കിൽ ഇനിയും കോടികൾ ചെലവാക്കണം. ഈ അവസ്ഥയിൽ അറ്റകുറ്റപ്പണികളിലൂടെ പാലം വീണ്ടെടുക്കാനാകുമോ എന്ന‌് ഉറപ്പിക്കാറായിട്ടില്ല. അറ്റകുറ്റപ്പണിക്കായാലും പുനർ നിർമാണത്തിനാണെങ്കിലും കോടികൾ പൊതു ഖജനാവിൽനിന്ന‌് ചെലവഴിക്കേണ്ടിവരുമെന്ന‌് ഉറപ്പ‌്.

നന്നായി മിനുക്കിയിട്ടുണ്ട‌്, എന്തൊക്കെയാണ‌് കുഴപ്പമെന്ന‌് നോക്കിയാലെ അറിയൂ എന്നാണ‌് പാലം പരിശോധിച്ച പ്രമുഖ സ‌്ട്രക‌്ചറൽ എൻജിനിയർ പ്രോഫ. മഹേഷ‌് ഠണ്ടൻ  പറഞ്ഞത‌്.

ഗർഡറുകളിലും തൂണുകളിലും വിള്ളലുകൾ ദൃശ്യമായിക്കഴിഞ്ഞു. 0.2 മുതൽ 0.4 വരെ മില്ലിമീറ്റർ വീതിയിലാണ‌് വിള്ളലുകളെന്ന‌് ചെന്നൈ ഐഐടിയിലെ വിദഗ‌്ധരുടെ പരിശോധനാ റിപ്പോർട്ട‌്. കഴിഞ്ഞ മാർച്ച‌് 27ന‌് ചേർന്ന റോഡ‌്സ‌് ആൻഡ‌് ബ്രിഡ‌്ജസ‌് കോർപറേഷന്റെ ബോർഡ‌് യോഗത്തിലാണ‌് ചെന്നൈ ഐഐടി ആദ്യ പരിശോധനാ റിപ്പോർട്ട‌് സമർപ്പിച്ചത‌്.

കോൺക്രീറ്റ‌് മിശ്രിതത്തിന്റെ മേന്മയില്ലായ‌്മ പാലത്തിന്റെ ഗർഡറുകളിലും തൂണുകളിലും പൊട്ടലിനും വിള്ളലിനും കാരണമായെന്നും പിയർ ക്യാപ്പിൽനിന്ന‌് ഗർഡർ ഇളകിമാറിയത‌് പാലത്തിന്റെ മൊത്തം ബലക്ഷയത്തിനിടയാക്കിയെന്നുമാണ‌് റിപ്പോർട്ട‌്.

രണ്ടു ഘട്ടങ്ങളായി പാലം പുനരുദ്ധരിക്കാനാണ‌് ഐഐടി നിർദേശിച്ചത‌്. കേടായ ബെയറിങ്ങുകൾ മാറ്റി പുതിയത‌് സ്ഥാപിക്കുക, ടാറിങ് പുതുക്കുക, ഗർഡറുകൾ പുതിയ സംവിധാനത്തിൽ യഥാസ്ഥാനത്ത‌് സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു ആദ്യ നിർദേശങ്ങൾ. ഗർഡറുകളും തൂണുകളും ബലപ്പെടുത്താനുള്ള  നടപടികളാണ‌് രണ്ടാംഘട്ടത്തിൽ നിർദേശിച്ചത‌്.

ആദ്യ മൂന്നുവർഷം ഉണ്ടാകുന്ന അപാകതകൾ കരാറുകാരന്റെ ചെലവിൽ തീർക്കണമെന്ന കരാർ വ്യവസ്ഥ പ്രകാരമാണ‌് ഐഐടിയുടെ ആദ്യഘട്ട പരിഹാര നടപടികൾ കരാറുകാരായ ആർഡി എസ‌് കമ്പനി തന്നെ ഏറ്റെടുത്ത‌ത‌്. ഇതിനായി മെയ‌് ഒന്നിന‌് പാലം അടച്ചു. പുനരുദ്ധാരണം തുടങ്ങിയെങ്കിലും ഇത‌് ഫലപ്രദമാകുമോ എന്ന ആശങ്ക ബലപ്പെട്ടു. തുടർന്നാണ‌് മുഖ്യമന്ത്രി പിണറായി വിജയൻ ഇ ശ്രീധരനോട‌് പാലം പരിശോധിക്കാൻ ആവശ്യപ്പെട്ടത‌്. മഹേഷ‌് ഠണ്ടൻ ഉൾപ്പെടെ പ്രമുഖർ നടത്തിയ പരിശോധനയുടെ ഫലം നിർമാണത്തിലെ ഗുരുതരമായ ക്രമക്കേടുകളിലേക്കാണ‌് വിരൽചൂണ്ടുന്നത‌്. പാലം ഇതേ നിലയിൽ തുടരാനാകില്ലെന്ന‌് പിന്നീട‌് ഡിഎംആർസി മുഖ്യ ഉപദേഷ‌്ടാവ‌് ഇ ശ്രീധരൻ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top