25 September Sunday

പാലാരിവട്ടം പാലം: കെടുകാര്യസ്ഥതയുടെ അടിവേര‌് ചികഞ്ഞ‌് വിദഗ‌്ധ പരിശോധന

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

കൊച്ചി > രാജ്യത്തിനകത്തും പുറത്തും എണ്ണമറ്റ നിർമാണങ്ങൾ പ്രശംസനീയമായി പൂർത്തിയാക്കിയ എൻജിനിയറിങ് രംഗത്തെ അതികായർക്ക‌്  മുന്നിൽ പാലാരിവട്ടം പാലത്തിലെ അഴിമതി കാഴ‌്ചകൾ പലപ്പോഴും വിശ്വസിക്കാനാകാത്ത അതിശയങ്ങളായി.  ഓരോ ഇഞ്ചിലും പകൽപോലെ തെളിഞ്ഞുകിടന്ന കെടുകാര്യസ്ഥതയുടെ അടയാളങ്ങളെ അവർ വിരലുകൊണ്ട‌് തൊട്ടറിഞ്ഞു. പൊട്ടിയും പൊളിഞ്ഞും  സ്ഥാനംതെറ്റിയും നഗരമധ്യത്തിൽ കെട്ടുകാഴ‌്ചയായി കിടക്കുന്ന പാലം വീണ്ടെടുക്കാനുള്ള വഴികളാരാഞ്ഞ‌് പരിശോധനയ‌്ക്കിടയിലും സംഘം ഗൗരവമുള്ള ചർച്ചകളിൽ മുഴുകി. ഡിഎംആർസി മുഖ്യ ഉപദേഷ‌്ടാവ‌് ഇ ശ്രീധരന്റെ നേതൃത്വത്തിൽ ഒന്നര മണിക്കൂറിലേറെ നീണ്ട പരിശോധനയിലൂടെ പാലത്തിലെ നിർമാണ വീഴ‌്ചകളുടെ അടിവേര‌് സംഘം ചികഞ്ഞെടുത്തു.

തിങ്കളാഴ‌്ച രാവിലെ എട്ടോടെ പാലത്തിന്റെ വടക്കേ അറ്റത്തുനിന്നാണ‌് സംഘം പരിശോധന തുടങ്ങിയത‌്. സ‌്ട്രക‌്ചറൽ എൻജിനിയറിങ്ങിൽ രാജ്യാന്തര തലത്തിൽ പ്രശസ‌്തനായ പ്രൊഫ. മഹേഷ‌് ഠണ്ടനും നേരത്തെ പാലത്തിൽ വിശദ പരിശോധന നടത്തിയ ചെന്നൈ ഐഐടിയിലെ പ്രൊഫ. അളഗസുന്ദര മൂർത്തിയും മറ്റു വിദഗ‌്ധരും ഇ ശ്രീധരനൊപ്പം ചേർന്നു.  അപ്രോച്ച‌് റോഡുമായി ചേരുന്ന ഭാഗത്തെ ആദ്യ ഗർഡറിന്റെ അടിഭാഗത്തുതന്നെ എണ്ണമറ്റ പൊട്ടലുകൾ സംഘം കണ്ടു. ആദ്യ തൂണുകൾക്കിടയിലൂടെ ശ്രമകരമായി ഉള്ളിലേക്ക‌് കയറിയ സംഘം ഗർഡറുകൾ സ്ഥാപിച്ചതിലെ അപാകത പരിശോധിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി പലയിടത്തും ഗർഡറുകൾ കനമുള്ള ഇരുമ്പുപാളികളിൽ ഉയർത്തിവച്ചിട്ടുള്ളതും പരിശോധിച്ചു. ചെന്നൈ ഐഐടിയിലെ വിദഗ‌്ധ സംഘത്തിന്റെ പരിശോധനയുടെ ഭാഗമായി ഗർഡറുകളിൽ പലയിടത്തും അടയാളപ്പെടുത്തിയിരുന്നു. അതേക്കുറിച്ച‌് പ്രൊഫ. അളഗസുന്ദരമൂർത്തി വിശദീകരിച്ചു നൽകി. ശ്രീധരനും മഹേഷ‌് ഠാണ്ടനും ഉന്നയിച്ച സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകുന്നുണ്ടായിരുന്നു. പാലാരിവട്ടം ബൈപാസ‌് മുറിച്ചുകടക്കുന്ന ഭാഗത്തെ തൂണുകളിലൊന്നിൽ ആഴത്തിൽ വിള്ളൽ വീണത‌് പ്രത്യേകം പരിശോധിച്ചു.

പാലത്തിന്റെ തെക്കെ വശത്തും ഇത്തരം പൊട്ടലും സ്ഥാനം മാറലും പ്രകടമായിത്തന്നെയുണ്ട‌്. മുഴുവൻ തൂണുകളും ഗർഡറും വിശദമായി പരിശോധിച്ച സംഘം പിന്നീട‌് പാലത്തിന‌് മുകളിലും കയറി പരിശോധിച്ചു. പരിശോധനയ‌്ക്ക‌് ശേഷം മാധ്യമപ്രവർത്തകരോട‌് പ്രതികരിക്കാൻ ഇ ശ്രീധരൻ തയ്യാറായില്ല. ഇപ്പോഴൊന്നും പറയാനില്ലെന്ന‌് പറഞ്ഞ‌് അദ്ദേഹം ഒഴിഞ്ഞു. നന്നായി ഫിനിഷ‌് ചെയ‌്തിട്ടുണ്ടെന്നും ഉള്ളിൽ എന്തൊക്കെ കുഴപ്പങ്ങളുണ്ടെന്ന‌് വിശദമായി പരിശോധിച്ചറിയണമെന്നും മഹേഷ‌് ഠണ്ടൻ പ്രതികരിച്ചു. ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള പരിശോധനയുടെ വിവരമറിഞ്ഞ‌് വലിയ ആൾക്കൂട്ടം പാലത്തിന്റെ പരിസരത്തുണ്ടായിരുന്നു. പരിസരവാസികളിൽ ചിലർ പാലം നിർമാണകാലത്തെ കെടുകാര്യസ്ഥതകളെ കുറിച്ച‌് പരസ്യമായ ആക്ഷേപം ഉന്നയിക്കുന്നുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top