24 April Wednesday

മലമ്പുഴ, കഞ്ചിക്കോട്‌ മേഖലയിൽ മഴക്കാലത്തും 
കാട്ടാനകൾ; ഓടിച്ച് മടുത്ത് വനംവകുപ്പ്

ശരത്‌ കൽപ്പാത്തിUpdated: Thursday Jul 22, 2021

കഞ്ചിക്കോട് വനമേഖലയിൽ നിന്ന് ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന ഒറ്റയാൻ ഫോട്ടോ: പി വി സുജിത്

പാലക്കാട് > വേനലിൽ തീറ്റയും ഭക്ഷണവും തേടി നാട്ടിലേക്കിറങ്ങുന്ന കാട്ടാനകളാണ്‌ നാട്ടുകാരുടെയും വനം വകുപ്പിന്റേയും ഉറക്കം കെടുത്തുന്നതെങ്കിൽ മഴക്കാലത്തും അത്‌ തുടരുന്നത്‌ ആശങ്ക കൂട്ടുന്നു. കടുത്ത ജലക്ഷാമവും വരൾച്ചയിൽ തീറ്റയില്ലാതാവുകയും ചെയ്യുമ്പോഴാണ്‌ ആനകൾ പൊതുവേ കാടിറങ്ങുന്നത്‌. എന്നാൽ, മഴ കനത്തിട്ടും മലയോരത്ത്‌ കാട്ടാനശല്യം രൂക്ഷമാണ്‌. ആനകളെ ഓരോന്നിനെയും നിരീക്ഷിച്ച് സ്വഭാവഘടന മനസിലാക്കി കാടുകയറ്റാനാണ്‌ വനംവകുപ്പിന്റെ ശ്രമം.  ഉദ്യോഗസ്ഥരും ഗവേഷകരും അടങ്ങുന്ന സംഘം ആനകളെ നിരീക്ഷിക്കുകയാണ്‌.
 
വനാതിർത്തിയിൽ കിടങ്ങുകുഴിച്ചും വേലികെട്ടിയും തടസം സൃഷ്ടിച്ചെങ്കിലും ആനകൾ ഇവ മറികടക്കാൻ പഠിച്ചു. കിടങ്ങുകൾ ഭൂരിഭാഗവും കാടിനകത്തെ മണ്ണിടിച്ചിലുകളിൽ ഇല്ലാതായി. അട്ടപ്പാടിയിലെ  ഷോളയൂർ, ചാവടിയൂർ, മൂച്ചിക്കടവ്, ചിറ്റൂർ, കുറവൻപാടി, പ്ലാമരം, ചാളയൂർ, മുള്ളി എന്നിവിടങ്ങളിൽ ഒരുമാസത്തിനിടെ പലതവണ കാട്ടാനയാക്രമണമുണ്ടായി. പാലക്കാട് ഡിവിഷന് കീഴിൽ വാളയാർ, കഞ്ചിക്കോട്, മലമ്പുഴ, മുണ്ടൂർ എന്നിവിടങ്ങളിലാണ് അടുത്തകാലത്തായി കാട്ടാനശല്യം വർധിച്ചത്. 
വാളയാർ റേഞ്ച് പരിധിയിൽ കൊട്ടേക്കാട്, കഞ്ചിക്കോട്, പന്നിമട, വല്ലടി, വലിയേരി എന്നിവിടങ്ങളിലാണ്‌  ആനകളുടെ സാന്നിധ്യം കൂടുതൽ. കിഴക്കഞ്ചേരി, കണച്ചിപ്പരുത, കൊല്ലങ്കോട് എന്നിവിടങ്ങളിലും കൃഷിനാശം രൂക്ഷമാണ്‌.
 
ചുരുളിക്കൊമ്പനും 
കാട്ടാനക്കൂട്ടവും
 
കഞ്ചിക്കോട്, വാളയാർ മേഖലയിൽ ചുരുളിക്കൊമ്പൻ എന്ന ‘പി ടി അഞ്ച്’ എന്ന ആനയാണ് ജനവാസമേഖലയിലെത്തുന്നവരിൽ പ്രധാനി. പകൽ ഊരൊലിയിൽ നിന്നോ എളമ്പ്രക്കാട്ടിൽ നിന്നോ അയ്യപ്പൻമലയിലേക്ക് ഓടിച്ചുവിട്ടാൽ രാത്രിയിൽ തിരികെയെത്തും. കൃഷിയിടങ്ങൾ ചവിട്ടിമെതിച്ചാണ് യാത്ര.
 
മലമ്പുഴയിൽ രണ്ടുകൊമ്പന്മാരാണ് വില്ലന്മാർ. കഞ്ചിക്കോട് ഐഐടിയ്ക്ക് പിറകിലായി കൃഷിയിടത്തിന് മീറ്ററുകൾക്കപ്പുറത്ത് പതിനാറംഗ കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top