19 April Friday

ആർഎസ്‌എസിനെ വെള്ളപൂശി മാധ്യമങ്ങൾ ; ദൃക് സാക്ഷിമൊഴി വക്രീകരിക്കാൻ ശ്രമം

വേണു കെ ആലത്തൂർUpdated: Tuesday Aug 16, 2022

പാലക്കാട്‌>ഷാജഹന്റെ കൊലയാളികളുടെ ആർഎസ്‌എസ്‌–- ബിജെപി ബന്ധം മറച്ചുവയ്‌ക്കാൻ മാധ്യമങ്ങളുടെ വഴിവിട്ട ശ്രമം. കൊട്ടേക്കാട്‌ ഭാഗത്ത്‌ സംഘർഷമുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്യാതെ കൊലപാതകം നേരിൽക്കണ്ട ഷാജഹാന്റെ സുഹൃത്തും സിപിഐ എം അംഗവുമായ സുരേഷ്‌ നൽകിയ മൊഴി വക്രീകരിച്ച്‌ കാണിക്കാനായിരുന്നു  മാധ്യമങ്ങൾ ശ്രമിച്ചത്‌. ആദ്യം ന്യൂസ്‌ 18 ചാനൽ ആണ്‌ സുരേഷിന്റെ പ്രതികരണം എടുത്തത്‌. അതിൽ കൃത്യമായി  സുരേഷ്‌ പറഞ്ഞത്‌ ഇതാണ്‌:

‘പ്രതികളിൽ ചിലർ  നേരത്തേ സിപിഐ എം അനുഭാവികളായിരുന്നു. ഇപ്പോൾ അവർ സജീവ ആർഎസ്‌എസ്‌–- ബിജെപി പ്രവർത്തകരാണ്‌. ഷാജഹാനെ കൊല്ലാൻ വന്നവരിൽ എന്റെ മകനുമുണ്ട്‌. അവൻ ബിജെപിക്കാരനും അവരോടൊപ്പം  പ്രവർത്തിക്കുന്നവനുമാണ്‌. മകനും പ്രതിയാണ്‌ എന്ന്‌ പറയാൻ എനിക്ക്‌ ഒരുമടിയുമില്ല.'

ന്യൂസ്‌ 18 എടുത്ത  ഈ പ്രതികരണം ഉൾപ്പെടുന്ന ദൃശ്യം  മാതൃഭൂമി ന്യൂസ്‌ചാനൽ കടംവാങ്ങി പ്രക്ഷേപണം ചെയ്‌തപ്പോൾ സുരേഷ്‌ പറയുന്ന ‘പ്രതികളിൽ ചിലർ നേരത്തേ സിപിഐ എം  അനുഭാവികളായിരുന്നു’വെന്ന ഭാഗം മാത്രം കാണിച്ച്‌, സംഭവത്തിനുപിന്നിൽ സിപിഐ എം ആണെന്ന്‌ ദൃക്‌സാക്ഷി പറഞ്ഞതായി വാർത്തയായി നൽകി.  മാതൃഭൂമി ചാനൽ കാണിച്ച ദൃശ്യങ്ങളിൽ ന്യൂസ്‌ 18ന്റെ മൈക്ക്‌ അവ്യക്തമാക്കി നൽകാൻ ശ്രമിച്ചായിരുന്നു ഈ തട്ടിപ്പ്‌.  ആർഎസ്‌എസിനെ ന്യായീകരിക്കാൻ ഇല്ലാക്കഥയുണ്ടാക്കി  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കടംവാങ്ങിയ ദൃശ്യവും മാതൃഭൂമി ചാനൽ  ഉപയോഗിച്ചു.  ഇതിന്റെ ചുവടുപിടിച്ച്‌ മറ്റ്‌ ചാനലുകളും കഥ ആവർത്തിച്ചു. ഈ ഭാഗം അടർത്തിയെടുത്താണ്‌ തിങ്കഴാഴ്‌ച വൈകിട്ട്‌ മറ്റ്‌ ചാനലുകളും സിപിഐ എമ്മിന്റെ തലയിൽ കൊലയുടെ ഉത്തരവാദിത്വം ചാർത്താൻ ചർച്ച സംഘടിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top