29 March Friday

ആളിക്കത്തിക്കാനോ "ദീപം?' ; മുതലെടുപ്പുകാര്‍ക്കായി വാര്‍ത്തകളും പരമ്പരയും

സ്വന്തം ലേഖകന്‍Updated: Sunday Sep 19, 2021

തിരുവനന്തപുരം > പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടര്‍ന്നുള്ള മുതലെടുപ്പ് ശ്രമത്തെ സമൂഹം ഒറ്റക്കെട്ടായി നേരിടുമ്പോള്‍ ആളിക്കത്തിക്കാന്‍ ഒരു കോട്ടയം പത്രം. മുതലെടുപ്പുകാര്‍ക്ക് ഉപയോഗിക്കാവുന്ന നിലയിലാണ് പരമ്പരകളും ലേഖനങ്ങളും മുഖപ്രസംഗവും.

ചേരിതിരിവുണ്ടാക്കി ചോരകുടിക്കാന്‍ കാത്തിരിക്കുന്ന സംഘപരിവാറിനും മറ്റു ചില ശക്തികള്‍ക്കും ഊര്‍ജം പകരുന്നതാണിവ. രാഷ്ട്രീയ നിലപാട് തുറന്നു പറയുമ്പോഴും കാലുഷ്യത്തിന് വളമിട്ട് കൊടുക്കാറില്ല മാധ്യമങ്ങള്‍. എന്നാല്‍, പാരമ്പര്യം ഏറെയുള്ള ഈ പത്രത്തിന്റെ റിപ്പോര്‍ട്ടുകളില്‍ പലതും സാമുദായിക ചേരിതിരിവിന് 'തീ ' പകരുന്നതാണ്. പേരിലെ 'ദീപം' സമൂഹത്തിന് വെളിച്ചം പകരാനാണ്; ഇരുട്ടിലാക്കാനല്ല ഉപയോഗിക്കേണ്ടത്. 

കാന്ധമാലും സ്റ്റാന്‍സ്വാമിയും  ഗ്രഹാംസ്റ്റെയിനും കുട്ടികളും 98ല്‍ തെക്കന്‍ ഗുജറാത്തിലുണ്ടായ കലാപവുമടക്കം എത്ര ആക്രമണങ്ങള്‍ ഉണ്ടായി. 20 പള്ളി ഒന്നിച്ച് സംഘപരിവാര്‍ കത്തിച്ചതും ചരിത്രമാണ്. ഇതൊക്കെ മറന്നതായി നടിച്ച് പത്രം പറയുന്നു; 'ലൗ, നര്‍കോട്ടിക് ജിഹാദ് ഇല്ലാതാക്കാന്‍ യുട്യൂബ് നോക്കിയും  അഡ്വ. ജയശങ്കറും മറ്റും പറയുന്നത് കേട്ടും അന്വേഷിക്കണം ' !

കാലുഷ്യത്തിന് വളമിട്ട് കൊടുക്കാറില്ല മാധ്യമങ്ങള്‍. എന്നാല്‍, പാരമ്പര്യം ഏറെയുള്ള ഒരു പത്രത്തിന്റെ റിപ്പോര്‍ട്ടുകളില്‍ പലതും സാമുദായിക ചേരിതിരിവിന് 'തീ' പകരുന്നത്

പാലാ സഹായമെത്രാന്‍ ജേക്കബ് മുരിക്കന്റെ പ്രസ്താവന: '' സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചത്. ഇത് ഏതെങ്കിലും മതത്തിന് എതിരല്ല. തെറ്റിദ്ധാരണാജനകമായ പ്രചാരണം അവസാനിപ്പിക്കണം. ''

പിന്നീട് കത്തോലിക്കാ കോണ്‍ഗ്രസും ആവര്‍ത്തിച്ചു. സമൂഹമാധ്യമങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന്  പാല ബിഷപ് പറഞ്ഞിരുന്നു. സമുദായ നേതാക്കള്‍ പറയുന്നതും ബാധകമല്ലാത്ത വിധമാണ്  പത്രത്തിന്റെ ജല്‍പ്പനം. സ്പര്‍ധവളര്‍ത്താനുള്ള നീക്കത്തിനെതിരെ ക്രൈസ്തവ സമൂഹത്തില്‍നിന്ന് തന്നെ നിരവധിപേര്‍  രംഗത്തുവന്നു.

മയക്കുമരുന്നിന്റെ വ്യാപനം ഏതെങ്കിലും മതത്തെ മാത്രമല്ല എല്ലാവര്‍ക്കും ദോഷമുണ്ടാക്കും, അതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശമാണ് ബഹുഭൂരിപക്ഷവും ചെവിക്കൊണ്ടത്. അതുകൊണ്ടാകാം, അവസരം കിട്ടിയപ്പോഴൊക്കെ പത്രം സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഇല്ലാക്കഥയുടെ വാളെടുത്തത്. ചിലര്‍ക്ക് പഴയ  വിരോധം തികട്ടി വരുന്നുണ്ടാകാം. പക്ഷെ, അത് സമൂഹത്തിലെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനാകരുത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top