27 April Saturday

പത്മശ്രീ മിലേനാ സാൽവിനി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
 
തൃശൂർ> കലാമണ്ഡലത്തിലെ ആദ്യകാല വിദേശ കലാപഠിതാക്കളിൽ പ്രമുഖയും കലാഗവേഷകയുമായ 
പത്മശ്രീ മിലേന സാൽവിനി അന്തരിച്ചു. 1965 ൽ കഥകളി പഠിക്കാനായി ഫ്രാൻസിൽനിന്നും സ്കോളർഷിപ്പോടെ കലാമണ്ഡലത്തിൽ എത്തിയ മിലേന സാൽവിനി, ഭാരതീയ ശാസ്ത്രീയകലകളുടെ പരിപോഷകയും പ്രചാരകയുമായി മാറി. കേരള കലാമണ്ഡലത്തിന്റെ വികാസപരിണാമഘട്ടങ്ങളിൽ മിലേന നടത്തിയ കലാപ്രവർത്തനങ്ങൾ മഹത്തരമാണ്. മിലേനയുടെ ക്ഷണം സ്വീകരിച്ച്, 1967 ൽ പതിനേഴംഗ കഥകളിസംഘം നടത്തിയ യൂറോപ്പ് പര്യടനം “കലാമണ്ഡലത്തിന്റെ ചരിത്രവീഥിയിലെ മാർഗ്ഗദർശകമായ നാഴികക്കല്ലാ”യി മാറി. 
 
1975 ൽ മിലേനയും ജീവിതപങ്കാളിയായ റോജർ ഫിലിപ്പ്സിയും ചേർന്ന് പാരീസിൽ "മണ്ഡപ സെന്റർ ഫോർ ക്ലാസിക്കൽ ഡാൻസസ് " എന്ന വിദ്യാലയം സ്ഥാപിച്ച് കഥകളി തുടങ്ങിയ ശാസ്ത്രീയ കലകൾ പഠിപ്പിക്കുന്നതിന് നേതൃത്വം നൽകി വന്നു. ഈ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 1980 ലും 1999 ലും കലാമണ്ഡലം നടത്തിയ വിദേശപരിപാടി കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കി.
 
2001 ൽ കൂടിയാട്ടത്തിന് യുനെസ്കോയുടെ അംഗീകാരം നേടിക്കൊടുക്കുന്നതിൽ മിലേനയുടെ കലാപ്രവർത്തനങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണ്. കഥകളിക്ക് നല്കിയ സംഭാവനകളെ  പുരസ്ക്കരിച്ച് മിലേന സാൽവിനിയെ 2019 ൽ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
 മിലേനയുടെ വേർപാടിൽ  കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണനും  ഭരണസമിതിയംഗങ്ങളും  അധ്യാപകരും വിദ്യാർത്ഥികളും  ജീവനക്കാരും അനുശോചിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top