29 March Friday

പാളത്തില്‍ വീണ മൊബൈല്‍ എടുക്കാനിറങ്ങിയ യുവതിയും രക്ഷിക്കാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗവും ട്രെയിന്‍തട്ടി മരിച്ചു

സ്വന്തം ലേഖകന്‍Updated: Friday Sep 16, 2022

(കൊല്ലം) കുന്നിക്കോട്>  പാളത്തില്‍വീണ മൊബൈല്‍ ഫോണ്‍ എടുക്കാനിറങ്ങിയ യുവതിയും രക്ഷിക്കാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗവും ട്രെയിന്‍ തട്ടി മരിച്ചു. വിളക്കുടി പഞ്ചായത്ത് അംഗവും സിപിഐ എം കുന്നിക്കോട് ഏരിയ കമ്മിറ്റി അംഗവുമായ കുന്നിക്കോട് നദീറ മന്‍സിലില്‍  എം റഹിംകുട്ടി (59),  കാവല്‍പ്പുര പ്ലാമൂട് കീഴ്ചച്ചിറ പുത്തന്‍വീട്ടില്‍ സജീന (40) എന്നിവരാണ് മരിച്ചത്.

ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ വെള്ളി പകല്‍ 2.30നാണ് സംഭവം. കൊല്ലത്തേക്കുള്ള യാത്രയ്ക്കായി രണ്ടാം ഫ്‌ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്നു ഇരുവരും.  ഇതിനിടെ കൈയില്‍നിന്നു വീണ മൊബൈല്‍ ഫോണ്‍ എടുക്കാനായി സജീന പാളത്തിലേക്ക് ഇറങ്ങി. തിരികെ കയറാന്‍ ശ്രമിക്കവെ ട്രെയിന്‍ വരുന്നതുകണ്ട് റഹിംകുട്ടി സജീനയെ കൈപിടിച്ച് കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍, ഇരുവരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു.

തലയ്ക്കു ക്ഷതമേറ്റ സജീന തല്‍ക്ഷണം മരിച്ചു. കാല്‍പ്പാദം അറ്റ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റഹിംകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. റഹിംകുട്ടി വിളക്കുടി പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. ആവണീശ്വരം സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും കര്‍ഷകസംഘം മുന്‍ ഏരിയ പ്രസിഡന്റുമാണ്.

 
റഹിംകുട്ടിയുടെ മൃതദേഹം ശനി പകല്‍ രണ്ടിന് കുന്നിക്കോട് വലിയ പള്ളിയില്‍ ഖബറടക്കും. ഭാര്യ: സബൂറ. മക്കള്‍: അഹമ്മദ്, അഫ്‌സല്‍. മരുമകള്‍: അല്‍ഫിയ.
സജീനയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭര്‍ത്താവ് ഷാനവാസ്. മക്കള്‍: റിയാസ്, ഫാത്തിമ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top