കാഞ്ഞങ്ങാട് > കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആദ്യ പേസ്‌മേക്കർ ചികിത്സ നടത്തി. സർക്കാർ തലത്തിലെ ജില്ലയിലെ ആദ്യ കാത്ത്‌ലാബായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിലാണ് ആദ്യത്തെ പേസ്‌മേക്കർ ഇംപ്ലാന്റ് നടത്തിയത്. ആറങ്ങാടി സ്വദേശിനിയായ 75 വയസുകാരിക്കാണ് സർക്കാരിന്റെ പദ്ധതിയിലൂടെ സൗജന്യമായി ചികിത്സ ലഭ്യമാക്കിയത്. രോഗി സുഖം പ്രാപിച്ച് വരുന്നു. വിജയകരമായി പേസ്‌മേക്കർ ഇംപ്ലാന്റ് നടത്തിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
കഴിഞ്ഞ ബുധനാഴ്ച ഇടയ്ക്കിടെ തലകറക്കവുമായാണ് രോഗി ആശുപത്രിയിലെത്തിയത്. കാർഡിയോളജിസ്റ്റിന്റെ നിർദേശ പ്രകാരം ഹോൾട്ടർ ടെസ്റ്റ് നടത്തി. ഹോൾട്ടർ ടെസ്റ്റിൽ ഹൃദയമിടിപ്പിൽ താളവ്യത്യാസം കണ്ടെത്തിയതോടെയാണ് ഈ മാസം ആറാം തീയതി പേസ്‌മേക്കർ ചികിത്സ നടത്തിയത്. കാർഡിയോളജിസ്റ്റുകളായ ഡോ. രാജി രാജൻ, ഡോ. പ്രവീണ, അനേസ്‌ത്യേഷ്യ വിഭാഗത്തിലെ ഡോ. റാണ, എസ്എൻഒ ജെൻസി, നഴ്‌സിംഗ് ഓഫീസർമാരായ രമ്യ, ജിഷ, ദിവ്യ അഞ്ജു, അൽഫോൻസ, ടെക്നിഷ്യൻമാരായ അഖിൽ, അമൃത, ഗ്രേഡ്-2 ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
ഈ വർഷം ജനുവരിയിൽ പൂർണരീതിയിൽ പ്രവർത്തനം ആരംഭിച്ച കാത്ത്‌ലാബിൽ ഇതുവരെ 200 ഓളം ആൻജിയോഗ്രാം, 75 ഓളം ആൻജിയോ പ്ലാസ്റ്റി, ടെമ്പററി പേസ്‌മേക്കർ, പെർമനന്റ് പേസ്‌മേക്കർ, പേരികാർഡിയൽ ടാപ്പിംഗ്, ഐവിയുഎസ് എന്നീ പ്രൊസീജിയറുകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ആരോഗ്യഇൻഷുറൻസ്, കാരുണ്യ, മെഡിസെപ്പ്, എസ്ടി എന്നീ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായാണ് ആൻജിയോപ്ലാസ്റ്റിക് ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..