20 April Saturday

ഓട്ടോറിക്ഷകൾ ടൂറിസം പ്രചാരകരാകും; കടൽതീരമുള്ള എല്ലാ ജില്ലകളിലും ഫ്ലോട്ടിങ്‌ ബ്രിഡ്‌ജ്: മന്ത്രി പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

തിരുവനന്തപുരം> സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികളെ കേരള വിനോദസഞ്ചാരത്തിന്റെ ബ്രാൻഡ് അംബാസിഡർമാരും ഓട്ടോറിക്ഷകളെ ടൂറിസം പ്രചാരകരുമാക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി വയനാട്ടിൽ ഇതിനായി ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകി കഴിഞ്ഞു.    

കേരളത്തിലെ കടൽതീരമുള്ള എല്ലാ ജില്ലകളിലും ഫ്ലോട്ടിങ്‌ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്‌ജ് ഒമ്പത് ജില്ലകളിലേക്കുകൂടി വ്യാപിക്കും. കാസർഗോഡ്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലേക്കാണ് വ്യാപിപ്പിക്കുക. ഓരോ ജില്ലയിലും ഓരോ ബീച്ചുകളിലാണ് ഇത് സ്ഥാപിക്കുക. ‌‌രണ്ടാം ശനിക്ക് മുമ്പുള്ള വെള്ളിയാഴ്ചയും ശനിയും കണക്കാക്കി നൈറ്റ് ലൈഫ് പദ്ധതി കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ പുരോഗമിച്ച് വരുകയാണ്‌. ‌പുതുവത്സരത്തോട് അനുബന്ധിച്ച് തിരുവന്തപുരം കനകകുന്നിൽ  പ്രത്യേക ദീപാലങ്കാരം നടത്തിയത്‌ വൻവിജയമാതോടെയാണിത്‌.

സംസ്ഥാനത്ത് ക്യാരവാൻ പാർക്കുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് കെടിഡിസികളുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌ക‌രിക്കും. ക്യാരവാൻ ടൂറിസം പരിധിയിൽ ഗ്രാമീണ മേഖലകളെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചു. സഞ്ചാരികൾ കേരളത്തിലേക്ക് കൂടുതലായി എത്തുന്നത് സുരക്ഷിതമായ ഇടമെന്ന കാരണത്താൽ കൂടിയാണ്‌. കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ പരിശീലനം ലഭിച്ച 184 ടൂറിസം പൊലീസുകാരെ ജില്ലകളിൽ വിന്യസിച്ചുകഴിഞ്ഞു. ക്രൂയീസ് പദ്ധതികളുടെ സാധ്യത മനസിലാക്കി സംസ്ഥാനത്തും ഇത് ആരംഭിക്കും.

സംസ്ഥാനത്തെ മേൽ പാലങ്ങളുടെ താഴെ ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി കംഫർട്ട്സ്റ്റേഷൻ, വയോജന പാർക്കുകൾ, കുട്ടികളുടെ പാർക്കുകൾ എന്നിവ നിർമ്മിക്കുന്നതും സർക്കാർ പരിഗണയിലാണ്‌. ‌റാഫ്റ്റിങ്ങിനും കയാക്കിങ്ങിനും സാധയ്യുള്ള നദികളെ കോർത്തിണക്കി സാാഹസിക വിനോദസഞ്ചാര ഇടനാഴി നടപ്പാക്കുന്ന കാര്യം പരിശോധിക്കുന്നമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top