25 April Thursday

സമയക്രമ ഏകീകരണം: റസ്റ്റ് ഹൗസുകളില്‍ നിന്നും നാല് മാസം കൊണ്ട് രണ്ടേകാല്‍ കോടി- മന്ത്രി റിയാസ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

തിരുവനന്തപുരം> സമയക്രമം ഏകീകരിച്ചതോടെ റസ്റ്റ് ഹൗസുകളില്‍ നിന്നും നാല് മാസം കൊണ്ട് മാത്രം രണ്ടേകാല്‍ കോടി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്.റസ്റ്റ് ഹൗസുകളുടെ ചെക്ക് ഇന്‍ ചെക്ക് ഔട്ട് സമയങ്ങള്‍ ഏകീകരിച്ചതോടെയാണ് വരുമാനത്തില്‍ വന്‍ വര്‍ധനവ്. സമയം ഏകീകരിച്ച ശേഷമുള്ള  നാല് മാസം കൊണ്ട് രണ്ടേകാല്‍ കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. റൂം ബുക്കിംഗ് ഓണ്‍ലൈന്‍ ആക്കിയ ശേഷമുള്ള ഒരു വര്‍ഷം കൊണ്ട് നാല് കോടി രൂപ വരുമാനം ലഭിച്ചിരുന്നു. അത് റസ്റ്റ് ഹൗസിന്റെ ചരിത്രത്തില്‍ പുതിയൊരു അനുഭവമായിരുന്നു. അതിന് പിന്നാലെയാണ് വലിയ മുന്നേറ്റം തുടര്‍ മാസങ്ങളില്‍ സാധ്യമാക്കിയത്.

ഇപ്പോള്‍ 2023 മാര്‍ച്ച് മാസം 25 ആകുമ്പോഴേക്കും ആകെ വരുമാനം ആറേകാല്‍ കോടിയായി വര്‍ധിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ തൈക്കാട് റസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ച് മാസം ലഭിച്ച വരുമാനം 1,93,851 രൂപയായിരുന്നെങ്കില്‍ 2023 മാര്‍ച്ച് മാസം 1 മുതല്‍ 28 വരെ മാത്രം 3,75,176 രൂപ ലഭിച്ചിരിക്കുകയാണ്. കോഴിക്കോട് റസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ച് മാസം ആകെ ലഭിച്ച വരുമാനം 58,526 രൂപയാണെങ്കില്‍ 2023 മാര്‍ച്ച് 1 മുതല്‍ 28 വരെ മാത്രം 1,06,534  രൂപ ലഭിക്കുകയുണ്ടായി.

മൂന്നാര്‍ റസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ച് മാസം ആകെയുണ്ടായിരുന്ന ബുക്കിംഗ് 99 ആയിരുന്നു. 2023 മാര്‍ച്ച് മാസം ഇതുവരെ അത് 311 ആയി വര്‍ധിച്ചു. വരുമാനത്തിലും ഇരട്ടിയിലധികം വര്‍ധനവുണ്ടായി. 2021 നവംബര്‍ ഒന്നിനാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസ് എന്ന പേരില്‍ ജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. അതിന് ശേഷം റസ്റ്റ് ഹൗസുകളിലെ ബുക്കിംഗ് പടിപടിയായി ഉയര്‍ന്നു. റസ്റ്റ് ഹൗസുകള്‍ ജനസൗഹൃദ കേന്ദ്രങ്ങളാക്കാന്‍ മന്ത്രി തന്നെ നേരിട്ട് പരിശോധനയ്ക്കിറങ്ങി.  

സര്‍ക്കാര്‍ മേഖലയിലുള്ള കേരളത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഖലയാണ് പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍. പി എ മുഹമ്മദ് റിയാസ് മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ജനങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന തരത്തില്‍ ഫലപ്രദമായി റസ്റ്റ് ഹൗസുകളെ ഉപയോഗിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു.

റസ്റ്റ് ഹൗസുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിച്ചിരുന്നുവെന്നും അത് പ്രകാരമുള്ള നടപടികളാണ് ഘട്ടം ഘട്ടമായി സ്വീകരിക്കുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒരാള്‍ റൂം ബുക്ക് ചെയ്താല്‍ വന്ന് താമസിക്കുന്നതിനും വെക്കേറ്റ് ചെയ്യുന്നതിനും ഒരു ഏകീകൃത സംവിധാനം ഉണ്ടായിരുന്നില്ല. ഇത് ജനങ്ങള്‍ തന്നെയാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. പരിശോധിച്ചപ്പോള്‍ അടിയന്തിരമായി ഏകീകൃത സമയക്രമം കൊണ്ടുവരണമെന്ന് തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ചെക്ക് ഇന്‍ ചെക്ക് ഔട്ട് സമയക്രമം നടപ്പിലാക്കിയത്. അതോടെ വരുമാനത്തില്‍ ഇരട്ടിയോളമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

 പീപ്പിള്‍ റസ്റ്റ് ഹൗസുകള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയും പുതിയ ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു - മന്ത്രി കൂട്ടിച്ചേര്‍ത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top