23 April Tuesday

ഇടപ്പള്ളിയിലെ കള്ളപ്പണഭൂമി ഇടപാട്‌ ; പി ടി തോമസിനെ വിജിലൻസ്‌ ചോദ്യം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021


കൊച്ചി
കള്ളപ്പണം കൈമാറിയുള്ള ഇടപ്പള്ളിയിലെ ഭൂമിതട്ടിപ്പ് കേസിൽ പി ടി തോമസ്‌ എംഎൽഎയെ വിജിലൻസ്‌ ചോദ്യം ചെയ്‌തു. നിർധനകുടുംബത്തിന്റെ ഭൂമി തട്ടിയെടുക്കാൻ നടന്ന കള്ളപ്പണം ഇടപാടിനെതിരെ വിജിലൻസിന്‌ ലഭിച്ച വിവിധ പരാതികളെ തുടർന്നുള്ള പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായായിരുന്നു ചോദ്യം ചെയ്യൽ. പരാതിക്കാരെയും കഴിഞ്ഞദിവസം എറണാകുളം വിജിലൻസ്‌ ഡിവൈഎസ്‌പി  എസ്‌ അഷാദ്‌ ചോദ്യം ചെയ്‌തിരുന്നു. തട്ടിപ്പ്‌ പുറത്തുവന്നപ്പോൾ തന്റെ ഭാഗം ന്യായീകരിച്ച്‌ പറഞ്ഞ കാര്യങ്ങൾതന്നെ ചോദ്യം ചെയ്യലിലും പി ടി തോമസ്‌ ആവർത്തിച്ചു.

ഇടപ്പള്ളി അഞ്ചുമനക്ഷേത്ര പരിസരത്ത്‌ വർഷങ്ങളായി താമസിക്കുന്ന നിർധനകുടുംബത്തിന്റെ നാലുസെന്റ്‌ ഭൂമി നിസ്സാരവിലയ്‌ക്ക്‌ തട്ടിയെടുക്കാനുള്ള ശ്രമത്തിനാണ്‌ എംഎൽഎ ഇടനിലക്കാരനായത്‌. സെന്റിന് 50–-60 ലക്ഷം രൂപ വിലയുള്ള ഭൂമി വെറും 80 ലക്ഷം രൂപയ്‌ക്ക്‌ റിയൽ എസ്‌റ്റേറ്റുകാരന്‌ കൈമാറാനായിരുന്നു നീക്കം. പണം ചെക്കായി കൈമാറണമെന്നായിരുന്നു കരാർ.

എന്നാൽ, കരാർ വെട്ടിത്തിരുത്തി രൊക്കം പണമെന്ന്‌ എഴുതിച്ചേർത്തു. തുടർന്ന്‌ 40 ലക്ഷം രൂപയുടെ കള്ളപ്പണം കൈമാറാൻ എംഎൽഎയും കൂട്ടുനിന്നെന്നാണ്‌ വിജിലൻസിന്‌ ലഭിച്ച പരാതി. ഇതിലൂടെ സ്‌റ്റാമ്പ്‌ നികുതിയിനത്തിൽ സർക്കാരിന്‌ ലഭിക്കേണ്ട 10 ലക്ഷം രൂപയോളം നഷ്‌ടമായി. റിയൽ എസ്‌റ്റേറ്റുകാരൻ ബാഗിൽ കൊണ്ടുവന്ന പണം എണ്ണുമ്പോഴാണ്‌  ആദായനികുതി ഉദ്യോഗസ്ഥർ എത്തിയത്‌.

ഉദ്യോഗസ്ഥരെ കണ്ട എംഎൽഎ സ്ഥലത്തുനിന്ന്‌ ഓടി സ്വന്തം വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.
സാമ്പത്തികത്തട്ടിപ്പ്, വഞ്ചന, സർക്കാരിന് നിയമപ്രകാരം ലഭിക്കേണ്ട പണം നഷ്ടപ്പെടുത്താൻ കൂട്ടുനിന്നു, അഴിമതി, നിയമവിരുദ്ധ സാമ്പത്തിക ഇടപാട്,  ക്രിമിനൽ ഗൂഢാലോചന എന്നിവയിൽ തോമസിനെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ വിവിധ പരാതികൾ വിജിലൻസിന്‌ കിട്ടിയത്‌. തുടർന്നാണ്‌ പ്രാഥമികാന്വേഷണം ആരംഭിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top