03 December Thursday
മുറ്റത്തേക്ക്‌ ഇറങ്ങാൻപോലും വയ്യാത്ത തരത്തിൽ വീടിന്‌ മുന്നിൽ മണലിറക്കി

ഇടപ്പള്ളിയിൽ ‘ഒഴിപ്പിച്ചത്‌ ’ 5 കുടുംബങ്ങളുടെ ജീവിതം ; ഉപദ്രവം സഹിക്കാനാകാതെ കിട്ടിയതുവാങ്ങി രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Oct 11, 2020

അഞ്ചുമനയിൽ വി എസ്‌ രാമകൃഷ്‌ണൻ ഒഴിപ്പിച്ച ഭൂമിയും വീടുംകൊച്ചി
പി ടി തോമസ്‌ എംഎൽഎ ഇടനിലക്കാരനായി ഇടപ്പള്ളിയിൽ കള്ളപ്പണമിടപാടിന്‌ ശ്രമിച്ച റിയൽ എസ്‌റ്റേറ്റുകാരൻ ഇതേസ്ഥലത്തെ അഞ്ചു കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്‌ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും. നിയമാനുസൃത രേഖകളില്ലാത്ത ഭൂമി ചുളുവിലയ്‌ക്ക്‌ സ്വന്തമാക്കാനാണ്‌ അമ്പതുവർഷത്തിലേറെ കുടികിടപ്പായിരുന്ന കുടുംബങ്ങളെ ഉപദ്രവിച്ച്‌ ഇറക്കിവിട്ടത്‌. ആറ്‌ ലക്ഷം രൂപ മാത്രം നൽകിയായിരുന്നു ഒഴിപ്പിച്ചത്‌.

റിയൽ എസ്‌റ്റേറ്റുകാരൻ വി എസ്‌ രാമകൃഷ്‌ണന്റെ ഉപദ്രവത്താൽ ജീവിതം വഴിമുട്ടിയപ്പോഴാണ്‌ തലമുറകളായി താമസിച്ച ഭൂമി ഒഴിയേണ്ടിവന്നതെന്ന്‌ ഓട്ടോ ഡ്രൈവർ സി എസ്‌ നിധീഷ്‌കുമാർ പറഞ്ഞു. ഇപ്പോൾ മുളവുകാട്ടാണ്‌ താമസം. കണ്ണന്തോടത്ത്‌ കുടുംബത്തിന്റെ വകയായ രണ്ടേക്കറോളം സ്ഥലത്ത്‌ 50 വർഷത്തിനുമുമ്പുമുതൽ താമസിച്ചിരുന്നതാണ്‌. ഇവർക്കൊപ്പം ദിനേശനുൾപ്പെടെ ആറ്‌ കുടുംബങ്ങളാണുണ്ടായിരുന്നത്‌. എല്ലാവരും ബന്ധുക്കൾ. സ്ഥലം തീറുവാങ്ങിയ രാമകൃഷ്‌ണൻ ഒഴിയാനാവശ്യപ്പെട്ടപ്പോൾ ന്യായമായ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു. അത്‌ നൽകാതെ ചുറ്റുമുള്ള പറമ്പിൽ ടിപ്പറിൽ മണലിറക്കി. മുറ്റത്തേക്ക്‌ ഇറങ്ങാൻപോലും വയ്യാതായി. ടിപ്പർ ജീവനക്കാർ മുറ്റത്തും വീട്ടുപടിക്കലും കൂട്ടം കൂടിയിരിക്കും. സ്‌ത്രീകൾക്ക്‌ പുറത്തിറങ്ങാനോ പ്രാഥമികകൃത്യങ്ങൾപോലും നിർവഹിക്കാനോ പറ്റാത്ത സ്ഥിതി.

ജോലിക്കു പോകാൻ പറ്റാതെ വീട്ടിലുള്ളവർക്ക്‌ കാവലിരിക്കേണ്ടിവന്നു. ഇതോടെ കുടിയൊഴിഞ്ഞ്പോകാൻ നിർബന്ധിതരായി. ഓരോ കുടുംബത്തിനും മൂന്ന്‌ സെന്റിന്റെ അവകാശം കണക്കാക്കി ആറ്‌ ലക്ഷം വീതം മാത്രം തരാമെന്നായി റിയൽ എസ്‌റ്റേറ്റുകാരൻ. ഉപദ്രവം സഹിക്കാനാവാതെ 20 വർഷംമുമ്പ്‌ കിട്ടിയതും വാങ്ങി അഞ്ചുവീട്ടുകാരും അവിടെ നിന്നിറങ്ങിയെന്ന്‌ നിധീഷ്‌കുമാർ പറഞ്ഞു.

ഇന്ന്‌ സെന്റിന്‌ അരക്കോടിരൂപ ന്യായവിലയുള്ള ഭൂമിയാണത്‌. അവിടെ ശേഷിക്കുന്ന ഒരു കുടുംബത്തെക്കൂടി ഒഴിപ്പിക്കാനാണ്‌ പി ടി തോമസ്‌ എംഎൽഎയുടെ സഹായത്തോടെ കള്ളപ്പണ ഇടപാടിന്‌ എത്തി വി എസ്‌ രാമകൃഷ്‌ണൻ പിടിയിലായത്‌. ആദായനികുതി റെയ്‌ഡിനിടെ എംഎൽഎ ഓടി രക്ഷപ്പെട്ടു. മുൻ ഡ്രൈവറുടെ നിർധന കുടുംബത്തെ സഹായിക്കാനാണ്‌ പ്രശ്‌നത്തിൽ ഇടപെട്ടതെന്നാണ്‌ പി ടി തോമസിന്റെ വാദം.

കള്ളപ്പണം ഇടപാട്‌ ഇഡി അന്വേഷിച്ചേക്കും
‌പി ടി തോമസ്‌ എംഎൽഎ ഉൾപ്പെട്ട കള്ളപ്പണക്കേസ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌‌ അന്വേഷിച്ചേക്കും.  ഇതുസംബന്ധിച്ച്‌ ആദായനികുതിവകുപ്പ്‌ ഇഡിയുമായി ചർച്ച നടത്തും. പണം കൈമാറാൻ കൊണ്ടുവന്ന റിയൽ എസ്‌റ്റേറ്റുകാരൻ വി എസ്‌ രാമകൃഷ്‌ണനെ ചോദ്യംചെയ്യാൻ ആദായനികുതിവകുപ്പ്‌ ഉടൻ നോട്ടീസ്‌ നൽകും.  
പ്രിവൻഷൻ ഓഫ്‌ മണി ലോൻഡറിങ് ആക്ടുപ്രകാരമാണ്‌ ഇഡി കേസെടുക്കുക. കേസ്‌ എടുത്താൽ സംഭവസ്ഥലത്തുണ്ടായിരുന്ന പി ടി തോമസ്‌ എംഎൽഎയെയും ചോദ്യം ചെയ്യും. കള്ളപ്പണ ഇടപാടാണ്‌ നടന്നതെന്ന്‌ ബോധ്യമുണ്ടായിട്ടും ഇടപെട്ടതിന്‌ പി ടി തോമസിന്‌ ഉത്തരം നൽകേണ്ടിവരും. രാമകൃഷ്‌ണന്റെ കള്ളപ്പണം ഇടപാടുകളുമായി എംഎൽഎ‌ക്ക്‌ ബന്ധമുണ്ടോയെന്നും ഇഡി പരിശോധിക്കും.

കള്ളപ്പണം ഇടപാടുനടക്കുന്നിടത്തുനിന്ന്‌ കടന്നുകളഞ്ഞ എംഎൽഎയിൽനിന്ന്‌ വിവരം ശേഖരിക്കുന്ന കാര്യം ആദായനികുതിവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്‌. അഞ്ചുമനയിലെ വീട്ടിൽ എത്തുമ്പോൾ എംഎൽഎ കരാർ വായിക്കുകയായിരുന്നെന്നും ഇക്കാര്യം  മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിനിടെ രക്ഷപ്പെട്ടെന്നുമാണ്‌ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട്‌. രണ്ട്‌ ഇൻകം ടാക്‌സ്‌ ഓഫീസർമാരും രണ്ട്‌ ഇൻസ്‌പെക്ടർമാരും അഞ്ചുമനയിലെ റെയ്‌ഡിലും ഒരു അസിസ്‌റ്റന്റ്‌ കമീഷണറും രണ്ട്‌ ഇൻസ്‌പെക്ടർമാരുമാണ്‌ വി എസ്‌ രാമകൃഷ്‌ണന്റെ വീട്ടിലെ റെയ്‌ഡിനും നേതൃത്വം നൽകിയത്‌. എംഎൽഎയെ വിളിച്ചുവരുത്തണോ എന്ന്‌ റെയ്‌ഡിന്റെ വീഡിയോ കണ്ടശേഷമാകും ആദായനികുതി കമീഷണർ തീരുമാനമെടുക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top