24 April Wednesday

പി ടി തോമസ്‌ ഇടപെട്ടത്‌ റിയൽ എസ്റ്റേറ്റുകാരന്‌ വേണ്ടി: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020

കൊച്ചി > ഇടപ്പള്ളിയിലെ കുടുംബത്തെ ഒഴിപ്പിക്കാൻ പി ടി തോമസ്‌ എംഎൽഎ ഇടപെട്ടത്‌ റിയൽ എസ്‌റ്റേറ്റുകാരൻ വി എസ്‌ രാമകൃഷ്‌ണനുവേണ്ടിയാണെന്ന്‌ തെളിഞ്ഞതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ പറഞ്ഞു. ഇടപാടിൽ കബളിപ്പിക്കപ്പെട്ട  രാജീവനെ  സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം‌.

എംഎൽഎ പ്രശ്‌നം പരിഹരിക്കുമെന്നും കരാറുണ്ടാക്കാമെന്നും രാമകൃഷ്‌ണനാണ്‌ രാജീവിനോട്‌ പറഞ്ഞത്‌. കമ്യൂണിസ്റ്റ്‌ കുടുംബത്തെ സഹായിക്കാൻ അവർ പറഞ്ഞിട്ട്‌ ഇടപെട്ടുവെന്ന എംഎൽഎയുടെ വാദം‌‌ കളവാണെന്ന്‌ ഇതോടെ തെളിഞ്ഞു. റിയൽ എസ്‌റ്റേറ്റ്‌ ഇടപാടുകളുള്ള രാമകൃഷ്‌ണൻ എംഎൽഎയുടെ സുഹൃത്താണ്‌. രാമകൃഷ്‌ണന്റെ സഹോദരൻ വി എസ്‌ പവിത്രൻ വെണ്ണല സർവീസ്‌ സഹകരണ ബാങ്കിലേക്ക്‌ കോൺഗ്രസ്‌ സ്ഥാനാർഥിയായി മത്സരിച്ച്‌ തോറ്റയാളാണ്‌. രാമകൃഷ്‌ണൻ ജെസിബി കൊണ്ടുവന്ന്‌ വീടിനുമുന്നിലിട്ട്‌ പേടിപ്പിച്ചാണ്‌ കുടിയൊഴിയാൻ നിർബന്ധിച്ചിരുന്നത്‌.

പി ടി തോമസ്‌ തൊടുപുഴ എംഎൽഎ ആയിരിക്കെയാണ്‌ ദിനേശന്റെ രണ്ടാമത്തെ മകൻ ഡ്രൈവറായിരുന്നത്‌. എന്തുകൊണ്ട്‌ അന്നും പിന്നീട്‌ ആ മകൻ  മരിച്ചപ്പോഴും എംഎൽഎ പ്രശ്‌നത്തിൽ ഇടപെട്ടില്ല? 1.03 കോടി രൂപയ്‌ക്ക്‌ ഒഴിയാമെന്ന്‌ ഉറപ്പിച്ച ഇടപാട്‌ 80 ലക്ഷം രൂപയാക്കി കുറച്ചത്‌ എംഎൽഎ പറഞ്ഞിട്ടാണെന്ന്‌ രാജീവൻ പറഞ്ഞിട്ടുണ്ട്‌. ബാങ്ക്‌ മുഖേന പണംകൈമാറ്റം എന്നാണ്‌ കരാറിൽ. ഒപ്പിടുന്ന വേളയിൽ ഇതു മാറ്റിയത്‌ ചോദ്യം ചെയ്‌തപ്പോൾ പണം എടുക്കാൻ പറഞ്ഞത്‌ എംഎൽഎയാണ്‌. 40 ലക്ഷം രൂപ നൽകി, 80 ലക്ഷം നൽകിയതായി കരാർ ഒപ്പിടീക്കാനാണ്‌ ശ്രമിച്ചത്‌. അഞ്ചുലക്ഷം രൂപവീതമുള്ള 16 നോട്ടുകെട്ടുകൾ എന്നുപറഞ്ഞ്‌ എംഎൽഎയുടെ മുന്നിൽവച്ച്‌ പുറത്തെടുത്ത കെട്ടുകളിൽ രണ്ടരലക്ഷം രൂപവീതമായിരുന്നു എന്നറിയുന്നത്‌ ആദായനികുതി ഉദ്യോഗസ്ഥർ എണ്ണിയപ്പോഴാണ്‌.

ഗുരുതരമായ നിയമലംഘനവും ക്രിമിനൽ കുറ്റവും നടത്തിയ സാഹചര്യത്തിൽ പി ടി തോമസ്‌ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. വിജിലൻസ്‌ അന്വേഷണം വേണമെന്ന പരാതിയിൽ നടപടികൾ വേഗത്തിലാക്കാൻ‌ ആവശ്യപ്പെടും. രാജീവനും കുടുംബത്തിനും, താമസത്തിനും കച്ചവടം നടത്താനും സംരക്ഷണവും നിയമസഹായവും നൽകുമെന്നും പി രാജീവ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top