23 April Tuesday

സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ മാതാപിതാക്കളില്ലാത്തവര്‍: പി ടി തോമസ്

വെബ് ഡെസ്‌ക്‌Updated: Friday Oct 9, 2020

കൊച്ചി > കള്ളപ്പണ ഇടപാടില്‍ തനിക്കെതിരെ വന്ന വാര്‍ത്തകളോട് ക്ഷോഭിച്ച് പി ടി തോമസ് എംഎല്‍എ. കൈരളിയും ദേശാഭിമാനിയും മാതാപിതാക്കളില്ലാത്ത ചില സാമൂഹ്യമാധ്യമ പ്രവര്‍ത്തകരും തന്നെ കൈകാര്യം ചെയ്യാമെന്ന് വിചാരിക്കേണ്ടെന്ന് പി ടി തോമസ് പറഞ്ഞു. കള്ളപ്പണ ഇടപാട് സംബന്ധിച്ച ആരോപണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോഴായിരുന്നു എംഎല്‍എയുടെ രോഷപ്രകടനം.

തന്നെ സംശയമുള്ളവര്‍ക്ക് സംശയം കൊണ്ടിരിക്കാം. കള്ളപ്പണം പിടിക്കല്‍ തന്റെ പണിയല്ല. തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പി ടി തോമസ് പറഞ്ഞു.

കള്ളപ്പണ ഇടപാടില്‍ പി ടി തോമസിന്റെ സാന്നിധ്യം പുറത്ത് വന്നയുടനെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വരുന്നതറിഞ്ഞ് പി ടി തോമസ് ഓടി രക്ഷപെട്ടെന്ന വിവിധ ട്രോളുകളും വൈറലായി കഴിഞ്ഞു.

ഇടപാട് വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും എംഎല്‍എ ഉരുണ്ടുകളിക്കുകയായിരുന്നു.
ഭൂമി തര്‍ക്കം പരിഹരിക്കാനാണ് താന്‍ ഇടപെട്ടത്. ഇടപാട് സമയത്ത് രണ്ട് ബാഗുകളില്‍ പണമുണ്ടായിരുന്നു. എന്നാല്‍ അത് കള്ളപ്പണമാണെങ്കില്‍ ഉത്തരവാദി താനല്ലെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടപാടില്‍ പങ്കെടുത്തിട്ടും കണക്കില്‍പ്പെടാത്ത ഇത്രയും തുക കൈമറുന്നത് കുറ്റകരമായിരിക്കെ അത് എന്തുകൊണ്ട് തടഞ്ഞില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് എംഎല്‍എ പ്രതികരിച്ചില്ല.

പണം അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള കരാറാണ് താന്‍ ഉണ്ടാക്കിയത്. കുപ്പി രാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ച പ്രകാരമാണ് മധ്യസ്ഥത വഹിക്കാനെത്തിയത്. എന്നാല്‍ രാമകൃഷ്ണന്‍ കള്ളപ്പണക്കാരനാണോയെന്ന് തനിക്ക് അറിയേണ്ട കാര്യമില്ലെന്നും എംഎല്‍എ പറഞ്ഞു. 80 ലക്ഷം രൂപയുടെ ഇടപാടിന് വെറും 500 രൂപയുടെ മുദ്രപ്പത്രം മതിയോ എന്ന ചോദ്യത്തിനും പി ടി തോമസിന് മറുപടി ഉണ്ടായില്ല.


ആദായ നികുതി വകുപ്പുകാര്‍ വന്നപ്പോള്‍ താന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വന്നത് എന്തിനെന്ന് അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് അത് തന്റെ പണിയല്ലെന്നായിരുന്നു പി ടി തോമസിന്റെ മറുപടി. ഇടപാടിനെ സംബന്ധിച്ച് ഒറ്റ് നടന്നോയെന്ന് അറിയില്ല. താന്‍ ഓടിപ്പോയെന്ന പ്രചരണം തെറ്റാണ്. നടന്നാണ് വാഹനത്തില്‍ കയറിയത്. മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും പി ടി തോമസ് പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top