26 April Friday

സംസ്ഥാനത്തിന്റെ നേട്ടങ്ങൾ മറച്ചുവയ്‌ക്കാൻ ‘കേരളവിരുദ്ധ മുന്നണി’: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023


കോഴിക്കോട്‌
വ്യവസായരംഗത്തുൾപ്പെടെ കേരളം ആർജിച്ച നേട്ടങ്ങൾ മറച്ചുവയ്‌ക്കാൻ ‘കേരളവിരുദ്ധ മുന്നണി’ പ്രവർത്തിക്കുന്നതായി മന്ത്രി പി രാജീവ്‌ പറഞ്ഞു. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ സംഘടിപ്പിച്ച റീ ഇൻവെന്റ്‌ നിക്ഷേപകസംഗമം കോഴിക്കോട്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

എഐ കാമറ വിവാദംകൊണ്ട്‌ കെൽട്രോണിന്‌ 227 കോടി നഷ്ടമായതിൽ ആനന്ദംകൊള്ളുകയാണ്‌ ഒരു പത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ അന്നത്തെ പ്രതിപക്ഷ നേതാവ്‌ വോട്ടർപട്ടിക ഉയർത്തിപ്പിടിച്ച്‌ വിവാദമുണ്ടാക്കിയപ്പോഴും കെൽട്രോണിന്‌ കോടികളുടെ പ്രവൃത്തി നഷ്ടമായി. കേരളത്തിനെതിരെ നെഗറ്റീവ്‌ വാർത്തകൾ മാത്രം പ്രചരിപ്പിക്കുന്ന ഒരുപറ്റം മാധ്യമങ്ങളും വ്യക്തികളുമാണ്‌ ഇതിനുപിന്നിൽ.  
രണ്ടുവർഷത്തിനിടെ സംസ്ഥാനത്തിന്റെ വ്യവസായികരംഗത്ത്‌ വലിയ മാറ്റമാണ്‌ സംഭവിച്ചത്‌.  11 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങി. വ്യവസായവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സ്‌റ്റാറ്റ്യൂട്ടറി ഗ്രീവൻസ്‌ മെക്കാനിസത്തിന്‌ രൂപം നൽകി. പരാതി ലഭിച്ച്‌ 30 ദിവസത്തിനകം തീർപ്പുകൽപ്പിക്കണമെന്നാണ്‌ വ്യവസ്ഥ.

ലോകത്ത്‌ സുഗന്ധവ്യഞ്ജന ഉൽപ്പാദനത്തിൽ ആദ്യത്തെ നാല്‌ കമ്പനികളിലൊന്ന്‌ കൊച്ചി സർവകലാശാലയിൽ കേന്ദ്രം തുടങ്ങി.  മറ്റൊരു രാജ്യാന്തര കമ്പനി രാജഗിരി കോളേജിൽ പ്രവർത്തനം തുടങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ്‌ ബാഗ്‌ നിർമാണ കമ്പനി കേരളത്തിലാണ്‌.  ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ്‌ പാർക്കാണ്‌ കേരളത്തിൽ തുടങ്ങുന്നത്‌. ജീനോ ഡാറ്റാ സെന്ററും ഉടൻ വരും.  ഇതൊന്നും സമൂഹത്തിൽ എത്താതിരിക്കാനുള്ള പ്രവർത്തനമാണ്‌ കേരളവിരുദ്ധ മുന്നണി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വി കെ സി റസാഖ്‌ അധ്യക്ഷനായി. വ്യവസായവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ്‌ ഹണീഷ്‌, വി കെ സി മമ്മദ്‌കോയ, കെഎസ്‌എസ്‌എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ്‌ എ നിസാറുദ്ദീൻ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു അബ്രഹാം, അനിൽ ബാലൻ, ബാബു മാളിയേക്കൽ, എം അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top