25 April Thursday

കേരളമാതൃക നിലനിർത്താൻ ഉൽപ്പാദനമേഖല ശക്തിപ്പെടുത്തണം: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

കൊച്ചി
കേരളമാതൃകയെ നിലനിർത്തുക എന്നതാണ്‌ പുതിയ കാലത്തെ പ്രധാന വികസനവിഷയമെന്നും അതിന്‌ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച്‌ ഉൽപ്പാദനമേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ്‌ നടത്തേണ്ടതെന്നും വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു. കേരള പിഎസ്‌സി എംപ്ലോയീസ്‌ യൂണിയൻ (പിഎസ്‌സിഇയു) സുവർണ ജൂബിലിയോടനുബന്ധിച്ച്‌ "തൊഴിൽരംഗം:- കേന്ദ്രസർക്കാർ സമീപനവും കേരളമാതൃകയും' വിഷയത്തിൽ നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉൽപ്പാദനമേഖലയിൽ വളർച്ചയില്ലെങ്കിൽ അത്‌ കേരളം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിക്കുമെന്ന്‌ ഇ എം എസ്‌ മുമ്പ്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
പിഎസ്‌സി വഴിയുള്ള നിയമനങ്ങൾകൊണ്ടുമാത്രമല്ല, തൊഴിലില്ലായ്‌മ പരിഹരിക്കാൻ പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാകണം. പുതിയ തൊഴിൽസംരംഭങ്ങൾക്ക്‌ പ്രോത്സാഹനം നൽകുന്നതും അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക്‌ തൊഴിൽ നൽകുന്നവർക്ക്‌ നിയർ ഹോം പദ്ധതി തുടങ്ങുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്‌.
ഉയർന്ന സാങ്കേതികത്തികവുള്ള മാനവവിഭവശേഷിയെ പ്രയോജനപ്പെടുത്തി ഉൽപ്പാദനമേഖലയെ ശക്തിപ്പെടുത്തുകയാണ്‌ പ്രധാനം. എന്നാൽ, കേന്ദ്രം നൽകുന്ന സാമ്പത്തികപിന്തുണ കുറഞ്ഞു. വായ്‌പകളെടുക്കുന്നതിൽപ്പോലും പരിമിതികളുണ്ടായി. ഈ സാഹചര്യത്തെ മറകടക്കാനുള്ള ശ്രമത്തിലാണ്‌ കേരളമെന്നും മന്ത്രി പറഞ്ഞു.
പിഎസ്‌സിഇയു സംസ്ഥാന പ്രസിഡന്റ്‌ കെ സെബാസ്റ്റ്യൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ എസ്‌ അരുൺകുമാർ, പി എച്ച്‌ എം ഇസ്‌മയിൽ, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ജോഷി പോൾ, പിഎസ്‌സിഇയു ജനറൽ സെക്രട്ടറി ബി ജയകുമാർ, സെക്രട്ടറിയറ്റ്‌ അംഗം കെ ജി അശോകൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top