19 April Friday

കേരളം ഇപ്പോൾ കൊച്ചുകേരളമല്ല, ലോകത്തിനുതന്നെ മാതൃക: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023
തൃശൂർ > കേരളം ഇപ്പോൾ കൊച്ചു കേരളമല്ലെന്നും, സർവരംഗത്തും കേരളം മറ്റു സംസ്ഥാനങ്ങൾക്കും മറ്റു രാജ്യങ്ങൾക്കും മാതൃകയാണെന്നും വ്യവസായമന്ത്രി പി രാജീവ്‌. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങി എല്ലാരംഗത്തും കേരളം ഇന്ന്‌ ഒന്നാമതാണ്‌. കേരള അഗ്രോ ഫുഡ്‌ പ്രോ തൃശൂർ തേക്കിൻകാട്‌ മൈതാനത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
ഇന്ത്യയിൽ മൊത്തം മെഡിക്കൽ ഉപകരണങ്ങളുടെ വിറ്റുവരവിൽ 20 ശതമാനവും കേരളത്തിലെ 20 കമ്പനികളുടേതാണ്‌. കോവിഡിനുശേഷം  ഇന്ത്യയിലെ 1.25 കോടി മനുഷ്യർ ഡിഡൈമർ ടെസ്‌റ്റ്‌ എടുക്കാൻ ഉപയോഗിച്ച കൺസ്യൂമബിൾ, കേരളത്തിലെ ഒരു കമ്പനിയാണ്‌ കണ്ടുപിടിച്ച്‌ പേറ്റന്റ്‌ എടുത്തത്‌. ഏഷ്യയിലെ  ബ്ലഡ്‌ബാഗ്‌ ഉണ്ടാക്കുന്ന ഏറ്റവും വലിയ കമ്പനിയും,  കൃത്രിമപ്പല്ല്‌ ഉണ്ടാക്കുന്ന ഏറ്റവും വലിയ കമ്പനിയും കേരളത്തിലാണ്‌. ലോകം ഉപയോഗിക്കുന്ന ഒലിയോറസിന്റെ 50 ശതമാനം ഉണ്ടാക്കുന്നത്‌ കേരളത്തിലാണ്‌. ലോകത്തിലെ സ്‌പൈസ്‌ പ്രോസസിങ്ങിന്റെ ഹബ്‌ കേരളമാണ്‌. ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ച്‌ സ്‌റ്റാർട്ടപ്പ്‌ എക്കോസിസ്‌റ്റങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തത്‌ കേരളത്തെയാണ്‌.
 
കേരളത്തിന്റെ വ്യവസായമേഖലയിൽ ഈ വർഷം 17.3 ശതമാനം വളർച്ച ഉണ്ടായി. ഉൽപ്പാദനരംഗത്ത്‌ ഇന്ത്യയിൽ കഴിഞ്ഞ വർഷത്തെ വളർച്ച 10.30 ശതമാനമാണ്‌. ഈ വർഷത്തെ സാമ്പത്തിക സർവേ പ്രകാരം മാനുഫാക്‌ചറിങ്‌ രംഗത്തെ വളർച്ച 4.10 ശതമാനമായി കുത്തനെ കുറഞ്ഞു. അതേസമയം, കേരളത്തിൽ ഉൽപ്പാദനരംഗത്തെ വളർച്ച നേരത്തേ ഏഴുശതമാനമായിരുന്നത്‌ ഈ വർഷം 18.90 ശതമാനത്തിലേക്ക്‌ കുതിച്ചു.  വ്യാവസായിക മുന്നേറ്റത്തിൽ കേരളം 28–ൽനിന്ന്‌ 15–-ാം റാങ്കിലെത്തി. ഇനിയും കൂടുതൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള ദൗത്യം തുടരും.
 
സർക്കാരിന്റെ കൃത്യതയോടെയുള്ള ഇടപെടലിന്റെ ഭാഗമായി കാർഷിക രംഗത്ത്‌ 6.70 ശതമാനവും വ്യാവസായിക രംഗത്ത്‌ 17.30 ശതമാനവും ഉൽപ്പാദനത്തിൽ 18.70 ശതമാനവും വളർച്ചയുണ്ടായി. ഈ വർഷം മാത്രം 1.29 ലക്ഷം സംരംഭങ്ങൾ തുടങ്ങാനായി. 7825 .21 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ മൂലധനമായി. ഇതിന്റെ ഭാഗമായി 2.78 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനായി. ഇതിൽ 22,293 സംരംഭങ്ങൾ ഫുഡ്‌ പ്രോസസിങ്‌ യൂണിറ്റുകളാണ്‌. ഇതിൽ 41 ശതമാനം സ്‌ത്രീ സംരംഭകരാണെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top