20 April Saturday

കേരളത്തെ പിന്നോട്ടടിപ്പിക്കാൻ സംഘപരിവാർ ശ്രമം: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

മാനന്തവാടിയിൽ സിപിഐ എം രാഷ്‌ട്രീയ വിശദീകരണയോഗം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി > കേരളത്തെ പിന്നോട്ടടിപ്പിക്കാൻ സംഘപരിവാർ ബോധപൂർവ ശ്രമങ്ങൾ നടത്തുകയാണെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. മാനന്തവാടിയിൽ സിപിഐ എം രാഷ്‌ട്രീയ വിശദീകരണയോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരള മാതൃകയെ ശക്തിപ്പെടുത്തുകയാണ് രണ്ടാം പിണറായി സർക്കാർ. ഉന്നതവിദ്യാഭ്യാസ മേഖലയിലുൾപ്പെടെ കേരളത്തിന്റെ മുന്നേറ്റത്തിനുള്ള നടപടികളുമായി  മുന്നോട്ടുപോകുമ്പോൾ തകർക്കാനുള്ള നീക്കങ്ങളാണ്‌ സംഘപരിവാറിന്റേത്‌.  ഇതിനോടൊപ്പം ചേർന്ന്‌ വളഞ്ഞിട്ട്‌ ആക്രമിക്കുകയാണ്‌ കോൺഗ്രസും ഒരുവിഭാഗം മാധ്യമങ്ങളും.
 
പശ്ചാത്തല സൗകര്യവികസനത്തിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും കഴിഞ്ഞ സർക്കാർ ഉറപ്പുവരുത്തിയപ്പോൾ അത്‌ ശക്തിപ്പെടുത്താനുള്ള ഇടപെടലാണ് ഇപ്പോൾ. കാർഷിക, വ്യവസായ, ഉൽപ്പാദന മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് മുന്നേറുകയാണ്. വയനാടും ഈ മുന്നേറ്റത്തിനൊപ്പം കുതിക്കുകയാണ്. സംസ്ഥാനത്താകെ ഒരുവർഷം ഒരുലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോൾ ഏഴ് മാസംകൊണ്ട് എൺപത്തിഎട്ടായിരം സംരംഭങ്ങൾ പുതുതായി വന്നു. നിശ്ചയിച്ച ലക്ഷ്യംവച്ച്‌ വിലയിരുത്തുമ്പോൾ വയനാട് ഒന്നാം സ്ഥാനത്താണ്. ഭരണഘടനക്കുള്ളിൽനിന്ന്‌ കേരളം ബദൽ സൃഷ്ടിക്കുമ്പോൾ ഭരണഘടനാവിരുദ്ധമായി അതിനെ തകർക്കാനുള്ള ശ്രമങ്ങളെ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ എൻ പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം ഒ ആർ കേളു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ റഫീഖ്, പനമരം ഏരിയാ സെക്രട്ടറി എ ജോണി, ജില്ലാ കമ്മിറ്റി അംഗം പി ടി ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി സഹദേവൻ സ്വാഗതവും മാനന്തവാടി ഏരിയാ സെക്രട്ടറി എം രജീഷ് നന്ദിയും പറഞ്ഞു. ടൗണിൽ പ്രകടനവുമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top