25 April Thursday

മാധ്യമങ്ങളുടെ ഉടമസ്ഥതയിലേക്കും 
കുത്തകകളുടെ കടന്നുകയറ്റം: മന്ത്രി രാജീവ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 17, 2022


കൊച്ചി
ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും ഒന്നാക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് മാധ്യമങ്ങൾ ശക്തമായ വിമർശം നടത്തണമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
അതിവേ​ഗമാണ് മാധ്യമങ്ങൾ മാറുന്നത്. ഉള്ളടക്കത്തിലേക്കും നിലപാടിലേക്കും മാത്രമല്ല, ഉടമസ്ഥതയിലേക്കും കുത്തകകൾ കടന്നുകയറ്റം നടത്തുന്നു. ഈ സാഹചര്യങ്ങളിൽ വീർപ്പുമുട്ടുന്ന മാധ്യമപ്രവർത്തകർ മറ്റുമേഖലകളിലേക്ക്‌ മാറുന്ന പ്രവണതയേറുകയാണെന്നും മന്ത്രി പറഞ്ഞു. സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റി ആരംഭിക്കുന്ന കെ എം റോയി ഫൗണ്ടേഷൻ ഫോർ മീഡിയ സ്റ്റഡീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കെ എം റോയിയുടെ കാലഘട്ടത്തിലെ മാധ്യമപ്രവർത്തനമല്ല ഇപ്പോഴുള്ളത്. ആദരവോടെയുള്ള വിയോജിപ്പും വിമർശവും അക്കാലത്ത് പ്രധാനമായിരുന്നു. കോളമിസ്റ്റ് എന്ന നിലയിൽ മാതൃകപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. പുതിയ കാലത്തിന്റെ ശരിയായ മാധ്യമ ചിന്തകൾ പ്രചരിപ്പിക്കാൻ കഴിയുന്ന ഒന്നായി മാറാൻ കെ എം റോയി ഫൗണ്ടേഷൻ ഫോർ മീഡിയ സ്റ്റഡീസിന് കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.

സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ എ മാധവന്‍ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ‌കാനം രാജേന്ദ്രൻ മുഖ്യാതിഥിയായി. പ്രൊഫ. എം കെ സാനു, തോമസ് ജേക്കബ് എന്നിവർ കെ എം റോയി അനുസ്മരണപ്രഭാഷണം നടത്തി. ഡോ. സെബാസ്റ്റ്യൻ പോൾ, ടി ജെ വിനോദ് എംഎല്‍എ, ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി വിജയകുമാർ, ജില്ലാ സെക്രട്ടറി കെ ജി മത്തായി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌ ഇ​ഗ്‌നേഷ്യസ് ​ഗോണ്‍സാല്‍വസ് സ്വാ​ഗതവും കെ എം റോയിയുടെ മകനും ഫൗണ്ടേഷന്‍ വര്‍ക്കിങ് പ്രസിഡന്റുമായ അഡ്വ. മനു റോയി നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top