25 April Thursday
പ്രഥമ സംരംഭക സൗഹൃദ തദ്ദേശ സ്ഥാപനമായി തൃശൂർ കോർപറേഷനെ പ്രഖ്യാപിച്ചു

സംരംഭകർക്കുള്ള അനുമതി തടയുന്ന മനോഭാവം മാറി : പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

സംസ്ഥാനത്തെ പ്രഥമ സംരംഭക സൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രഖ്യാപനവും എന്റർപ്രണറർ സപ്പോർട്ട്‌ സെല്ലിന്റെ ഉദ്‌ഘാടനവും മന്ത്രി പി രാജീവ്‌ നിർവഹിക്കുന്നു

തൃശൂർ > സംരംഭകരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ്‌ സംസ്ഥാന സർക്കാരിന്റേതെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. സംശയത്തിന്റെ കണ്ണാടിയിലൂടെ നോക്കിയിരുന്ന കാലം മാറിയെന്നും വിശ്വാസത്തിന്റെ പുതിയ കണ്ണാടയിലൂടെയാണ്‌ ഇപ്പോൾ സംരംഭകരെ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രഥമ സംരംഭക സൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തൃശൂർ കോർപറേഷനെ പ്രഖ്യാപിക്കുന്ന ചടങ്ങും എന്റർപ്രണർ സപ്പോർട്ട് സെൽ ഓഫീസും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
 
പുതിയ സംരംഭകർക്ക്‌ ഏങ്ങനെ ലൈസൻസ്‌ കൊടുക്കാതിരിക്കാം എന്നത്‌ മാറി എങ്ങനെ അനുമതി നൽകാമെന്ന തലത്തിലേക്ക്‌ ഉദ്യോഗസ്ഥരുടെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ട്‌. അപേക്ഷയിൽ രേഖയുടെ കുറവുണ്ടെങ്കിൽ ഒറ്റത്തവണകൊണ്ട്‌   പരിഹാരം കാണണം. പുതിയ കാരണങ്ങൾ കണ്ടെത്തി അനുമതി തടയാനുള്ള ശ്രമവും അഴിമതിയായി കാണും.  സംരംഭങ്ങൾക്ക്‌ നാല്‌ ശതമാനം പലിശനിരക്കിൽ വായ്‌പ നൽകാനാണ്‌ സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു. വായ്പവിതരണവും മന്ത്രി നിർവഹിച്ചു. ശക്തൻ ആർക്കേഡിൽ സംരംഭകർക്ക് ആവശ്യമായ സേവനം  നൽകാൻ എന്റർപ്രണർ സപ്പോർട്ട് സെൽ ഓഫീസിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ മേയർ എം കെ വർഗീസ്‌ അധ്യക്ഷനായി.
 
ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ എസ് കൃപകുമാർ, സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷരായ വർഗീസ്‌ കണ്ടംകുളത്തി, സാറാമ്മ റോബ്‌സൻ, കൗൺസിലർ മുകേഷ്‌ കുളപ്പറമ്പിൽ, വ്യവസായ വികസന ഓഫീസർ കെ ബിനു എന്നിവർ സംസാരിച്ചു. സംരംഭക വർഷത്തിന്റെ ഭാഗമായി 2022 -23 സാമ്പത്തിക വർഷത്തിൽ 2000 സംരംഭങ്ങൾ ആരംഭിക്കാനാണ്  കോർപറേഷൻ ലക്ഷ്യമിടുന്നത്. സംരംഭകർക്ക് ലൈസൻസ് സമയബന്ധിതമായി അനുവദിക്കുന്നതിനുള്ള നടപടി കോർപറേഷൻ സ്വീകരിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top