19 April Friday
നിയമസഭ ഒറ്റക്കെട്ട്

ഗവർണർ ചാൻസലർ 
ആകേണ്ട ; സർവകലാശാല നിയമഭേദഗതി ബിൽ സബ്‌ജക്‌ട്, സെലക്‌ട് കമ്മിറ്റികള്‍ക്ക് വിട്ടു

സ്വന്തം ലേഖകൻUpdated: Wednesday Dec 7, 2022


തിരുവനന്തപുരം> ചാൻസലർ പദവി ദുരുപയോഗപ്പെടുത്തുന്ന ഗവർണറുടെ നിലപാടുകൾക്കെതിരെ നിയമസഭക്ക്‌ ഒരുമനസ്‌. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന ആവശ്യത്തോട്‌ പൊതുവിൽ പ്രതിപക്ഷവും യോജിച്ചു.  നിയമസഭ പാസാക്കിയ  ബിൽ ഗവർണർ ഒപ്പിടണമെന്ന ആവശ്യത്തെയും  പ്രതിപക്ഷം പിന്തുണച്ചു.  ബുധനാഴ്‌ച നിയമസഭയിൽ അവതരിപ്പിച്ച, സംസ്ഥാനത്തെ 14 സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നീക്കം ചെയ്യാനുള്ള നിയമഭേദഗതി ബില്ലുകളിലുള്ള ചർച്ചയിലാണ്‌ കോൺഗ്രസിന്‌ മുൻ നിലപാടുകൾ മാറ്റേണ്ടിവന്നത്‌. ചർച്ചയ്‌ക്കിടയിൽ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും നിലപാടുകളിലെ വൈരുധ്യം തുറന്നുകാട്ടപ്പെട്ടു. ഗവർണറെ നീക്കം ചെയ്യണമെന്നതിൽ എതിർപ്പില്ലെന്ന നിലപാട്‌  മുസ്ലിംലീഗ്‌ സ്വീകരിച്ചതിനെ തുടർന്നാണ്‌ ബില്ലിനെ എതിർത്ത കോൺഗ്രസിന്‌ ഗവർണർക്ക്‌ എതിരായ നിലപാട്‌ സ്വീകരിക്കേണ്ടിവന്നത്‌.  

മുഖ്യമന്ത്രിക്കുവേണ്ടി നിയമ മന്ത്രി പി രാജീവ്‌  ബില്ലവതരിപ്പിച്ചു. പൂഞ്ചി കമീഷൻ ശുപാർകളുടെയും ഉന്നത വിദ്യാഭ്യാസ കമീഷൻ നിർദേശങ്ങളും പരിഗണിച്ചാണ്‌ സർക്കാർ നിയമനിർമാണത്തിലേക്ക്‌ കടന്നത്‌. പ്രതിപക്ഷം ഉന്നയിച്ച തടസ്സവാദങ്ങൾ സഭ നിരാകരിച്ചു. തുടർന്ന്‌ ബില്ലുകൾ നിയമസഭയുടെ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌ വിട്ടു. നാല് സബ്ജക്ട് കമ്മിറ്റി സംയുക്തമായിട്ടാകും ബില്ലുകൾ പരിഗണിക്കുക. 

സർവകലാശാലകളുടെ സ്വഭാവമനുസരിച്ച് കാർഷികവും വെറ്ററിനറി ശാസ്ത്രം, ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹ്യുമാനിറ്റീസ്, സാഹിത്യം, കല, സാംസ്കാരികം, നിയമം, പൊതുഭരണം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ പ്രാഗത്ഭ്യമുള്ളവരെയാണ് ചാൻസലറായി നിയമിക്കേണ്ടതെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. അഞ്ച് വർഷമാണ് ചാൻസലറുടെ കാലാവധി. ഒരു അധിക കാലയളവിലേക്ക് പുനർനിയമനത്തിനും അർഹതയുണ്ടാകും.

പ്രതിഫലം ഇല്ലാത്ത ഓണററി സ്ഥാനമായാണ് ചാൻസലർ പദവി വിഭാവനം ചെയ്യുന്നത്‌. സർവകലാശാല ആസ്ഥാനത്തായിരിക്കും ചാൻലസറുടെ ഓഫീസ്‌. ആവശ്യമായ ജീവനക്കാരെ സർവകലാശാല നൽകും. രാജി വയ്‌ക്കേണ്ട സാഹചര്യമുണ്ടായാൽ ചാൻസലർ സർക്കാരിന്‌ രേഖാമൂലം അറിയിപ്പ്‌ നൽകണം. സാന്മാർഗിക ദൂഷ്യം ഉൾപ്പെടുന്ന കുറ്റത്തിനോ കോടതി തടവ് ശിക്ഷയ്‌ക്ക് വിധിക്കുന്ന കുറ്റത്തിനോ ചാൻസലറെ നീക്കം ചെയ്യാനും  സർക്കാരിന്‌ അധികാരമുണ്ടാകും. പെരുമാറ്റ ദൂഷ്യമുൾപ്പെടെയുള്ള ആരോപണങ്ങളുണ്ടായാൽ സുപ്രീംകോടതി അല്ലെങ്കിൽ ഹൈക്കോടതി റിട്ട. ജഡ്‌ജി അന്വേഷണം നടത്തിയുള്ള റിപ്പോർട്ടിന്മേൽ നടപടിയെടുക്കാം.

വൈസ്ചാൻസലർ പദവിയിൽ താൽക്കാലിക ഒഴിവുണ്ടായാൽ പ്രൊ വൈസ്ചാൻസലർക്ക് ചുമതല നൽകണം. പ്രൊ വൈസ്ചാൻസലറുടെ അഭാവത്തിൽ മറ്റേതെങ്കിലും സർവകലാശാല വൈസ്ചാൻസലർക്ക് ചുമതല നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top