19 April Friday

സംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ കാലതാമസമുണ്ടാകുന്ന വിഷയങ്ങള്‍ അപൂര്‍വ്വം; ഒറ്റപ്പെട്ടവ പര്‍വതീകരിക്കുന്നു: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023

തിരുവനന്തപുരം> കേരളത്തില്‍ സംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍  കാലതാമസമുണ്ടാകുന്നതുപോലുള്ള വിഷയങ്ങള്‍ ഇന്ന്  വളരെ അപൂര്‍വ്വമാണെന്നും  ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇപ്പോഴും പര്‍വതീകരിക്കപ്പെടുന്നുവെന്നും വ്യവസായ മന്ത്രി  പി രാജീവ്. സംരംഭകനായ സനല്‍കുമാറിന്റെ എസ് കെ ഡയഗണോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

 മൂന്നരക്കോടി മുതല്‍മുടക്കില്‍ പത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന എസ് കെ ഡയഗണോസ്റ്റിക് സെന്ററിന് അനുമതി ലഭിക്കാന്‍ ചില തടസങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ഹരിപ്പാട് നിന്നുള്ള സംരംഭകനായ സനല്‍കുമാര്‍ ഓഫീസിലേക്ക് കത്തെഴുതിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഒരു വര്‍ഷത്തോളമായി ലഭിക്കാതിരുന്ന അനുമതികള്‍ 90 ദിവസത്തിനുള്ളില്‍ ലഭ്യമായി.

സനലിന്റെ ആഗ്രഹപ്രകാരം ഇന്ന് അദ്ദേഹത്തിന്റെ സംരംഭമായ എസ് കെ ഡയഗണോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയാണ്. സംരംഭം കൂടുതല്‍ ഉയരങ്ങളിലെത്തട്ടെ എന്ന് ഈ ഘട്ടത്തില്‍ ആശംസിക്കുന്നു.

 പൊതുവായി നമ്മുടെ നാട്ടിലുണ്ടാകുന്ന നിക്ഷേപസൗഹൃദമായ മാറ്റം പൊതുബോധമായി മാറിയിട്ടില്ല. മാറിയ കേരളം വ്യവസായ സൗഹൃദമാണ് എന്ന കാര്യം കൂടി ജനങ്ങളിലേക്കെത്തിക്കാന്‍ നമുക്ക് സാധിക്കണം. 10 മാസങ്ങള്‍ക്കുള്ളില്‍ 1,25,000 സംരംഭങ്ങള്‍ ആരംഭിച്ചത് പൊതുവേ കേരളം നിക്ഷേപ സൗഹൃദമാണെന്നതിന് ഉദാഹരണമാണ്.

വ്യവസായത്തില്‍ കേരളം ഇനി കൊച്ചുകേരളമല്ല എന്നും സംരംഭകരെ ചേര്‍ത്തുപിടിച്ചുകൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന നിക്ഷേപ സൗഹൃദ കേരളമാണെന്നും ജനങ്ങള്‍ക്ക് മനസിലാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ കൊണ്ട് സാധ്യമാകുന്നുണ്ടെന്നതിന്റെ ഉദാഹരണം കൂടിയാണിത്. 13 ജില്ലകളിലായി നടന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയിലൂടെ ലഭിച്ച 1471 പരാതികളില്‍ 75% പരാതികളും പരിഹരിക്കാന്‍ സാധിച്ച കാര്യവും ഈ അവസരത്തില്‍ നിങ്ങളെ അറിയിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top