29 March Friday

സർക്കാർ മൊഫിയയുടെ കുടുംബത്തിന്റെ വികാരത്തിനൊപ്പം: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

കൊച്ചി > പൊലീസിനെ ജനകീയ പൊലീസ്‌ ആക്കുകയെന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ പൊതുസമീപനമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന്റെ വികാരത്തിനൊപ്പമാണ്‌ സർക്കാർ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കും.

ഭർതൃപീഡനത്തെ തുടർന്ന്‌ ആത്‌മഹത്യചെയ്‌ത മോഫിയ പർവീണിന്റെ വീട്‌ വെള്ളിയാഴ്‌ച രാവിലെ സന്ദർശിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചു. അവിടെവച്ചു തന്നെ താനും പെൺകുട്ടിയുടെ ബാപ്പയും മുഖ്യമന്ത്രിയുമായി സംസാരിച്ചു. ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ടുപോകുമെന്ന ഉറപ്പ്‌ മുഖ്യമന്ത്രി നൽകി. അതോടൊപ്പം, ആരോപണവിധേയനായ സി ഐയ്‌ക്കെതിരെ പ്രാഥമിക നടപടി സ്വീകരിച്ചു. റിപ്പോർട്ട്‌ കിട്ടിക്കഴിഞ്ഞ്‌ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്‌ക്ക്‌  മുൻപ്‌ ഇക്കാര്യം തീരുമാനിക്കുകയാണെങ്കിൽ അത്‌ തങ്ങൾക്കെല്ലാം ആശ്വാസമായിരിക്കുമെന്ന്‌ പെൺകുട്ടിയുടെ ഉമ്മ പറഞ്ഞു. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

സിഐയെ സസ്‌പെൻഡ്‌ ചെയ്യാൻ സർക്കാർ തീരുമാനിച്ചു. അന്വേഷണം ശക്‌തമായി മുന്നോട്ടുപോകുന്നു. നല്ലൊരു വിഭാഗം പൊലീസുകാരും നന്നായി പെരുമാറുന്നവരാണ്‌. എന്നാൽ മറ്റുചിലരും പൊലീസ്‌ സേനയിലുണ്ട്‌. അവരാണ്‌ പ്രശ്‌നമുണ്ടാക്കുന്നതെന്ന്‌ പെൺകുട്ടിയുടെ ബാപ്പ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ഈ പ്രശ്‌നം ഇല്ലാതാക്കുന്നതിനുള്ള നടപടിയാണ്‌ ആഭ്യന്തര വകുപ്പ്‌ സ്വീകരിക്കുന്നതെന്ന്‌ പി രാജീവ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top