28 March Thursday
കേന്ദ്രീകൃത പരിശോധനാ സംവിധാനം ആഗസ്‌ത്‌ ഒന്നിന്‌ നിലവിൽ വരും

പൊതുമേഖലയ്ക്ക് നക്ഷത്രപദവി ; നിയമനം റിക്രൂട്ട്‌മെന്റ്‌ 
ബോർഡിന്‌ : പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021


തിരുവനന്തപുരം
പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ നിയമനവും റിക്രൂട്ട്‌മെന്റ്‌ ബോർഡിന്‌ വിടുമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു. കരട്‌ ബിൽ തയ്യാറായി. എംഡിമാരുടെ  നിയമനത്തിന്‌ റിട്ടയേർഡ്‌  ജസ്‌റ്റിസ്‌ അധ്യക്ഷനായ സെലക്‌ഷൻ കമ്മിറ്റി രൂപീകരിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ സ്‌റ്റാർ പദവി ഏർപ്പെടുത്തും. എല്ലാ നിയമവും അനുസരിക്കുന്നവയ്‌ക്ക്‌ പഞ്ചനക്ഷത്ര പദവി നൽകും. ഗ്രേഡിങ്‌ ചുമതല സർവകലാശാലകൾക്കാകും. പൊതുമേഖലാ സ്ഥാപനങ്ങളുടെ കരട്‌ മാസ്‌റ്റർ പ്ലാൻ ഒരു മാസത്തിനകം തയ്യാറാക്കും. ആഗസ്‌ത്‌ പതിനഞ്ചിനകം അവസാന രൂപം നൽകുമെന്നും മന്ത്രി ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടിയായി പറഞ്ഞു. സംരംഭങ്ങൾക്കുള്ള എല്ലാ ലൈസൻസും ഒരു കേന്ദ്രത്തിൽനിന്ന്‌ നൽകുന്ന സോഫ്‌റ്റ്‌വെയർ അധിഷ്‌ഠിത സംവിധാനം വരും. കരട്‌ ബിൽ തയ്യാറായി. ഈ സഭാ സമ്മേളനത്തിൽത്തന്നെ നിയമമാക്കാനാണ്‌ ശ്രമം. കേന്ദ്രീകൃത പരിശോധനാ സംവിധാനം ആഗസ്‌ത്‌ ഒന്നിന്‌ നിലവിൽ വരും, 31ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.  സംരംഭകർക്ക്‌ ഉൽപ്പന്നങ്ങൾ  ഓൺലൈനായി വിൽക്കാനുള്ള  സംവിധാനം കൊണ്ടുവരും.

തൊഴിൽ മേഖലയിൽനിന്ന്‌ മാറ്റി വ്യവസായം അടിസ്ഥാനമാക്കി പുതിയ പ്ലാന്റേഷൻ നയം കൊണ്ടുവരും. കയർ, കശുവണ്ടി മേഖലയിൽ വൻ വികസനമുണ്ടായി. 2016ൽ 7880 ടൺ കയറാണ്‌ ഉൽപ്പാദിപ്പിച്ചതെങ്കിൽ ഇപ്പോൾ 26,500 ടണ്ണായി. 30,00 ടണ്ണായി ഉയർത്തും. വ്യവസായ അനുബന്ധ കോഴ്‌സുകൾ ആരംഭിക്കും. ഇവിടത്തെ അഭ്യസ്തവിദ്യർക്ക്‌ കൂടുതൽ തൊഴിൽ കിട്ടുന്ന വ്യവസായ സംരംഭങ്ങളാണ്‌ വേണ്ടത്‌. സിമന്റ്‌ ഉൽപ്പാദനം കേരളത്തിൽ വർധിപ്പിക്കുമെന്നും വിലക്കയറ്റം തടയുമെന്നും  മന്ത്രി രാജീവ്‌ പറഞ്ഞു.
 

സ്‌റ്റാർട്ടപ്പിൽ കേരളത്തെ ഒന്നാമതാക്കും
സ്‌റ്റാർട്ടപ്പിൽ കേരളം രാജ്യത്ത്‌ മൂന്നാം സ്ഥാനത്താണ്‌, ഇവ ഒന്നാമതാക്കും. സംരംഭങ്ങളുടെ രാഷ്‌ട്രീയം നോക്കില്ല. നിക്ഷേപത്തിന്‌ എല്ലാ പ്രോൽസാഹനവും നൽകും. എങ്ങനെയെങ്കിലും വ്യവസായം നടത്തലല്ല, നിയമങ്ങൾക്ക്‌ അനുസൃതമായുള്ള വ്യവസായമാണ്‌ നയം. എല്ലാ പാരിസ്ഥിതിക, തൊഴിൽ നിയമവും അംഗീകരിക്കണം. അസൻഡ്‌ കേരള നിക്ഷേപസംഗമത്തിൽ വന്ന  നിക്ഷേപ–-വാഗ്‌ദാനത്തിൽ മഹാമാരി കാലമായിട്ടും 12 ശതമാനം നടപ്പാക്കി. 40 ശതമാനത്തിന്റെ പ്രവൃത്തി നടക്കുന്നു. 18 ശതമാനമാണ്‌ വിവിധ കാരണങ്ങളാൽ ഒഴിവാക്കിയത്‌. ബാക്കി വിവിധ ഘട്ടങ്ങളിലാണ്‌. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിന്റെ ഭാഗമായി നടപ്പാക്കാൻ പറഞ്ഞതിൽ  94 ശതമാനം ഈ വർഷം പൂർത്തിയായി.

ഉത്തരവാദിത്ത നിക്ഷേപ
കേന്ദ്രമായി കേരളം മാറും
ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമായി മാറാൻ കേരളത്തിനാകുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. പാരിസ്ഥിതിക അവബോധമുള്ള ജനത,  മികച്ച മാനവശേഷി തുടങ്ങിയവ കേരളത്തിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ വർഷം ലോകത്തുണ്ടായ നിക്ഷേപത്തിൽ നാലിലൊന്നും ഉത്തരവാദിത്ത നിക്ഷേപമാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. 

ഈസ് ഓഫ് ഡൂയിങ് ബിസിനസ്  റാങ്ക്‌ നിർണയിക്കുന്നതിലെ വിയോജിപ്പ്‌ മുഖ്യമന്ത്രിതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പരിഷ്‌കാരങ്ങൾ ഒന്നുപോലും നടപ്പാക്കാത്ത കേന്ദ്രഭരണ പ്രദേശത്തിനായിരുന്നു കഴിഞ്ഞതവണ 15–-ാം സ്ഥാനം. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ നിലയുടെ അടിസ്ഥാനത്തിൽ ജിഡിപിയുടെ രണ്ട് ശതമാനംവരെ വായ്പയെടുക്കാൻ അനുമതി ലഭിച്ച എട്ട് സംസ്ഥാനത്തിൽ കേരളവുമുണ്ട്‌. 2016 മുതൽ 70,067 എംഎസ്എംഇ യൂണിറ്റ്‌ പുതുതായി രജിസ്റ്റർ ചെയ്തു. ഇത്‌ റെക്കോഡാണ്‌–-  മന്ത്രി പറഞ്ഞു.

വ്യവസായ ചട്ടം പരിഷ്‌കരിക്കാൻ സമിതി
കാലഹരണപ്പെട്ട വ്യവസായ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവായി. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്‌റ്റഡീസ് വൈസ് ചാൻസലർ ഡോ. കെ സി സണ്ണിയാണ് സമിതി അധ്യക്ഷൻ.നിയമപരിഷ്‌കാര കമീഷൻ വൈസ് ചെയർമാൻ കെ ശശിധരൻ നായർ, കേന്ദ്ര സർക്കാർ മുൻ സെക്രട്ടറി ടി നന്ദകുമാർ എന്നിവരാണ്‌ അംഗങ്ങൾ. വ്യവസായ സംഘടനകൾ, ചേംബറുകൾ തുടങ്ങിയവയുമായി ചർച്ചചെയ്‌ത്‌ മൂന്നു മാസത്തിനകം  റിപ്പോർട്ട്‌ നൽകും. വ്യവസായ നടത്തിപ്പ് ദുഷ്‌കരമാക്കുംവിധം  പ്രാബല്യത്തിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും പരിഷ്കരിച്ച് കാലാനുസൃതമാക്കുകയാണ്‌ സമിതിയുടെ ചുമതല.  പ്രവർത്തനത്തിനാവശ്യമായ സൗകര്യം കെഎസ്ഐഡിസി ഒരുക്കും.
ഈസ് ഓഫ് ഡൂയിങ്‌ ബിസിനസ് നയത്തിന്റെ ഭാഗമായി, സംരംഭകർ നടപ്പാക്കേണ്ടതും പാലിക്കേണ്ടതുമായ വ്യവസ്ഥകളും അവ ലംഘിച്ചാലുള്ള ശിക്ഷകളും ലഘൂകരിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top