25 April Thursday

കോവിഡ്: ഖാദി ഉല്‍പാദന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനും തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുവാനും ശ്രമിച്ചു: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

തിരുവനന്തപുരം>   കോവിഡും ലോക്ക്ഡൗണും  പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, ഖാദി ഉല്‍പാദന കേന്ദ്രങ്ങള്‍ കഴിവതും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുറന്ന് പ്രവര്‍ത്തിപ്പിക്കാനും തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുവാനും ശ്രമിച്ചിരുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ്.  ഖാദി, കൈത്തറി, ബീഡി തെറുപ്പ് ഉള്‍പ്പെടെയുള്ള അസംഘടിത തൊഴില്‍ മേഖലയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാന്‍ പുനരുദ്ധാരണ പാക്കേജ് നല്‍കുന്നത്  സംബന്ധിച്ച്  കെ കെ ശൈലജ  എംഎല്‍എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന്   മറുപടി  നല്‍കുകയായിരുന്നു അദ്ദേഹം

കോവിഡ്-19 മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ട ഖാദി തൊഴിലാളികള്‍ക്ക് മിനിമം വേതന പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ച 22 കോടി രൂപ 12500 തൊഴിലാളികള്‍ക്കായി വിതരണം ചെയ്തു.  കോവിഡ്-19 ബാധിച്ച തൊഴിലാളി/കുടുംബാംഗങ്ങള്‍ക്ക് 2000 രൂപാ വീതം ഇപ്പോഴും നല്‍കുന്നു.  ആയത് തുടര്‍ന്ന് വരുന്നു. കൂടാതെ എല്ലാ ഖാദി ഗ്രാമ വ്യവസായ തൊഴിലാളികള്‍ക്കും 1000 രൂപ വീതം വിതരണം ചെയ്തു.  

2020 ഓണക്കാലത്ത്  സര്‍ക്കാര്‍ അനുവദിച്ച ഉത്സവ ബത്തയായി 1500 രൂപയ്ക്ക് പുറമെ എല്ലാ ഖാദി  ഗ്രാമ വ്യവസായ തൊഴിലാളികള്‍ക്കും 250 രൂപാ വീതം അധികം നല്‍കി. ഖാദിയുടെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 1000  രൂപ വീതം 2 പ്രാവശ്യം അനുവദിച്ചു. കോവിഡ്-19 മഹാമാരിയുടെ ആദ്യ തരംഗം മൂലം കൈത്തറി മേഖലയില്‍ നൂലിന് ക്ഷാമം, തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം, വിപണനത്തില്‍ കുറവ് എന്നിവ അനുഭവപ്പെടുകയും സ്‌കൂള്‍ യൂണിഫോം പദ്ധതിയിലൂടെ നെയ്ത്ത് ജോലികള്‍ പുരാരംഭിക്കുകയും ചെയ്തു.

ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച 56 ദിവസത്തെ റിബേറ്റ് ദിനങ്ങള്‍ക്ക് പുറമേ 50 ദിനങ്ങള്‍ സ്‌പെഷ്യല്‍ റിബേറ്റ് ആയി അനുവദിച്ചിരുന്നു. എല്ലാ നെയ്ത്ത് തൊഴിലാളികള്‍ക്കും ക്ഷേമനിധി ബോര്‍ഡു വഴി ധനസഹായം വിതരണം നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ടെക്‌സ്‌റ്റൈല്‍സ് മേഖലയുടെ പുനരുദ്ധാരണത്തിനായി പ്രത്യേക പാക്കേജിന് അംഗീകാരം നല്‍കുകയും ആയതിലേയ്ക്ക് 02.05.2020 ലെ സ.ഉ(സാധാ)നം.352/2020/വ്യവ. പ്രകാരം 74.35 കോടി രൂപ അനുവദിച്ച് നല്‍കി
       
    കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ദിനേശ് ബീഡി സംഘത്തിലെ ആകെയുള്ള 4000 തൊഴിലാളികള്‍ക്ക് 2 വര്‍ഷത്തേയ്ക്ക്  2,59,668 തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുകയും കൂലിയിനത്തില്‍ 7.73 കോടി രൂപയുടെ വരുമാന നഷ്ടം സംഭവിക്കുകയും ചെയ്തു.  ഓരോ തൊഴിലാളികള്‍ക്കും 14 ദിവസം ജോലിയ്ക്ക് ഹാജരാകാന്‍ പറ്റാതെ വരികയും ചെയ്തു.  ഈ പ്രതിസന്ധിയില്‍ ബീഡി തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി ദിനേശ് ബീഡി സമര്‍പ്പിച്ച പദ്ധതികള്‍ക്കായി 5 കോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top