29 March Friday

സർക്കാരിന്റേത് ജനപക്ഷത്ത് നിന്നുള്ള പ്രവർത്തനങ്ങൾ: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023

കൊച്ചി > ജനപക്ഷത്ത് നിന്നുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയോടനുബന്ധിച്ച് കളമശ്ശേരി നഗരസഭയിലെ 39-ാമത് ഡിവിഷനിൽ പ്രവർത്തിക്കുന്ന പൊതുവിതരണ കേന്ദ്രം കെ- സ്റ്റോർ ആയി ഉയർത്തുന്നതിൻ്റെ  ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കെ സ്റ്റോർ എന്നത് നവീനമായ ആശയമാണ്. ജില്ലയിൽ ആറ് പൊതുവിതരണ കേന്ദ്രങ്ങളാണ് കെ സ്റ്റോറായി ഉയർത്തുന്നത്. കെ സ്റ്റോറുകളിൽ ശബരി, സപ്ലൈകോ ഉൽപ്പന്നങ്ങൾക്ക് പുറമേ പ്രദേശത്ത് ഉണ്ടാക്കുന്ന സാധനങ്ങൾ കൂടി വിൽപ്പനയ്‌ക്കായി എത്തിക്കുന്ന  കാര്യം കൂടി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ടാം വാർഷികത്തിൽ കളമശ്ശേരി മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.

വ്യവസായ വകുപ്പ്, കൊച്ചിൻ യൂണിവേഴ്‌സിറ്റി, വിദേശ യൂണിവേഴ്‌സിറ്റികൾ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സയൻസ് പാർക്കിൻ്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. അങ്കണവാടികളെ ഇൻ്റർനാഷണൽ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ലൈബ്രറികളിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഒരു കോടിയുടെ പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പിലാക്കുന്നത്. പൊതു ഇടങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പത്ത് കോടിയുടെ  പദ്ധതിയും നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റേഷൻ സാധനങ്ങൾക്ക് പുറമെ സപ്ലൈകോ ശബരി ഉത്പന്നങ്ങൾ, അക്ഷയ, ബാങ്കിങ് സേവനങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് കെ സ്റ്റോറിന്റെ ലക്ഷ്യം.

കളമശ്ശേരി നഗരസഭ ചെയർപേഴ്‌സൺ സീമ കണ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ബി ജയശ്രീ, കണയന്നൂർ താലൂക്ക് സപ്ലൈ ഓഫീസർ എസ് സ്മിത, സിവിൽ സപ്ലൈസ് വകുപ്പ് ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top